അവർ അസൂയാലുക്കൾ, മികച്ചതൊന്നും അർഹിക്കുന്നില്ല; റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിൽ സഹോദരി

 
Sports

"അവർ അസൂയാലുക്കൾ, മികച്ചതൊന്നും അർഹിക്കുന്നില്ല"; റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിൽ സഹോദരി

റൊണാൾഡോ ആരാധകന്‍റെ പോസ്റ്റാണ് എൽമ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്

Manju Soman

ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീം ക്യാമ്പ് വിട്ടത് വലിയ വാർത്തയായിരുന്നു. പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റൊണാൾഡോയുടെ സഹോദരി എൽമ അവെയ്റോ. പോർച്ചുഗൽ ടീമിനെയും പോർച്ചുഗൽ മാധ്യമങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ഒരു റൊണാൾഡോ ആരാധകന്‍റെ പോസ്റ്റാണ് എൽമ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

'പോർച്ചുഗീസ് ടീം മികച്ചതൊന്നും അർഹിക്കുന്നില്ല. അവർ അസൂയാലുക്കളും അറിവില്ലാത്തവരുമാണ്. പുച്ഛത്തോടെയാണ് എല്ലാത്തിനെയും അവർ കാണുന്നത്. ക്രിസ്റ്റ്യാനോയ്ക്കു മുൻപ് നമ്മൾ ഒരു ശരാശരി ടീമായിരുന്നു. ഇനി നമുക്ക് അതിലേക്ക് തന്നെ മടങ്ങാം. എല്ലാത്തിനും നന്ദി ക്രിസ്റ്റ്യാനോ'- എന്നായിരുന്നു ആരാധകന്‍റെ പോസ്റ്റ്. ഇത് പങ്കുവച്ചുകൊണ്ട് 'എല്ലാം പറഞ്ഞു കഴിഞ്ഞു' എന്നാണ് എൽമ കുറിച്ചത്.

പരിശീലകൻ ഹോർഹെ ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടീം വിടാനുള്ള തീരുമാനം റൊണാൾഡോ വ്യക്തമാക്കിയത്. ദേശീയ ടീം പരിശീലകന്‍റെ വാർത്താസമ്മേളനത്തിനു പിന്നാലെയും പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റുമായി നടത്തിയ സംഭാഷണത്തിനുശേഷവും ദേശീയ ടീമിന്‍റെ ക്യാമ്പ് വിടാൻ താൻ തീരുമാനിച്ചു. തന്നെ ഇതിന് പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് യഥാസമയം എല്ലാ പോർച്ചുഗീസ് ജനങ്ങളോടും സത്യം പറയുമെന്ന് റൊണാൾഡോ വ്യക്തമാക്കി. എപ്പോഴും ആത്മാർഥമായി സേവിച്ച ദേശീയ ടീമിനും സഹതാരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്രിസ്റ്റ്യാനോ കുറിച്ചു.