ഡേവിഡ് വാർണർ

 
Sports

പന്ത് ചുരണ്ടൽ വിവാദം; 3 പ്രധാന താരങ്ങളെ വലിച്ചിഴച്ച് ഡേവിഡ് വാർണർ

അന്വേഷണത്തിന്‍റെ ഭാഗമായി ചോദ‍്യം ചെയ്തതായി തനിക്ക് അറിവില്ലെന്നാണ് വാർണർ പറയുന്നത്

Aswin AM

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വലിയ വിവാദങ്ങളിലൊന്നായിരുന്നു 2018ലെ പന്ത് ചുരണ്ടൽ വിവാദം. മുൻ താരം ഉസ്മാൻ ഖവാജയുടെ ആത്മകഥ പുറത്തിറങ്ങിയതോടെ വീണ്ടും ഈ വിഷയം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ഇക്കാര‍്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ. ഓസ്ട്രേലിയൻ ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നേഥൻ ലിയോൺ എന്നിവരെ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ‍്യം ചെയ്തതായി തനിക്ക് അറിവില്ലെന്നാണ് വാർണർ പറയുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് വാർണർ രംഗത്തെത്തിയത്. ആരെയാണ് കുറ്റക്കാരാക്കേണ്ടതെന്ന് അവർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും ആ ലക്ഷ‍്യം നിറവേറ്റാൻ മോശമായ രീതിയിൽ അന്വേഷണം നടത്തുകയും ബൗളർമാർക്ക് ഇതേപറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല എന്ന പ്രചാരണം നിലനിർത്താൻ വേണ്ടിയാണ് അവർ ഇപ്പോൾ ശ്രമിക്കുന്നതെന്നും വാർണർ ആരോപിച്ചു.

ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിങ്ങനെ ശിക്ഷിക്കപ്പെട്ട താരങ്ങൾ കൂടാതെ മറ്റു ചില താരങ്ങൾക്കും പന്ത് ചുരണ്ടലിനെ പറ്റി അറിയാമായിരുന്നുവെന്നാണ് ഖവാജ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തിയത്. എന്നാൽ‌ ഖവാജയുടെ വാദം തെറ്റാണെന്ന് ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ കമ്മിൻസ് വ‍്യക്തമാക്കിയിരുന്നു.