കാബോ വെർദെ ഗോളി വോസീന്യയുടെ ഒരു അസാമാന്യ സേവ്.

 

സ്പെയ്നെതിരായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് മത്സരത്തിൽനിന്ന്.

FIFA World Cup

വെറുതേയല്ല കേപ്പ് വെർദെ! കാളക്കൂറ്റനെ പിടിച്ചുകെട്ടി കുഞ്ഞൻമാർ

ഫിഫ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരും മുൻ ലോക ചാംപ്യൻമാരും നിലവിലുള്ള യൂറോപ്യൻ ചാംപ്യൻമാരുമായ സ്പെയ്നെ ലോകകപ്പിൽ കേപ്പ് വെർദെ സമനിലയിൽ തളച്ചു

VK SANJU

അറ്റ്ലാന്‍റ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ഒരുകൂട്ടം ദ്വീപുകളെല്ലാം ചേർത്ത്, ആകെക്കൂടി പാലക്കാട് ജില്ലയുടെ വലുപ്പം പോലുമില്ലാത്തൊരു രാജ്യം- അവർ സ്വയം വിളിക്കുന്ന പേര് കാബോ വെർദെ, ലോകം വിളിക്കുന്നത് കേപ്പ് വെർദെ. ഇനി ഫുട്ബോൾ ആരാധകർ പറയും, അവരാദ്യമായി ലോകകപ്പ് കളിക്കാൻ വന്നത് വെറുതേയല്ല!

മുൻ ലോക ചാംപ്യൻമാരും നിലവിലുള്ള യൂറോപ്യൻ ചാംപ്യൻമാരും ഫിഫ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരുമായ സ്പെയ്നെയാണ് കാബോ വെർദെ ഗോൾരഹിത സമനിലയിൽ തളിച്ചിരിക്കുന്നത്. ബസ് പാർക്കിങ് ഡിഫൻസ് എന്നു പരിഹസിക്കാം. ഗോളി വോസീന്യയുടെ മികവെന്ന് പുച്ഛിക്കാം. പക്ഷേ, അന്തിമ ഫലത്തിന് ഇനി മാറ്റമില്ല. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ മുൻ ചാംപ്യൻമാർക്കെതിരേ പോയിന്‍റ് നേടിയവർ- കാബോ വെർദെ.

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരം പൂർത്തിയാകുമ്പോൾ പോയിന്‍റ് പട്ടികയിൽ സ്പെയ്നും കാബോ വെർദെയും തുല്യരാണ്. ഉറുഗ്വെയും സൗദി അറേബ്യയും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇനി എന്തും സംഭവിക്കാം. അതാണ് കാബോ വെർദെ ഒരൊറ്റ രാത്രി കൊണ്ട് സൃഷ്ടിച്ചെടുത്ത പ്രതിഭാസം.

മത്സരത്തിൽ 74 ശതമാനം സമയവും പന്ത് നിയന്ത്രിച്ചത് സ്പെയിൻ. പക്ഷേ, ബാക്കി 26% സമയം കാബോ വെർദെയ്ക്ക് ധാരാളമായിരുന്നു കാളക്കൂറ്റൻമാരെ മൂക്കുകയറിട്ട് നിയന്ത്രിച്ചു നിർത്താൻ. ഒരേയൊരു ഷോട്ടാണ് കാബോ വെർദെക്കാർ സ്പാനിഷ് ഗോൾ മുഖത്തേക്ക് ലക്ഷ്യം തെറ്റാതെ തൊടുത്തത്. സ്പെയിൻ എട്ടെണ്ണം. 764 പാസുകൾ സ്പാനിഷ് താരങ്ങളുടെ കാലുകളിലൂടെ കയറിയിറങ്ങിയപ്പോൾ കാബോ വെർദെ പാസുകൾ വെറും 275!

കണക്കുകൾ ഇങ്ങനെയൊക്കെ പറഞ്ഞാലും, മത്സരം സ്പാനിഷ് ആധിപത്യത്തിന്‍റേതായിരുന്നില്ല. പെഡ്രിയും റോഡ്രിയും ഫെറാൻ ടോറസും രണ്ടാം പകുതിയിൽ ലാമിൻ യമാലുമെല്ലാം കൈമെയ് മറന്ന് പൊരുതിയിട്ടും ഭേദിക്കാനാവാത്ത പ്രതിരോധമായിരുന്നു കാബോ വെർദെയുടേത്. പ്രതിരോധത്തിനു പിഴച്ചപ്പോഴെല്ലാം വോസീന്യ എന്ന 40 വയസുകാരൻ ഗോൾ മുഖം കാക്കുന്ന ഭൂതമായി മാറി.

സ്പാനിഷ് മധ്യ നിര നിയന്ത്രിക്കാൻ റോഡ്രിക്കും ഫാബിയൻ റൂയിസിനും സാധിച്ചു. പക്ഷേ, പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതിനു വേണ്ട ഏകോപനം പെഡ്രിക്കും ടോറസിനുമിടയിൽ ഉണ്ടായില്ല. ഗാവിയാകട്ടെ, സമ്പൂർണ പരാജയവുമായി. യമാലിനു പിന്നാലെ സബ്സ്റ്റിറ്റ്യൂട്ടുകളായി മൈക്കൽ മെറിനോയും ഡാനി ഓൾമോയുമെല്ലാം വന്നെങ്കിലും മത്സരഫലം മാറ്റാനായില്ല.

അതേസമയം, റിയാൻ മെൻഡിസ്, ലോഗൻ കോസ്റ്റ, ഹാമിറോ മൊണ്ടേറോ, ഡെയ്ലോൺ ലിവ്റാമെന്‍റോ തുടങ്ങിയവരുടെ പ്രാഗല്ഭ്യം പ്രതിരോധ തന്ത്രം ഫലപ്രദമായി നടപ്പാക്കാൻ കാബോ വെർദെയെ സഹായിച്ചു. ജോവാൻ കബ്രാളിന്‍റെ നേതൃത്വത്തിൽ ചില കൗണ്ടർ അറ്റാക്കുകൾ കൂടി കാബോ വെർദെ സംഘടിപ്പിച്ചെങ്കിലും, അവയിലേറെയും 80-ാം മിനിറ്റിനു ശേഷമായിരുന്നു. ആ സമയത്ത് ഒരു ഗോൾ വീണിരുന്നെങ്കിൽ സ്പെയ്ന്‍റെ പതനം പൂർണമായേനേ.

സെൻസസ് 2027; സെൽഫ് എന്യൂമറേഷന് ചൊവ്വാഴ്ച മുതൽ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല, തിരുത്തണം; പിണറായി വിജയൻ

ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു; ഒരു മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; തൃശൂരിൽ 43 കാരൻ മരിച്ചു

സൂപ്പർ ഓവറിനു ശേഷം കൈയാങ്കളി; സൂര്യവംശിക്ക് വിലക്ക് വന്നേക്കും