കേപ്പ് വെർദെ ഗോളി വോസീന്യ | മെക്സിക്കോയുടെ ഗിൽബർട്ടോ മോറ

 
FIFA World Cup

ഈ ലോകകപ്പിൽ പ്രായം വെറുമൊരു നമ്പർ!

ഫിഫ ലോകകപ്പ് ആദ്യ ആഴ്ച പിന്നിടുമ്പോൾ, ടൂർണമെന്‍റിലെ പ്രായം കുറഞ്ഞവരും കൂടിയവരുമായ താരങ്ങളുടെ പ്രകടനങ്ങൾ: ഒരു വിലയിരുത്തൽ

Sports Desk

കേപ് വെർദെയുടെ 40 വയസുകാരനായ ഗോൾകീപ്പർ ഈ ലോകകപ്പിലെ താരമായി മാറുമ്പോൾ, സെനഗലിന്‍റെ ഒരു കൗമാരതാരം തന്‍റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി ശ്രദ്ധേയനായി.

48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്‍റ് രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, ഏറ്റവും പ്രായം കൂടിയവരും കുറഞ്ഞവരുമായ ചില താരങ്ങളുടെ പ്രകടനങ്ങൾ പരിശോധിക്കാം.

സീനിയേഴ്സ്

41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് തന്നെ തുടങ്ങാം. ബുധനാഴ്ച കോംഗോയ്‌ക്കെതിരേ 1-1 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഗോൾ നേടാൻ കഴിയാത്തതിൽ ഈ പോർച്ചുഗീസ് താരം നിരാശനായിരിക്കും. ഒരു ലോകകപ്പ് മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിക്കുന്ന പ്രായം കൂടിയ ഔട്ട്ഫീൽഡ് പ്ലെയറായി റൊണാൾഡോ മാറിയെന്ന് ഫിഫ അറിയിച്ചു.

40 വയസുകാരനായ ലൂക്ക മോഡ്രിച്ച് 2018-ലെ ലോകകപ്പ് ഫൈനലിലേക്ക് ക്രോയേഷ്യയെ നയിച്ച താരമാണ്. എന്നാൽ, ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. മോഡ്രിച്ചിന്‍റെ ഫൗളാണ് ഹാരി കെയ്നിന്‍റെ പെനാൽറ്റി ഗോളിന് വഴിയൊരുക്കിയത്. 4-2ന് തോറ്റ മത്സരത്തിൽ ഒരു മണിക്കൂർ തികയുന്നതിനു മുൻപേ ഈ മികച്ച മിഡ്ഫീൽഡറെ കോച്ച് പിൻവലിച്ചു.

ലോകകപ്പ് ടീമുകളിൽ 40 വയസുള്ള നിരവധി ഗോൾകീപ്പർമാരുണ്ട്. ജർമനിയുടെ മാനുവൽ നോയർ അവരിൽ ഏറ്റവും പ്രശസ്തനായിരിക്കാം, എന്നാൽ കേപ് വെർദെയുടെ വോസീന്യയും ഇപ്പോൾ ശ്രദ്ധാകേന്ദ്രമാണ്. സ്‌പെയിനെതിരെ 0-0 സമനില പിടിക്കുന്നതിൽ ഈ ഗോൾകീപ്പർ വലിയ പങ്ക് വഹിച്ചു. ഞായറാഴ്ച മയാമിയിൽ ഉറുഗ്വെക്കെതിരേ നടക്കുന്ന അടുത്ത മത്സരത്തിൽ അദ്ദേഹത്തിന്‍റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ലയണൽ മെസിക്ക് ഇപ്പോൾ 38 വയസ്സാണ് (അടുത്തയാഴ്ച 39 തികയും). അൾജീരിയക്കെതിരായ അർജന്‍റീനയുടെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടി മെസി അദ്ഭുതപ്പെടുത്തി.

ജൂനിയേഴ്സ്

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ മെക്സിക്കോ 2-0ത്തിന് വിജയിച്ചപ്പോൾ, രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കൗമാരതാരം ഗിൽബെർട്ടോ മോറയ്ക്ക് കാണികളിൽ നിന്ന് വലിയ കൈയടിയാണ് ലഭിച്ചത്. ലോകകപ്പ് ടീമുകളിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ 17 വയസുകാരൻ മിഡ്ഫീൽഡർ ലിഗ എംഎക്സിലെ ടിജുവാനയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ ഇദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. മെക്സിക്കോ വ്യാഴാഴ്ച ഗ്വാഡലജാരയിൽ ദക്ഷിണ കൊറിയയെ നേരിടും.

സെനഗൽ മുന്നേറ്റനിര താരം ഇബ്രാഹിം എംബായെ തന്‍റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തി. ഫ്രാൻസിൽ ജനിച്ച 18-കാരനായ എംബായെ, ഫ്രാൻസിനെതിരായ മത്സരത്തിൽ 75-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. കിലിയൻ എംബാപ്പെയുടെ ടീമിനോട് സെനഗൽ 3-1ന് തോറ്റെങ്കിലും ഇഞ്ചുറി ടൈമിൽ എംബായെ ഗോൾ നേടി. സെനഗൽ തിങ്കളാഴ്ച നോർവെയെ നേരിടും.

ബ്രസീലിനെതിരായ 1-1 സമനില മത്സരത്തിൽ മൊറോക്കോയുടെ മിഡ്ഫീൽഡിൽ 18-കാരൻ അയ്യൂബ് ബൗഅദി ശ്രദ്ധേയനായി. ഫ്രാൻസിന്‍റെ യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചിരുന്ന ഈ കൗമാരതാരം ലോകകപ്പിന് തൊട്ടുമുൻപാണ് മൊറോക്കോയിലേക്ക് മാറിയത്.

ബെൽജിയത്തിനെതിരായ 1-1 സമനില മത്സരത്തിൽ ഈജിപ്ത് മുന്നേറ്റനിര താരം ഹംസ അബ്ദുൽ കരീം 76-ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായ്ക്ക് പകരം കളത്തിലിറങ്ങി.

യുവതാരങ്ങളിൽ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായത് സ്പെയിനിന്‍റെ ലമീൻ യമലാണ്. അടുത്ത മാസം 19 വയസ് തികയും. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ അദ്ദേഹം, കേപ് വെർദെയുമായുള്ള സമനില മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി.

'പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും'; മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ്

എം.വി. ഗോവിന്ദനെതിരേ കെ. സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ‍്യമില്ല

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

ഗവിയിലെ വനത്തിൽ യുവതിയുടെ മൃതദേഹം