ക്രൊയേഷ്യക്കെതിരേ ഇരട്ട ഗോൾ നേടി‍യ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ.

 
FIFA World Cup

കെയ്ൻ നയിച്ചു; ക്രൊയേഷ്യയോട് ഇംഗ്ലണ്ടിന്‍റെ പ്രതികാരം

ഹാരി കെയ്ൻ രണ്ട് ഗോളുമായി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട്, 2018 സെമിഫൈനലിലെ തോൽവിയുടെ വേദന മായ്ച് ക്രൊയേഷ്യയെ 4-2ന് കീഴടക്കി

Sports Desk

ആർലിങ്ടൺ: ലോകകപ്പ് ഫുട്ബോളിലെ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയ്നിന്‍റെ തകർപ്പൻ പ്രകടനം. ക്രോയേഷ്യയെ രണ്ടിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് കെയ്ൻ ഇംഗ്ലണ്ടിന്‍റെ വിജയനായകനായത്. 2018 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പുറത്താക്കിയ ക്രോയേഷ്യയോടുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം.

ലോകകപ്പിൽ പത്ത് ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ട ഹാരി കെയ്ൻ, ഇംഗ്ലണ്ടിന്‍റെ ഇതിഹാസതാരം ഗാരി ലിനെക്കറിന്‍റെ റെക്കോർഡിനൊപ്പമെത്തി. ലോകകപ്പ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടൂർണമെന്‍റുകളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ ഇംഗ്ലിഷ് താരമായും കെയ്ൻ മാറി. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് മത്സരശേഷം കെയ്ൻ പ്രതികരിച്ചു.

പെനാൽറ്റി ഭാഗ്യം

മത്സരത്തിൽ കെയ്നിന്‍റെ ആദ്യ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു. ആദ്യം എടുത്ത കിക്ക് ക്രോയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കോവിച്ച് തടഞ്ഞെങ്കിലും, വിഡിയൊ റിവ്യൂവിൽ കെയ്ൻ കിക്കെടുക്കും മുൻപ് ക്രൊയേഷ്യൻ താരം പെനൽറ്റി ബോക്സിൽ കയറിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് കെയ്നിന് വീണ്ടും അവസരം ലഭിച്ചു. രണ്ടാമത്തെ തവണ കെയ്ൻ പിഴവില്ലാതെ പന്ത് വലയിലാക്കി.

ഡെക്ലാൻ റൈസ് എടുത്ത കോർണർ കിക്കിൽ നിന്ന് മനോഹരമായൊരു ഹെഡറിലൂടെ കെയ്ൻ തന്‍റെ രണ്ടാമത്തെ ഗോളും ഇംഗ്ലണ്ടിന്‍റെ അക്കൗണ്ടിലെത്തിച്ചു.

വെറും ഗോൾവേട്ടക്കാരൻ മാത്രമല്ല താനെന്ന് തെളിയിച്ചുകൊണ്ട്, മത്സരത്തിന്‍റെ 94-ാം മിനിറ്റിൽ സ്വന്തം പോസ്റ്റിന് മുന്നിലെത്തി ക്രോയേഷ്യയുടെ ഗോളെന്നുറച്ച ഷോട്ട് തടുത്തിടാനും കെയ്നിനായി.

2022 ലോകകപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്‍റെ നിരാശയിൽ നിന്ന് പൂർണമായും കരകയറിയാണ് കെയ്ൻ ഇത്തവണ കളത്തിലിറങ്ങിയത്. ജൂഡ് ബെല്ലിംഗ്ഹാം നേടിയ വിജയഗോളിന് ശേഷം അദ്ദേഹത്തെ ആഘോഷങ്ങളിലേക്ക് ആദ്യം ഓടിയെത്തിയത് കെയ്ൻ ആയിരുന്നു എന്നത് ടീമിനുള്ളിലെ ഐക്യത്തിന്‍റെ തെളിവായി.

മൂസയുടെ ചരിത്രഗോൾ

മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രോയേഷ്യയ്ക്കായി ഗോൾ നേടിയത് ഡാലസ് എഫ്സി താരമായ പെറ്റാർ മൂസയാണ്. മേജർ ലീഗ് സോക്കറിൽ (MLS) കളിക്കുന്ന ഒരു താരം യൂറോപ്യൻ ടീമിനായി ലോകകപ്പിൽ ഗോൾ നേടുന്ന മൂന്നാമത്തെ സംഭവമാണിത്. തന്‍റെ ഹോം ഗ്രൗണ്ടിന് അടുത്തുവച്ച് ലോകകപ്പിൽ ഗോൾ നേടാനായെങ്കിലും, ടീം തോറ്റതിനാൽ തനിക്ക് സന്തോഷിക്കാനാവില്ലെന്ന് താരം മത്സരശേഷം വ്യക്തമാക്കി.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ