കൊളംബിയൻ ആക്രമണങ്ങൾ പലതും സ്വിറ്റ്സർലൻഡ് ഗോളി ഗ്രെഗർ കോബേലിനു മുന്നിൽ നിഷ്ഫലമായി.

 
FIFA World Cup

ഷൂട്ടൗട്ടിൽ കൊളംബിയ വീണു; സ്വിസ് പടയോട്ടം ഇനി അർജന്‍റീനയിലേക്ക്

ഗ്രെഗർ കോബേലിന്റെ അത്ഭുതസേവുകളും റൂബൻ വർഗാസിന്റെ നിർണായക പെനൽറ്റിയും സ്വിറ്റ്സർലൻഡിനെ 1954ന് ശേഷം ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ എത്തിച്ചു

Sports Desk

കൊളംബിയൻ ആരാധകർ തീർത്ത മഞ്ഞക്കടലിനെ സാക്ഷിനിർത്തി, കരളുറപ്പുള്ള പ്രതിരോധ തന്ത്രങ്ങളുമായി സ്വിറ്റ്സർലൻഡ് ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു. ക്യാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ 120 മിനിറ്റും ഗോളില്ലാതെ പിരിഞ്ഞ പ്രീ-ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ, പെനൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് കൊളംബിയയെ സ്വിസ് പട അട്ടിമറിച്ചത്.

സ്വിസ് ഗോളി ഗ്രെഗർ കോബേലിന്‍റെ തകർപ്പൻ സേവുകളും റൂബൻ വർഗാസ് എടുത്ത നിർണായകമായ അവസാന കിക്കുമാണ് സ്വിറ്റ്സർലൻഡിന് ചരിത്ര വിജയം സമ്മാനിച്ചത്. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ഒരു ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ജൂലൈ 12-ന് കാൻസാസ് സിറ്റിയിൽ നടക്കുന്ന പോരാട്ടത്തിൽ നിലവിലുള്ള ചാംപ്യന്മാരായ ലയണൽ മെസിയുടെ അർജന്‍റീനയാണ് സ്വിറ്റ്സർലൻഡിന്‍റെ എതിരാളികൾ. ഈജിപ്റ്റിനേട് രണ്ട് ഗോൾ ലീഡ് വഴങ്ങിയ ശേഷം അവസാന 14 മിനിറ്റിനുള്ളിൽ മൂന്നെണ്ണം തിരിച്ചടിച്ചാണ് അർജന്‍റീനയുടെ വരവ്.

52,000-ത്തിലധികം വരുന്ന കൊളംബിയൻ ആരാധകരുടെ ആർപ്പുവിളികൾക്കിടയിലേക്കാണ് സ്വിറ്റ്സർലൻഡ് കളിക്കാനിറങ്ങിയത്. ഇരുടീമുകളും പ്രതിരോധത്തിന് അമിത പ്രാധാന്യം നൽകിയതോടെ കളി മധ്യനിരയിൽ ഒതുങ്ങി. എങ്കിലും ആദ്യ പകുതിയിൽ ഇരു ഗോളികളും ലോകോത്തര നിലവാരം പുറത്തെടുത്തു.

21-ാം മിനിറ്റിൽ കൊളംബിയയുടെ ഗുസ്താവോ പ്യൂർട്ട ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ കേളിങ് ഷോട്ട് സ്വിസ് ഗോളി ഗ്രെഗർ കോബേൽ വായുവിൽ ഉയർന്നുപൊങ്ങി തട്ടിയകറ്റി.

30-ാം മിനിറ്റിൽ സ്വിസ് പടയുടെ മുന്നേറ്റം. ഡാൻ എൻഡോയെയുടെ ശ്രമത്തിൽ നിന്ന് പന്ത് ലഭിച്ച ഫാബിയൻ റീഡർ തൊടുത്ത ഷോട്ട് കൊളംബിയൻ ഗോളി കാമിലോ വർഗാസ് അതിസാഹസികമായി രക്ഷപെടുത്തി. തൊട്ടുപിന്നാലെ എൻഡോയെയുടെ മറ്റൊരു ശ്രമവും വർഗാസ് തടഞ്ഞു.

രണ്ടാം പകുതിയിലും സൂപ്പർ താരം ലൂയിസ് ഡയസിനെ സ്വിസ് പ്രതിരോധനിര പൂർണമായി പൂട്ടിയതോടെ കൊളംബിയൻ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു. സൂപ്പർ താരം ഹമിഷ് റോഡ്രിഗസിനെ 66-ാം മിനിറ്റിൽ പിൻവലിച്ച പരീക്ഷണവും കൊളംബിയയ്ക്ക് ഗുണം ചെയ്തില്ല. ഈ ടൂർണമെന്‍റിന്‍റെ കണ്ടെത്തലായ ജോഹാൻ മാൻസാംബിയുടെ പരിക്ക് സ്വിസ് നിരയെയും ബാധിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈം ഡ്രാമ

എക്സ്ട്രാ ടൈമിലാണ് മത്സരം അക്ഷരാർത്ഥത്തിൽ ആവേശഭരിതമായത്. കൊളംബിയയാണ് ഈ സമയം കൂടുതൽ ആക്രമിച്ചു കളിച്ചത്. 98-ാം മിനിറ്റിൽ യുവാൻ ക്വിന്‍റേറോ എടുത്ത മനോഹരമായ കോർണർ കിക്കിൽ കൊളംബിയൻ ഡിഫെൻഡർ ജോൺ ലുകൂമി ഉയർന്നുചാടി തലവച്ചെങ്കിലും പന്ത് സ്വിസ് ഗോൾവലയുടെ ക്രോസ്ബാറിൽ ഇടിച്ച് തെറിച്ചു! കൊളംബിയയുടെ നിർഭാഗ്യം അവിടെ തുടങ്ങി.

115-ാം മിനിറ്റിൽ സ്വിസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ ഗ്രാനിറ്റ് ഷാക്ക വരുത്തിയ അപ്രതീക്ഷിത പിഴവിൽ നിന്ന് ജാമിന്‍റൺ കാമ്പാസിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും താരം പന്ത് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു.

പെനൽറ്റി ലോട്ടറി

ഒടുവിൽ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. സ്വിസ് നിരയിൽ മാനുവൽ അകാഞ്ചി എടുത്ത കിക്ക് കൊളംബിയൻ ഗോളി തടുത്തപ്പോൾ സ്വിറ്റ്സർലൻഡ് സമ്മർദത്തിലായി. എന്നാൽ, കൊളംബിയയുടെ കിക്കുകൾ പിഴച്ചതോടെ കളി മാറി. ഒടുവിൽ കൊളംബിയയുടെ കൂച്ചോ ഹെർണാണ്ടസിന്‍റെ കിക്ക് സ്വിസ് ഗോളി ഗ്രെഗർ കോബേൽ മനോഹരമായി തട്ടിയകറ്റി.

അവസാന കിക്ക് എടുക്കാനെത്തിയ റൂബൻ വർഗാസ് പന്ത് കൃത്യമായി കൊളംബിയൻ വലയിലെത്തിച്ചതോടെ സ്വിസ് പട ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. തങ്ങളെ പിന്തുണച്ച മഞ്ഞക്കുപ്പായക്കാരായ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തി കൊളംബിയൻ താരങ്ങൾ കണ്ണീരോടെ മൈതാനത്ത് കിടക്കുന്ന കാഴ്ചയുമായാണ് ക്യാനഡയിലെ ലോകകപ്പ് മത്സരങ്ങൾക്ക് തിരശ്ശീല വീണത്.

കോച്ച് മുറാത് യാക്കിന്‍റെ കീഴിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള സ്വിറ്റ്സർലൻഡ്, ക്വാർട്ടറിൽ അർജന്‍റീനയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി