വിരാട് കോലി, രോഹിത് ശർമ
ന‍്യൂഡൽഹി: ടെസ്റ്റ്, ടി20 ഫോർമാറ്റിൽ നിന്നും വിരമിച്ച രോഹിത് ശർമയും വിരാട് കോലിയും നിലവിൽ ഏകദിനത്തിൽ മാത്രമാണ് സജീവമായി കളിക്കുന്നത്. കരിയറിന്‍റെ അവസാന ഘട്ടത്തിലായ ഇരുവരും അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ ഏകദിനത്തിൽ തുടർന്നേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇപ്പോഴിതാ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും സെലക്റ്ററുമായിരുന്ന ചേതൻ ശർമ. 'ആളുകൾ നൂറു കാര‍്യങ്ങൾ പറയുന്നുണ്ടെന്ന് എനിക്ക് മനസിലാകും. ഞാനുമൊരു ക്രിക്കറ്റ് താരമായിരുന്നു, അതിനാൽ ക്രിക്കറ്റ് താരമെന്ന നിലയ്ക്ക് ഞാൻ അവരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. രോഹിത് ശർമയും വിരാട് കോലിയും ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങളാണ്.
പ്രായം വെറുമൊരു സംഖ‍്യയാണ്. അവർ മികച്ചതാണെങ്കിൽ എന്തുകൊണ്ട് അവർക്ക് തുടരാൻ കഴിയില്ല. ഞാനും ഒരു സെലക്റ്ററായിരുന്നു. രോഹിത് അടുത്തിടെ സെഞ്ചുറി നേടിയിരുന്നു. വിരാട് എല്ലാ മത്സരങ്ങളിലും ഓരോന്ന് വീതം നേടുന്നു. പിന്നെ എന്താണ് പ്രശ്നം? മത്സരങ്ങൾ വിജയിപ്പിക്കാൻ കെൽപ്പുള്ളവരെയാണ് നമുക്ക് വേണ്ടത്. അവർ രണ്ടുപേരും ഇതിന് പറ്റിയവരാണ്'. ചേതൻ ശർമ ഒരു പ്രമുഖ മാധ‍്യമത്തിനോട് പറഞ്ഞു.
രോ-കോ സഖ‍്യം അടുത്ത ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ‍്യത്തിന് അവർ ഫിറ്റാണെങ്കിൽ, റൺസ് നേടുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ആയിക്കൂടാ? ഞാൻ ഈ ചോദ‍്യമാണ് എല്ലാവരോടും ചോദിക്കുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. താൻ ഇന്ത‍്യൻ ക്രിക്കറ്റിന്‍റെ ചീഫ് സെലക്റ്ററായിരുന്ന സമയത്താണ് രോഹിത് ശർമയെ ക‍്യാപ്റ്റനാക്കിയതെന്നും ചേതൻ ശർമ പറഞ്ഞു.