ആയുഷ് ബദോനി
റാഞ്ചി: ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ഡൽഹി ക‍്യാപ്റ്റൻ ആയുഷ് ബദോനി. 228 പന്തുകൾ നേരിട്ട താരം 19 ബൗണ്ടറിയും 3 സിക്സും അടക്കം 210 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇതോടെ ഇത്തവണത്തെ രഞ്ജി ട്രോഫി സീസണിൽ തന്‍റെ മൂന്നാം മത്സരത്തിൽ താരം 500 റൺസ് പിന്നിട്ടു. നേരത്തെ ബംഗാളിനെതിരായ ആദ‍്യ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 108 റൺസും പിന്നീട് ഗുജറാത്തിനെതിരായ മത്സരത്തിൽ 246 പന്തിൽ 217 റൺസുമാണ് ആയുഷ് അടിച്ചെടുത്തത്.
ഇതിനു പിന്നാലെയാണിപ്പോൾ വീണ്ടും ഇരട്ട സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരിക്കുന്നത്. ആയുഷ് ബാറ്റ് ചെയ്യാനെത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്നു ഡൽഹി. ഇരട്ട സെഞ്ചുറി നേടിയതോടെ അത് 515 റൺസായി ഉയർന്നു. ഈ സീസണിൽ 172 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഇതുവരെ കളിച്ച 42 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിൽ നിന്നും 11 അർധസെഞ്ചുറിയും 6 സെഞ്ചുറിയും അടക്കം 2,426 റൺസുണ്ട് താരത്തിന്.
നിലവിൽ ഇന്ത‍്യൻ ടീമിലേക്ക് വിളിയെത്തിയിട്ടില്ലെങ്കിലും ഭാവിയിൽ താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത കർണാടക താരം യഷ് റാത്തോഡിന് ഇന്ത‍്യ എ ടീമിൽ അവസരം ലഭിച്ചിരുന്നു. ഇരുവരും മധ‍്യനിര ബാറ്റർമാരാണ്. എന്നാൽ ആയുഷ് ബദോനി അത‍്യാവശ‍്യം സ്പിൻ എറിയുമെന്നതിനാൽ താരത്തിനായിരിക്കും ആദ‍്യ പരിഗണന.