ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആറാം കിക്ക് എടുക്കാൻ നാല് പ്രമുഖ താരങ്ങൾ വിസമ്മതിച്ചു.

 
FIFA World Cup

പെനൽറ്റി എടുക്കാൻ പറഞ്ഞപ്പോൾ മുട്ടിടിച്ച് നിന്നത് 4 ജർമൻ താരങ്ങൾ | Video

പരാഗ്വെയെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ ലിയോൺ ഗോരെറ്റ്‌സ്ക, വാൾഡമർ ആന്‍റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിയാവ് എന്നിവർ കിക്ക് എടുക്കാൻ വിസമ്മതിച്ചതാണ് ജർമനിയുടെ പുറത്താകലിന് വഴിയൊരുക്കിയത്

Sports Desk

ബെർലിൻ: 2026 ഫിഫ ലോകകപ്പിൽ നിന്ന് മുൻ ചാംപ്യന്മാരായ ജർമനി അപ്രതീക്ഷിതമായി പുറത്തായത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. പരാഗ്വെയുമായുള്ള പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി തോൽവി സമ്മതിച്ചത്. എന്നാൽ, മത്സരത്തിൽ പെനൽറ്റി എടുക്കാൻ നാല് മുതിർന്ന താരങ്ങൾ വിസമ്മതിച്ചുവെന്ന റിപ്പോർട്ടാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്. ജർമൻ ടീമിലെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഞ്ച് കിക്കുകൾക്ക് ശേഷം ഇരു ടീമുകളും 3-3 എന്ന നിലയിലായിരുന്നു. തുടർന്ന് 'സഡൻ ഡെത്ത്' ഘട്ടത്തിൽ ആറാം കിക്ക് എടുക്കാൻ ജർമൻ താരങ്ങൾ വിമുഖത കാണിച്ചതോടെയാണ് ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.

ജർമൻ മാധ്യമമായ 'ബിൽഡ്' റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലിയോൺ ഗോരെറ്റ്‌സ്ക, വാൾഡമർ ആന്‍റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിയാവ് എന്നിവരാണ് പെനൽറ്റി എടുക്കാൻ വിസമ്മതിച്ചത്. ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് പലതവണ ആവശ്യപ്പെട്ടിട്ടും, 72 തവണ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ലിയോൺ ഗോരെറ്റ്‌സ്ക അടക്കമുള്ളവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല.

ഇതിനെത്തുടർന്നാണ് തന്‍റെ കരിയറിൽ ആദ്യമായി പെനൽറ്റി എടുക്കാൻ ഡിഫൻഡർ ജോനാഥൻ ടാ നിർബന്ധിതനായത്. അനുഭവപരിചയമില്ലാത്ത ടാ എടുത്ത കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയതോടെ ജർമനി ടൂർണമെന്‍റിൽ നിന്ന് പുറത്താവുകയും ചെയ്തു. കായ് ഹാവെർട്സ്, നിക്ക് വോൾട്ടെമേഡ് എന്നിവർ നേരത്തെ പെനൽറ്റികൾ നഷ്ടപ്പെടുത്തിയിരുന്നു.

തുടർച്ചയായ മൂന്നാം തവണയാണ് ജർമനി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ കടക്കാനാവാതെ പുറത്താകുന്നത്. കുറസാവോയ്ക്കെതിരേ 7-1 എന്ന കൂറ്റൻ ജയത്തോടെ ലോകകപ്പ് തുടങ്ങിയ ടീമിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇക്വഡോറിനോട് 1-2 ന് തോൽവി വഴങ്ങേണ്ടി വരുകയും ചെയ്തു.

ജർമൻ ഫുട്ബോളിന്‍റെ സുവർണകാലം അവസാനിച്ചോ എന്ന വലിയ ചോദ്യമാണ് ഈ തോൽവി ഉയർത്തുന്നത്. ജർമൻ ടീമിലെ അനുഭവസമ്പന്നരായ താരങ്ങൾ പോലും വലിയ സമ്മർദഘട്ടത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയത് ആരാധകരെയും ഫുട്ബോൾ വിദഗ്ധരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. നാഗൽസ്മാന്‍റെ കീഴിലുള്ള ടീം വരും ദിവസങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ചു

തൂഫാൻ വിജയിപ്പിക്കാൻ ഗുണ്ടകളും വേണമെന്ന് സംഘാടകർ; ആ സഹായം വേണ്ടെന്ന് കൊച്ചി പൊലീസ് കമ്മിഷണർ

ചെന്നിത്തലയെ കാണാൻ ഹെൽമറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രൻ; 15 മിനിറ്റ് കൂടിക്കാഴ്ച

35 സെക്കൻഡിൽ ചവിട്ടിയത് 10 തവണ, രോഗിയെ തലയിലും പുറത്തും ചവിട്ടിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ

ബസിൽനിന്ന് തെറിച്ചുവീണ് പരുക്കേറ്റ കന്യാസ്ത്രീ മരിച്ചു