കൈൽ ഹാവെർട്സ്, ലയണൽ മെസി.
File
2026 ലോകകപ്പ്, പരമ്പരാഗത സ്ട്രൈക്കർമാരും ഫോൾസ് 9 തന്ത്രവും തമ്മിലുള്ള പോരാട്ടത്തിന്‍റേതു കൂടിയാണ്. ഗെർഡ് മുള്ളർ മുതൽ ഹാരി കെയ്ൻ വരെ ബോക്സിലെ വേട്ടക്കാരുടെ പാരമ്പര്യം തുടരുമ്പോൾ, മെസിയും കൈ ഹാവെർട്സും പോലുള്ള താരങ്ങൾ മധ്യനിരയിലേക്ക് ഇറങ്ങി പ്ലേമേക്കറായി മാറുന്ന ഫോൾസ് 9 റോളിൽ തിളങ്ങുന്നു. ബാഴ്സലോണയിലൂടെ ഗ്വാർഡിയോളയാണ് ഈ തന്ത്രത്തെ ലോകപ്രശസ്തമാക്കിയത്.
ക്രിക്കറ്റിൽ സിക്സർ അടിക്കുന്നവരെ സ്നേഹിക്കുന്നതു പോലെയാണ് ഫുട്ബോളിൽ ഗോളുകൾ അടിച്ചുകൂട്ടുന്നവർക്കു കിട്ടുന്ന ആരാധന. ഗെർഡ് മുള്ളർ മുതൽ മിറോസ്ലാവ് ക്ലോസെ വരെയും, റൊണാൾഡോ മുതൽ ഹാരി കെയ്ൻ വരെയും - ലോകകപ്പിന്‍റെ ചരിത്രം എപ്പോഴും '18 യാർഡ് ബോക്സിലെ രാജാക്കന്മാർക്ക്' അവകാശപ്പെട്ടതായിരുന്നു.
പന്തെടുക്കുക, ലക്ഷ്യം കാണുക - ഇതായിരുന്നു അവരുടെ ലളിതമായ ജോലി. എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഫുട്ബോൾ മൈതാനത്ത് മറ്റൊരു തരം സെന്‍റർ ഫോർവേഡുകൾ ഉദയം ചെയ്തിരുന്നു. ഇവർ ഗോൾമുഖത്ത് കാത്തുനിൽക്കുന്നവരല്ല, മറിച്ച് എതിരാളികളെ കബളിപ്പിച്ച് പന്തിനായി മൈതാനത്ത് വിഹരിക്കുന്നവരാണ്. അതെ, ഫുട്ബോൾ ലോകം ഇന്ന് 'ഫോൾസ് 9' (False 9) എന്ന് വിളിക്കുന്ന ആ മാരക തന്ത്രം!
റൊണാൾഡീഞ്ഞോ മുതൽ ലയണൽ മെസി വരെ നീളുന്ന അസാമാന്യ പ്രതിഭകൾക്കു മാത്രം സാധിക്കുന്ന ആ റോളിൽ തിളങ്ങാൻ ഇനിയാരെങ്കിലും ലോക ഫുട്ബോളിന്‍റെ മൈതാനത്ത് ശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ ലോകകപ്പ് ഉത്തരം പറയും.
എന്താണ് ഈ 'ഫോൾസ് 9' മാജിക്?
പേരുപോലെ തന്നെ ഇതൊരു ചതിയാണ്! സാധാരണ സ്ട്രൈക്കറുടെ പൊസിഷനിൽ കളി തുടങ്ങുന്ന താരം പെട്ടെന്ന് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കുന്നു. എതിർ ടീമിലെ സെന്‍റർ ബാക്കുകൾക്ക് വലിയ ആശയക്കുഴപ്പമാണ് ഈ സ്ഥാനമാറ്റം വഴി രൂപപ്പെടുന്നത്.
ഈ സ്ട്രൈക്കറെ പിന്തുടർന്ന് മധ്യനിരയിലേക്ക് പോകണോ? അതോ ബോക്സിൽ തന്നെ നിൽക്കണോ? അവരെ പിന്തുടർന്നാൽ ബോക്സിൽ വലിയ വിടവുകൾ ഉണ്ടാകും, ആ വിടവുകളിലൂടെ വിങ്ങർമാർക്ക് ഗോളുകൾ നേടാം. ബോക്സിൽ തന്നെ നിൽക്കുകയാണെങ്കിൽ, ഈ 'ഫോൾസ് 9' താരം കളി മെനയുന്ന ഒരു പ്ലേമേക്കറായി മാറുകയും ടീമിനെ നയിക്കുകയും ചെയ്യും.
പെപ് ഗ്വാർഡിയോളയും ലയണൽ മെസിയും ചേർന്ന് ബാഴ്സലോണയുടെ സുവർണകാലത്ത് ഈ തന്ത്രത്തെ ലോകപ്രശസ്തമാക്കി. റൈറ്റ് വിങ്ങറായിരുന്ന മെസിയെ അവിടെനിന്നു സെന്‍ററിലേക്ക് കൊണ്ടുവന്ന ഗ്വാർഡിയോള, അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. അതായിരുന്നു മെസി എന്ന ഇതിഹാസത്തിന്‍റെ കരിയറിലെ വഴിത്തിരിവ്.
ടിപ്പിക്കൽ ഫോൾസ് 9 എന്ന് വിശേഷിപ്പിക്കപ്പെടാറില്ലെങ്കിലും, ഇതിനും മുൻപേ റൊണാൾഡീഞ്ഞോ ഫുട്ബോൾ പ്രേമികൾക്കു പരിചയപ്പെടുത്തിയ ആക്രമണ രീതിയായിരുന്നു ഇത്. ബാഴ്സലോണയ്ക്കു വേണ്ടി സാമുവൽ എറ്റൂ അടിച്ചുകൂട്ടിയ പല ഗോളുകൾക്കും പിന്നിൽ, ലെഫ്റ്റ് വിങ്ങിൽ നിന്നു മധ്യനിരയിലേക്കിറങ്ങിക്കളിച്ച റൊണാൾഡീഞ്ഞോയുടെ പ്രതിഭാവിലാസമുണ്ടായിരുന്നു. അതിനെ നിയതമായൊരു ശൈലിയായി അടയാളപ്പെടുത്തിയത് മെസിയായിരുന്നു എന്നു മാത്രം.
2026 ലോകകപ്പിലും ഈ തന്ത്രം അതിജീവിക്കുമോ?
ഇത്തവണത്തെ ലോകകപ്പിൽ മെസി വീണ്ടും ഫോൾസ് 9 റോളിൽ തിളങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 39-ാം വയസ്സിൽ പഴയ ആ വേഗമില്ലെങ്കിലും, എതിരാളികളുടെ കണ്ണുവെട്ടിച്ച് പന്ത് കടത്തുന്ന മെസിയുടെ മാന്ത്രികതയ്ക്ക് ഒരു മാറ്റവുമില്ല. ഇതോടൊപ്പം ഈ റോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ജർമനിയുടെ കൈ ഹാവെർട്സും ലോകകപ്പിലുണ്ട്. ആഴ്സനൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റയുടെ കീഴിൽ ഹാവെർട്സ് ഈ പൊസിഷനിൽ അദ്ഭുതങ്ങൾ കാട്ടാറുണ്ട്.
പരമ്പരാഗത സ്ട്രൈക്കർമാർ വീഴില്ല!
ഫോൾസ് 9 തന്ത്രങ്ങൾ എത്ര വളർന്നാലും, 'ബോക്സിലെ വേട്ടക്കാരുടെ' സ്ഥാനം ചോദ്യം ചെയ്യപ്പെടില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എർലിങ് ഹാലൻഡ്. പവർ, പൊസിഷൻ, കൃത്യത - ഇവയിൽ ഹാലൻഡിനെ വെല്ലാൻ ആരുണ്ട്! ഹാരി കെയ്ൻ എന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ ഗോൾ ദാഹത്തിന് ഇന്നും താരതമ്യങ്ങളില്ല. ലൗട്ടേരോ മാർട്ടിനെസ്, വിക്ടർ ഒസിമെൻ തുടങ്ങിയവർ തങ്ങളുടെ അഗ്രസീവ് കേളീശൈലിയിലൂടെ ഗോൾമുഖത്ത് ഭീതി വിതയ്ക്കുന്നു.
ചുരുക്കത്തിൽ, 2026 ലോകകപ്പ് ഒരു തന്ത്രപരമായ പോരാട്ടത്തിന് കൂടിയാണ് വേദിയാകുന്നത്. ചില ടീമുകൾ തന്ത്രപരമായ മൂവ്മെന്‍റുകളിലൂടെ പ്രതിരോധം തകർക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ സ്ട്രൈക്കറുടെ സഹജമായ ആക്രമണോത്സുകതയിലായിരിക്കും വിശ്വസിക്കുക.
രീതികൾ വ്യത്യസ്തമാകാം, പക്ഷേ ലക്ഷ്യം ഒന്നാണ് - ഗോളുകൾ! ഫുട്ബോൾ മൈതാനത്തെ ഈ തന്ത്രപരമായ പോരാട്ടം തന്നെയാണ് ഇത്തവണത്തെ ലോകകപ്പിന്‍റെ ഏറ്റവും വലിയ ആകർഷണം.