പെനൽറ്റി ഷൂട്ടൗട്ടിൽ ജർമൻ താരം കയ് ഹാവെർട്സിന്‍റെ കിക്ക് തടുക്കുന്ന പരാഗ്വെ ഗോളി ഓർലാൻഡോ ഗിൽ.

 
FIFA World Cup

ആദ്യത്തെ അത്യാഹിതം: ജർമനിക്ക് സഡൻ ഡെത്ത്!

ലോകകപ്പ് 2026: പെനൽറ്റി ഷൂട്ടൗട്ടിൽ ജർമനിയെ അട്ടിമറിച്ച് പരാഗ്വെ പ്രീ-ക്വാർട്ടറിൽ; ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലാദ്യമായി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി

VK SANJU

ബോസ്റ്റൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ അത്യപൂർവ അട്ടിമറിക്ക്. മുൻ ചാംപ്യൻമാരായ ജർമനിയെ പെനൽറ്റി ഷൂട്ടൗട്ടിനു ശേഷമുള്ള സഡൻ ഡെത്തിൽ മറികടന്ന പരാഗ്വെ പ്രീ-ക്വാർട്ടറിലേക്ക് കുതിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, മാനുവൽ നോയറിന്റെ നേതൃത്വത്തിലുള്ള ജർമനി ആദ്യമായി ഷൂട്ടൗട്ടിൽ തോൽക്കുന്നതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും അവർ പ്രീ-ക്വാർട്ടർ കാണാതെ പുറത്താകുന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് ബോസ്റ്റൺ സ്റ്റേഡിയം സാക്ഷിയായി! മുൻ ചാംപ്യൻമാരായ ജർമനിയെ പെനൽറ്റി ഷൂട്ടൗട്ടിൽ (4-3) തകർത്ത് ലാറ്റിനമെരിക്കൻ പ്രതിനിധികളായ പരാഗ്വെ ഫിഫ ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ലോകകപ്പ് ചരിത്രത്തിൽ ജർമനി പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത് ഇതാദ്യം! ഈ പരാജയത്തോടെ ജർമനി തുടർച്ചയായ മൂന്നാം ലോകകപ്പിലും പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. 2018-ലും 2022-ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനിക്ക് ഇത്തവണ നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ തന്നെ മടങ്ങേണ്ടി വന്നു.

കളിച്ചത് ജർമനി, ജയിച്ചത് പരാഗ്വെ

കടലാസിലും കളിക്കളത്തിലും പൂർണമായും ജർമനിയുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു മത്സരം. ആദ്യ പകുതിയിൽ 80 ശതമാനത്തിലേറെ സമയവും പന്ത് നിയന്ത്രിച്ച യുലിയൻ നാഗൽസ്മാന്‍റെ ജർമനി, പരാഗ്വെ ബോക്സിൽ 14 തവണയാണ് പന്തുമായി എത്തിയത്. എന്നാൽ, അഞ്ചും ആറും പേരെ പ്രതിരോധത്തിൽ അണിനിരത്തിയ പരാഗ്വെയുടെ കോട്ട ഭേദിക്കാൻ ജർമൻ ടാങ്കുകൾക്കായില്ല.

ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ബോസ്റ്റൺ ഗ്യാലറിയെ ഞെട്ടിച്ചുകൊണ്ട് പരാഗ്വെ ലീഡെടുത്തു. ജർമനിയുടെ വിഖ്യാത ഗോൾ കീപ്പർ മാനുവൽ നോയറുടെ പിഴവിൽ നിന്നു ലഭിച്ച പന്ത് മിഗുവൽ അൽമിറോണും മാറ്റിയാസ് ഗലാർസയും ചേർന്ന് ബോക്സിനുള്ളിലേക്ക് നൽകി. ഓടിയെത്തിയ ബ്രൈറ്റൻ താരം ഹൂലിയോ എൻസീസോ ഉഗ്രനൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.

ഹാവെർട്സിന്‍റെ തിരിച്ചടി

രണ്ടാം പകുതിയിൽ ജർമനി ആക്രമണം കടുപ്പിച്ചു. ഇതിനിടെ ഡെനിസ് ഉന്ദാവിനു പകരം സൂപ്പർ താരം ജമാൽ മുസിയാലയും കളത്തിലിറങ്ങി. 54-ാം മിനിറ്റിൽ ജർമനി കാത്തിരുന്ന സമനില ഗോളും വീണു. ഫ്ലോറിയൻ വിർട്സ് ബോക്സിലേക്ക് നൽകിയ അളന്നുമുറിച്ച ക്രോസ് കൃത്യമായ ഹെഡ്ഡറിലൂടെ കായ് ഹാവെർട്സ് പരാഗ്വെയുടെ വലയിലെത്തിക്കുകയായിരുന്നു.

എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ പരാഗ്വെ കീപ്പർ ഒർലാൻഡോ ഗില്ലിന്‍റെ പിഴവിൽ നിന്നു ജർമനിയുടെ ജോനാഥൻ ടാ ഹെഡ്ഡറിലൂടെ ഗോൾ നേടി ജർമനിയെ മുന്നിലെത്തിച്ചെന്നു തന്നെ തോന്നിച്ചു. ജർമൻ ക്യാംപ് ആഘോഷവും തുടങ്ങിയെങ്കിലും വാർ (VAR) പരിശോധനയിൽ ജർമനിയുടെ വാൽഡെമർ ആന്‍റൺ പരാഗ്വെ കീപ്പറെ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.

ഷൂട്ടൗട്ടിൽ നോയർ - ഗിൽ പോരാട്ടം

ഈ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ടിൽ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയർ കോട്ട കാക്കുമ്പോൾ ജർമനിക്കായിരുന്നു മുൻതൂക്കം. എന്നാൽ, ഷൂട്ടൗട്ടിലെ ഹീറോ ആയി മാറിയത് പരാഗ്വെ കീപ്പർ ഒർലാൻഡോ ഗിൽ!

ജർമനിക്കായി ആദ്യ കിക്കെടുത്ത കായ് ഹാവെർട്സിന്‍റെ ഷോട്ട് ഒർലാൻഡോ ഗിൽ തടുത്തപ്പോൾ തന്നെ ആനുകൂല്യം കീഴ്മേൽ മറിഞ്ഞു. പരാഗ്വെയുടെ മൗറീഷ്യോ, ഗ്വാസ്റ്റാവോ ഗോമസ്, മാറ്റിയാസ് ഗലാർസ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ജർമനിക്കായി ജോഷ്വ കിമ്മിഷും മുസിയാലയും സ്കോർ ചെയ്തു.

ജർമനിയുടെ നാലാം കിക്കെടുത്ത യുവതാരം നിക്ക് വോൾട്ടെമാഡെയുടെ ഷോട്ട് തടുത്ത് ഗിൽ വീണ്ടും പരാഗ്വെയ്ക്ക് ലീഡ് നൽകി. പരാഗ്വെയുടെ അന്‍റോണിയോ സനാബ്രിയയുടെ കിക്ക് പുറത്തുപോവുകയും നബീൽ അമീരി ജർമനിക്കായി സ്കോർ ചെയ്യുകയും ചെയ്തതോടെ ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് (3-3) നീണ്ടു.

ജർമനിയുടെ ആറാം കിക്കെടുത്ത ഡിഫെൻഡർ ജോനാഥൻ ടാ പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറത്തിക്കളഞ്ഞു. തൊട്ടുപിന്നാലെ പരാഗ്വെയുടെ ഹോസെ കനാലെ ജർമൻ ഗോളി മാന്വൽ നോയറെ കീഴടക്കി പന്ത് വലയിലെത്തിച്ചതോടെ ജർമനിയുടെ പതനം പൂർണം!

ബ്രസീലിന് നാടകീയ ജയം; ജപ്പാനെ കണ്ണീരണിയിച്ച് മാർട്ടിനെല്ലി

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി