ഇതിഹാസതുല്യനായ മെക്സിക്കോ ഗോളി ഗില്ലർമോ ഒച്ചാവ.
മെക്സിക്കോ സിറ്റി: ആതിഥേയരായ മെക്സിക്കോയുടെ വിജയക്കുതിപ്പിനു മുന്നിൽ യൂറോപ്യൻ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിന് (Czechia) കണ്ണീരോടെ മടക്കം. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ചെക്കിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് മെക്സിക്കോ ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) മാർച്ച് ചെയ്തു. ഈ തോൽവിയോടെ ചെക്കിയ ടൂർണമെന്‍റിൽ നിന്നു പുറത്തായി.
ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്ന മെക്സിക്കോയ്ക്ക് ഇത് കേവലം സ്ഥാനമുറപ്പിക്കൽ മത്സരമായിരുന്നെങ്കിൽ, ചെക്കിയയ്ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാൻ വിജയം അനിവാര്യമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ തീയുണ്ടകളായി മാറിയ മെക്സിക്കൻ പട ചെക്കിയയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി.
മത്സരത്തിന്‍റെ ഒന്നാം പകുതിയിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ചെക്കിയയാണ് കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. എട്ടാം മിനിറ്റിൽ തന്നെ ചെക്കിയയുടെ ഡെനിസ് വിസിൻസ്കി തൊടുത്ത ലോ ഷൂട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തുപോയി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു.
55-ാം മിനിറ്റിൽ ആദ്യ ഗോൾ വീണു. പ്രതിരോധപ്പൂട്ട് തകർത്ത് അതിവേഗത്തിൽ കുതിച്ചുപാഞ്ഞ മാതിയോ ചാവേസ് ചെക്കിയൻ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ മെക്സിക്കോ സിറ്റി സ്റ്റേഡിയം ആവേശക്കടലായി മാറി.
ആദ്യ ഗോളിന്‍റെ ആവേശം അടങ്ങും മുൻപ് ആറ് മിനിറ്റുകൾക്കുള്ളിൽ മെക്സിക്കോ രണ്ടാം ഗോളും നേടി. ബോക്സിനുള്ളിലെ ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ക്ലോസ് റേഞ്ചിലൂടെ ജൂലിയൻ ക്വിനോനെസ് പന്ത് വലയിലേക്ക് തള്ളിവിട്ടു.
ഒച്ചാവയുടെ ആറാം ലോകകപ്പും ഫിഡാൽഗോയുടെ ഫിനിഷിങ്ങും
മത്സരത്തിന്‍റെ 78-ാം മിനിറ്റിൽ സ്റ്റേഡിയത്തിലെ ഗാലറികൾ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ 40-കാരനായ ഗില്ലെർമോ ഒച്ചാവ പകരക്കാരനായി മൈതാനത്തിറങ്ങി. ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ഒപ്പം, തന്‍റെ ആറാം ലോകകപ്പ് പതിപ്പിൽകളിക്കുന്ന താരം എന്ന അപൂർവ ചരിത്രനേട്ടം ഒച്ചാവ സ്വന്തമാക്കി.
പെർഫെക്റ്റ് മെക്സിക്കോ
കളിയുടെ ഇഞ്ചുറി ടൈമിൽ (90+4' മിനിറ്റിൽ) ആൽവാരോ ഫിഡാൽഗോ കൂടി ഗോൾ നേടിയതോടെ മെക്സിക്കോ 3-0 ന്‍റെ ആധികാരിക വിജയം പൂർത്തിയാക്കി.
ലോകകപ്പ് ചരിത്രത്തിൽ മെക്സിക്കോ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ, 1970-ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങാതെ ഒമ്പത് പോയിന്‍റോടെ പൂർണ ആധിപത്യം സ്ഥാപിക്കാനും ഹാവിയർ അഗീറയുടെ മെക്സിക്കൻ പടയ്ക്കായി. കളിയിലെ താരമായി മാതിയോ ചാവേസ് തെരഞ്ഞെടുക്കപ്പെട്ടു.