തുടരെ രണ്ടാം മത്സരത്തിലും പകരക്കാരനായിറങ്ങി സ്പെയിന്‍റെ വിയശിൽപ്പിയായി മാറിയ മിഖേൽ മെറിനോ.

 
FIFA World Cup

പൊരുതിവീണ് ബെൽജിയം; മെറീനോ ഗോളിൽ സ്പെയിൻ ലോകകപ്പ് സെമിയിൽ

തുടർച്ചയായ രണ്ടാം മത്സരത്തിലും മിഖേൽ മെറീനോയുടെ വിന്നിങ് ഗോളോടെ സ്പെയിൻ 2026 ഫിഫ ലോകകപ്പ് സെമിയിൽ, ഫ്രാൻസിനെതിരായ പോരാട്ടത്തിന് അരങ്ങൊരുങ്ങി

VK SANJU

നാടകീയത നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി. കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മിഖേൽ മെറീനോയാണ് തുടരെ രണ്ടാം മത്സരത്തിലും സ്പെയിന്‍റെ രക്ഷകനായത്. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് സ്പെയിൻ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന വമ്പൻ സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും. ഈ വിജയത്തോടെ തോൽവിയറിയാതെ തുടർച്ചയായി 36 മത്സരങ്ങൾ പൂർത്തിയാക്കിയ സ്പെയിൻ, ഇറ്റലിയുടെ (37 മത്സരങ്ങൾ) എക്കാലത്തെയും വലിയ റെക്കോർഡിന് തൊട്ടടുത്തെത്തി. എന്നാൽ, ഉനായ് സൈമൺ കാത്ത സ്പാനിഷ് ഗോൾ വല ഈ ലോകകപ്പിൽ ആദ്യമായി കുലുങ്ങുകയും ചെയ്തു.

മത്സരത്തിൽ വഴിത്തിരിവായത് 71-ാം മിനിറ്റിൽ ബെൽജിയത്തിന്‍റെ ഒന്നാം നമ്പർ ഗോൾകീപ്പർ തിബോ കോർട്ടോയ്ക്ക് പരുക്കേറ്റതാണ്. ഒരു ക്ലിയറൻസിന് ശേഷം കാലിനു പരിക്കേറ്റ കോർട്ടോ കണ്ണീരോടെയാണ് കളം വിട്ടത്. പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളി സെനെ ലാമൻസ് ബെൽജിയത്തിന്‍റെ വല കാക്കാനെത്തി.

മത്സരം 1-1 സമനിലയിലേക്ക് നീങ്ങവെ, 80 മിനിറ്റിനു ശേഷം സ്പെയിന്‍റെ യുവതാരം പോ ക്യൂബാർസി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഒരു ലോങ് റേഞ്ചർ ഷോട്ട് തടുക്കുന്നതിൽ ലാമൻസിന് പിഴച്ചു. ലാമൻസിന്‍റെ കൈകളിൽ നിന്ന് തെറിച്ച പന്ത് ബോക്സിലേക്ക് ഓടിക്കയറിയ മിഖേൽ മെറീനോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പോർച്ചുഗലിനെതിരെയുള്ള പ്രീ-ക്വാർട്ടറിലും മെറീനോയായിരുന്നു സ്പെയിന്‍റെ വിന്നിങ് ഗോൾ നേടിയത്.

മത്സരത്തിന്‍റെ ആദ്യപകുതിയിൽ പെഡ്രിക്ക് പകരം ഫാബിയാൻ റൂയിസിനെ ആദ്യ ഇലവനിൽ ഇറക്കാനുള്ള സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യുന്‍റെയുടെ തീരുമാനം കൃത്യമായി ഫലം കണ്ടു. ആദ്യപകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുപിന്നാലെ സ്പെയിൻ മത്സരത്തിൽ മുന്നിലെത്തി.

റൈറ്റ് വിങ്ങിൽ നിന്നും കൗമാര സൂപ്പർ താരം ലാമിൻ യമാൽ നൽകിയ പാസ് പെഡ്രോ പോറോ സ്വീകരിച്ച് ഡാനി ഓൽമോയ്ക്ക് കൈമാറി. ഓൽമോയുടെ ഷോട്ട് തിബോ കോർട്ടോ തടുത്തിട്ടെങ്കിലും റീബൗണ്ടിൽ നിന്നു ഫാബിയാൻ റൂയിസ് പന്ത് എളുപ്പത്തിൽ വലയിലാക്കി. ലോകകപ്പ് ചരിത്രത്തിൽ 18 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ഒരു താരം കളിക്കുന്ന ഏറ്റവും കൂടുതൽ മത്സരങ്ങളുടെ (6 മത്സരങ്ങൾ) റെക്കോഡും ഈ കളിയോടെ ലാമിൻ യമാൽ സ്വന്തമാക്കി.

സ്പെയിൻ തന്നെയാണ് പൊസഷൻ ഫുട്ബോളുമായി മൈതാനം വാണതെങ്കിലും, ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ബെൽജിയം തിരിച്ചടിച്ചു. തിമോത്തി കാസ്റ്റഗ്നെയുടെ കൃത്യതയാർന്ന ക്രോസിൽ നിന്നു ചാൾസ് ഡെ കെറ്റലെയർ ഒരു മികച്ച ഹെഡ്ഡറിലൂടെ സ്പെയിൻ ഗോളി ഉനായ് സൈമണെ മറികടന്നു. 2022 ഖത്തർ ലോകകപ്പിൽ ജപ്പാന്‍റെ ആവോ തനാകയോട് ഗോൾ വഴങ്ങിയതിന് ശേഷം ലോകകപ്പിൽ സ്പെയിനും ഗോളി സിമോണും വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ സ്പെയിന്‍റെ തുടർച്ചയായ 650 മിനിറ്റുകളുടെ 'ക്ലീൻ ഷീറ്റ്' റെക്കോർഡിന് അന്ത്യമായി.

മത്സരത്തിനിറങ്ങും മുൻപ് തന്നെ ബെൽജിയത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. വാം-അപ്പിനിടയിൽ പരിക്കേറ്റ യൂറി ടീലേമാൻസിനെ അവസാന നിമിഷം ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. റൗണ്ട് ഓഫ് 32-ൽ സെനഗലിനെതിരെ രണ്ട് ഗോളുകളോടെ ടീമിനെ രക്ഷിച്ച ടീലേമാൻസിന്‍റെ അഭാവം ബെൽജിയം മധ്യനിരയിൽ പ്രകടമായിരുന്നു.

രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയ്നെയും ജെറമി ഡോക്കുവും ചേർന്ന് ചില മികച്ച നീക്കങ്ങൾ നടത്തി സ്പെയിനെ ഭയപ്പെടുത്തിയെങ്കിലും കോർട്ടോയുടെ പരുക്ക് ബെൽജിയത്തിന്‍റെ പ്രതിരോധത്തിന്‍റെ താളം തെറ്റിക്കുകയായിരുന്നു.

വരും ദിവസങ്ങളിൽ മഴ കുറയും

ദക്ഷിണേന്ത്യ മുഴുവൻ 'തൂഫാൻ' വീശിയടിക്കും

ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം