യുവരാജ് സിങ്ങും സൗരവ് ഗാംഗുലിയും
കോൽക്കത്ത: ഇത്തവണത്തെ സയീദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബംഗാളിനു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരങ്ങളെ ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസിലെത്തിക്കാൻ നീക്കം. ഇതിനായി ഡിസംബർ 4 മുതൽ നാലുദിവസത്തേക്ക് കോൽക്കത്തയിൽ സെലക്ഷൻ ട്രയൽസ് നടത്താനാണ് ടീമിന്റെ പദ്ധതി.
മികച്ച താരങ്ങളെ ഇതിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനെജ്മെന്റ്. സോൾട്ട് ലേക്കിലെ ജാദവ്പുർ സർവകലാശാല സെക്കൻഡ് ക്യാംപസ് ഗ്രൗണ്ടിലോ കരുണാമോയിയിലെ അക്കാഡമി ഗ്രൗണ്ടിലോ വച്ചായിരിക്കും സെലക്ഷൻ ട്രയൽസ് നടത്തുക. ഡൽഹി ക്യാപ്പിറ്റൽസിന്റെ മുഖ്യ പരിശീലകൻ സൗരവ് ഗാംഗുലി, ബാറ്റിങ് കോച്ചായ യുവരാജ് സിങ് എന്നിവർ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കോൽക്കത്തയിലേക്ക് യാത്ര തിരിക്കും.
ഡിസംബറിൽ ഗോവയിൽ വച്ച് നടക്കാനിരിക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ നിന്നും 10 പേരെ ഡൽഹി ക്യാപ്പിറ്റൽസ് ഒഴിവാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സമീർ റിസ്വി അടക്കമുള്ളവർ നിലവിൽ ടീമിന്റെ ഭാഗമാണെങ്കിലും കൂടുതൽ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനായിരിക്കും ഡൽഹി ക്യാപ്പിറ്റൽസ് ലക്ഷ്യമിടുന്നത്.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്നും 7.09 ബൗളിങ് എക്കണോമിയിൽ 13 വിക്കറ്റുകൾ വീഴ്ത്തിയ പേസർ സയാൻ ഘോഷ്, കരൺ ലാൽ, കനിഷ്ക് സേത്, ബാറ്റർ സുദീപ് കുമാർ ഗരാമി എന്നിവർ ട്രയൽസിൽ പങ്കെടുത്തേക്കും.