ഇംഗ്ലണ്ട് - പനാമ ഫിഫ ലോകകപ്പ് ഫുട്ബോൾ

 
FIFA World Cup

പനാമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കൾ

ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ എന്നിവരുടെ ഗോളുകളോടെ തോമസ് ടുഷെലിന്റെ ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32ൽ; പനാമ പോയിന്റില്ലാതെ പുറത്തേക്ക്

Sports Desk

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയുടെ കടുത്ത പ്രതിരോധം തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന കനത്ത മഴയത്തുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) തോമസ് ടുഷേലിന്‍റെ ഇംഗ്ലണ്ട് വിജയം വരിച്ചത്. രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ (Harry Kane) എന്നിവരാണ് ത്രീ ലയൺസിനായി സ്കോർ ചെയ്തത്.

ഈ ജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്‍റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ ചാംപ്യന്മാരായപ്പോൾ, ഒരു പോയിന്‍റോ ഗോളോ പോലും നേടാനാകാതെ പനാമ ടൂർണമെന്‍റിൽ നിന്നു പുറത്തായി. ഇംഗ്ലണ്ട് ജൂലൈ 1 ബുധനാഴ്ച അറ്റ്ലാന്‍റയിൽ നടക്കുന്ന നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ ഗ്രൂപ്പ് E, H, I, J അല്ലെങ്കിൽ K എന്നിവയിലെ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമുമായി ഏറ്റുമുട്ടും.

2018-ലെ റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ട് പനാമയെ 6-1 ന് തകർത്തുവിട്ടിരുന്നെങ്കിലും, ഇത്തവണ തോമസ് ക്രിസ്റ്റ്യൻസന്‍റെ കീഴിലിറങ്ങിയ പനാമ ടീം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ ഗോൾ നേടാൻ അനുവദിക്കാതെ പനാമ പ്രതിരോധം കാത്തു.

കഴിഞ്ഞ മത്സരത്തിൽ ഘാനയോട് സമനില വഴങ്ങിയതിനെ തുടർന്ന് ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷെൽ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് ടീമിനെ ഇറക്കിയത്. മോർഗൻ റോജേഴ്സ്, മാർക്കസ് റഷ്‌ഫോർഡ്, ബുക്കായോ സാക്ക എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ റഷ്‌ഫോർഡ് തൊടുത്ത തകർപ്പൻ ഷോട്ട് പനാമ കീപ്പർ ഒർലാൻഡോ മോസ്ക്വേര അതിസാഹസികമായി തട്ടിയകറ്റി. മറുഭാഗത്ത് പനാമയുടെ ഹൊസെ ലൂയിസ് റോഡ്രിഗസ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് കീപ്പർ ജോർദാൻ പിക്ക്ഫോർഡും തടഞ്ഞു.

കളി മാറ്റിയ ബെല്ലിങ്ഹാം

രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ആക്രമണം ശക്തമാക്കി. പനാമ കീപ്പർ മോസ്ക്വേര ഹാരി കെയ്ന്‍റെ ഒരു ഗോൾശ്രമം പറന്നുതടഞ്ഞെങ്കിലും ഇംഗ്ലണ്ടിന്‍റെ ആക്രമണത്തിന് മുന്നിൽ ഒടുവിൽ പനാമ വീണു.

62-ാം മിനിറ്റ് (ഗോൾ! 0-1 - ജൂഡ് ബെല്ലിങ്ഹാം): അറുപത്തിരണ്ടാം മിനിറ്റിൽ ബുക്കായോ സാക്ക എടുത്ത കോർണർ കിക്കിൽ നിന്നും പനാമ ഡിഫെൻഡർമാരെ വെട്ടിച്ച് ജൂഡ് ബെല്ലിങ്ഹാം തൊടുത്ത മനോഹരമായ ഒരു വോളി പനാമ വല തുളച്ചു. ഈ ലോകകപ്പിൽ ബെല്ലിങ്ഹാമിന്‍റെ രണ്ടാം ഗോളാണിത്. ബെല്ലിങ്ഹാം തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്.

ചരിത്രത്തിൽ ഇടംപിടിച്ച് കെയ്നും പിക്ക്ഫോർഡും

67-ാം മിനിറ്റ് (ഗോൾ! 0-2 - ഹാരി കെയ്ൻ): ആദ്യ ഗോളിന്‍റെ ആവേശം അടങ്ങും മുൻപ് ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. ഗോൾ സ്കോറർ ബെല്ലിങ്ഹാം നൽകിയ മനോഹരമായ ക്രോസ് സ്വീകരിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ ഉഗ്രനൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഇതിഹാസ താരം ഗാരി ലിനേക്കറുടെ (10 ഗോളുകൾ) റെക്കോർഡ് ഹാരി കെയ്ൻ (11 ഗോളുകൾ) മറികടന്നു.

മത്സരത്തിന്‍റെ അവസാന ഘട്ടത്തിൽ പനാമയുടെ ഹൊസെ ഫജാർഡോ ഒരു ഗോൾ മടക്കിയെങ്കിലും റെഫറി അത് ഓഫ്‌സൈഡ് വിധിച്ചു.

ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് തന്‍റെ പതിനഞ്ചാം ലോകകപ്പ് മത്സരത്തിനാണ് ഇറങ്ങിയത്. ഇതോടെ ബോബി മൂർ, ബോബി ചാൾട്ടൺ, ടെറി ബുച്ചർ, ആഷ്‌ലി കോൾ എന്നിവരെ മറികടന്ന് ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് പിക്ക്ഫോർഡ് സ്വന്തമാക്കി. 17 മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടൺ മാത്രമാണ് ഇനി പിക്ക്ഫോർഡിന് മുന്നിലുള്ളത്.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ