ആരാധകരെ ആകാംക്ഷയുടെ ആത്മഹത്യാ മുനമ്പുകളിൽ കൊണ്ടു ചെന്നു നിർത്തിയ നാല് എസ്കേപ്പ് ആക്റ്റുകളാണ്, കാലും മനസുമിടറാതെ അർജന്‍റീന അതിജീവിച്ചത്.
ഫുട്ബോൾ മൈതാനത്തെ ഹൗഡിനിയായി ലയണൽ മെസിയെ വിശേഷിപ്പിക്കാം. അർജന്‍റീനയുടെ അത്ഭുതകരമായ എസ്കേപ്പ് ആക്റ്റുകൾക്കു ജീവൻ പകരുന്ന ജാലക്കാരനാണയാൾ. കേപ് വേർദെ, ഈജിപ്റ്റ്, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ 79-ാം മിനിറ്റിന് ശേഷമുള്ള ഗോളുകളിലൂടെ അർജന്‍റീന മത്സരങ്ങൾ തിരിച്ചു പിടിക്കുന്നു. ലീഡ് വഴങ്ങുമ്പോഴല്ല, അവസാന വിസിൽ മുഴങ്ങുമ്പോഴാണ് കളി തീരുന്നതെന്ന് അർജന്‍റീന തെളിയിക്കുന്നു. The ultimate comeback kings of modern football
വി.കെ. സഞ്ജു
ഹാരി ഹൗഡിനിയെക്കുറിച്ച് കേട്ടിട്ടില്ലേ? എസ്കേപ്പ് ആക്റ്റുകളിലൂടെ ലോകത്തെ വിസ്മയത്തുമ്പത്ത് നിർത്തിയ മജീഷ്യൻ. അസാമാന്യ ധൈര്യത്തിന്‍റെ അതിശയിപ്പിക്കുന്ന മായാവിദ്യയാണ് എസ്കേപ്പ് ആക്റ്റ്. ചങ്ങലക്കെട്ടുകളിൽനിന്നും കൈവിലങ്ങുകളിൽനിന്നുമൊക്കെ സമയം കൈയിൽ പിടിച്ച് അദ്ഭുതകരമായി രക്ഷപ്പെടുന്ന ജാലവിദ്യ. മനസൊന്ന് ഇടറിയാൽ, ഒരു മാത്ര വൈകിയാൽ, ഫലം മരണം!
10 മിനിറ്റ് വരെയൊക്കെയാണ് ഒരു സ്റ്റാൻഡേർഡ് എസ്കേപ്പ് ആക്റ്റിന്‍റെ ദൈർഘ്യം. എന്നാൽ, ഫുട്ബോൾ മൈതാനങ്ങളിൽ അത് 90 മിനിറ്റും കടന്നു പോയെന്നിരിക്കും, അർജന്‍റീനയും ലയണൽ മെസിയും കളത്തിലുണ്ടെങ്കിൽ!
അങ്ങനെ തുടർച്ചയായ നാലാമത്തെ എസ്കേപ്പ് ആക്റ്റിനാണ് ഫുട്ബോൾ പ്രേമികൾ ബുധനാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. ആധുനിക ഫുട്ബോളിലെ അൾട്ടിമേറ്റ് കംബാക്ക് കിങ്സ് എന്ന വിശേഷണം സ്വന്തം പേരിൽ എഴുതിച്ചേർത്തുകൊണ്ടാണ് മെസിയും സംഘവും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.
ലീഡ് വഴങ്ങുമ്പോഴല്ല, ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മാത്രമാണ് കളി കഴിയുന്നതെന്ന് ഇക്കഴിഞ്ഞ നാല് മത്സരങ്ങളിലും അർജന്‍റീന നമ്മളെ ഓർമിപ്പിച്ചു. ആരാധകരെ ആകാംക്ഷയുടെ ആത്മഹത്യാ മുനമ്പുകളിൽ കൊണ്ടു ചെന്നു നിർത്തിയ തുടർച്ചയായ എസ്കേപ്പ് ആക്റ്റുകളാണ്, കാലും മനസുമിടറാതെ അവർ അതിജീവിച്ചത്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയം ആ വിസ്മയ പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡായി. 55-ാം മിനിറ്റിൽ നേടിയ ഗോൾ 85-ാം മിനിറ്റ് വരെ നിലനിർത്തിയ ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച് സമയം നീട്ടിയെടുത്തല്ല അർജന്‍റീന ജയിച്ചത്, റെഗുലേഷൻ ടൈമിൽ തന്നെ രണ്ട് ഗോൾ തിരിച്ചടിച്ചുകൊണ്ടാണ്. ത്രില്ലർ ക്ലൈമാക്സുകൾ അവർക്കിപ്പോൾ ശീലമായിരിക്കുന്നു, ആരാധകർക്കും. അർജന്‍റീന ഈ ലോകകപ്പിൽ നേടിയ 17 ഗോളിൽ 11 എണ്ണവും പിറന്നത് 79-ാം മിനിറ്റിന് ശേഷമാണ്!
കേപ് വേർദെക്കെതിരായ റൗണ്ട് ഒഫ് 32 മത്സരം റെഗുലേഷൻ ടൈമിൽ 1-1 എന്ന സ്കോറിന് അവസാനിച്ചപ്പോൾ, എക്സ്ട്രാ ടൈമിൽ അർജന്‍റീന ജയിക്കുന്നത് 3-2ന്. ഈജിപ്റ്റിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം 79, 83, 92 മിനിറ്റുകളിൽ ഗോളടിച്ച് ജയിച്ചു കയറുന്നു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരേ 1-1 സമനില പാലിച്ച ശേഷം എക്സ്ട്രാ ടൈമിൽ നേടുന്നത് രണ്ടു ഗോൾ!
ഇക്കൂട്ടത്തിൽ ഈജിപ്റ്റിനെതിരായ വിജയം, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി അടയാളപ്പെടുത്താം. കൈവിട്ടെന്ന് ഉറപ്പായ ഘട്ടത്തിൽ പോലും കളി തിരിച്ചുപിടിക്കാൻ ടീമിനെ പ്രചോദിപ്പിക്കുന്ന നായകനാണ് അവരുടെ ഊർജം. അതിനുള്ള ശേഷിയാണ് മെസിയെ ഫുട്ബോൾ മൈതാനത്തിന്‍റെ ഹൗഡിനിയാക്കി മാറ്റുന്നത്.