ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2026 ഫൈനൽ മത്സരത്തിൽ ആർസിബി ബൗളർ രസിഖ് സലാമിന്‍റെ വിക്കറ്റ് ആഘോഷം.

 
IPL

ഗുജറാത്ത് ടൈറ്റാനിക് ആയി

ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രം

VK SANJU

അഹമ്മദാബാദ്: വെറും മൂന്ന് ബാറ്റർമാരുമായി ട്വന്‍റി20 ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന ചൂതാട്ടം ഒടുവിൽ ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടിയായി. ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രം.

ടീമിലെ മൂന്ന് അംഗീകൃത ബാറ്റർമാരായ ശുഭ്മൻ ഗിൽ (12), സായ് സുദർശൻ (10), ജോസ് ബട്‌ലർ (19) എന്നിവർ പരാജയമായപ്പോൾ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്‍റെ പോരാട്ടവീര്യമാണ് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 37 പന്ത് നേരിട്ട വാഷിങ്ടൺ അഞ്ച് ഫോർ ഉൾപ്പെടെ 50 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഗില്ലിനും സുദർശനും ചെറിയ സ്കോറിൽ പുറത്തായതോടെ ഈ ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ഉറപ്പായി. 776 റൺസാണ് 16 മത്സരങ്ങളിൽ സൂര്യവംശി സ്വന്തമാക്കിയത്. ഗിൽ 732 റൺസും സുദർശൻ 722 റൺസുമാണ് നേടിയത്.

മൂന്നാം ഓവറിൽ തന്നെ ഗില്ലിനെ നഷ്ടമായതോടെ നിഷാന്ത് സിന്ധുവിനെയാണ് ഗുജറാത്ത് കളത്തിലിറക്കിയത്. 20 റൺസാണ് യുവ ഓൾറൗണ്ടർക്ക് നേടാനായത്. ഇടങ്കയ്യൻ പേസർ അർഷദ് ഖാന് ആറാം നമ്പറിലേക്കും പ്രൊമോഷൻ കിട്ടി. രണ്ട് സിക്സർ പറത്തിയെങ്കിലും 15 റൺസിന്‍റെ ആയുസേ ആ പരീക്ഷണത്തിനും ഉണ്ടായിരുന്നുള്ളൂ.

മറ്റ് ഓൾറൗണ്ടർമാരായ രാഹുൽ തേവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർക്ക് ഏഴ് റൺസ് വീതം കിട്ടി. 27 റൺസ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് നേടിയ പേസ് ബൗളർ രസിഖ് സലാമാണ് ആർസിബി ബൗളർമാരിൽ മികച്ചു നിന്നത്. ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രുനാൽ പാണ്ഡ്യക്ക് ഒരു വിക്കറ്റ്.

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: പ്രിൻസിപ്പലിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

വേനലവധി കഴിഞ്ഞു, സ്കൂളുകൾ തുറക്കുന്നു