എട്ട് സേവുകൾ നടത്തിയ ഗോളി പാട്രിക് ബീച്ച് ഓസ്ട്രേലിയയുടെ വന്മതിലായി.

 
FIFA World Cup

തുർക്കിയുടെ തിരിച്ചുവരവ് കുളമാക്കി കംഗാരുക്കൾ

ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ തകർത്ത് ഓസ്ട്രേലിയക്ക് വിജയത്തുടക്കം

Sports Desk

വാൻകൂവർ: 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തിയ തുർക്കിയുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഓസ്ട്രേലിയ. വാൻകൂവറിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ തകർത്ത് ഓസ്ട്രേലിയ വിജയത്തുടക്കം കുറിച്ചു. നെസ്റ്ററി ഇറാൻകുണ്ട, കോണർ മെറ്റ്കാൽഫ് എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി ഗോളുകൾ നേടിയത്.

പന്തടക്കത്തിലും ആക്രമണത്തിലും തുർക്കി വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ഓസ്ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ചിന്‍റെ മിന്നുന്ന പ്രകടനമാണ് തുർക്കിയുടെ പ്രതീക്ഷകൾ തകർത്തത്. എട്ട് നിർണായക സേവുകളുമായി ബീച്ച് ഓസ്ട്രേലിയയുടെ വന്മതിലായി മാറി. പരിചയസമ്പന്നനായ മാത്യു റയാനെ മറികടന്ന് ബീച്ചിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയ പരിശീലകൻ ടോണി പോപോവിച്ചിന്‍റെ തീരുമാനം പൂർണമായും ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.

മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ മൂന്ന് തുർക്കി പ്രതിരോധക്കാരെ കബളിപ്പിച്ച് ലോ-ഷോട്ടിലൂടെ നെസ്റ്ററി ഇറാൻകുണ്ടയാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. ഓസ്ട്രേലിയൻ ഫുട്ബോൾ ഇതിഹാസം ടിം കാഹിലിന്‍റെ ശൈലിയിൽ കോർണർ ഫ്ലാഗ് ഇടിച്ചുതകർത്ത് ഇരുപതുകാരനായ ഇറാൻകുണ്ട തന്‍റെ ഗോൾ ആഘോഷിച്ചു.

ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ താരമെന്ന റെക്കോർഡും ഇതോടെ ഇറാൻകുണ്ടയുടെ പേരിലായി.

തുർക്കിയുടെ സൂപ്പർ താരം ആർഡ ഗുലറിന്‍റെ ഉൾപ്പെടെയുള്ള മികച്ച മുന്നേറ്റങ്ങൾ ഗോൾകീപ്പർ ബീച്ച് വിഫലമാക്കി. 75-ാം മിനിറ്റിൽ ഇസ്മായിൽ യുക്സെക്കിന്‍റെ പിഴവ് മുതലെടുത്ത് കോണർ മെറ്റ്കാൽഫ് ഓസ്ട്രേലിയയുടെ ലീഡ് രണ്ടായി ഉയർത്തി.

മത്സരത്തിന്‍റെ 72 ശതമാനം സമയവും പന്ത് നിയന്ത്രിച്ചത് തുർക്കിയാണ്. 30 ഷോട്ടുകൾ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. മത്സരത്തിനു തലേദിവസം തുർക്കി ക്യാപ്റ്റൻ ഹകൻ ചൽഹാനോഗ്‌ലു നടത്തിയ, തങ്ങൾ കൂടുതൽ കഴിവുള്ള ടീമാണെന്ന പരാമർശത്തിനു കളിക്കളത്തിൽ മറുപടി നൽകാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ താരങ്ങൾ.

2002-ലെ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ തുർക്കി വലിയ ഇടവേളയ്ക്കു ശേഷമാണ് ലോകകപ്പ് വേദിയിലെത്തുന്നത്. 2024-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ ടീമിനെ എത്തിച്ച പരിശീലകൻ വിൻസെൻസോ മോണ്ടെല്ലയ്ക്ക് പക്ഷേ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം നേടാനായില്ല.

സതീശനാണ് ആദ്യം മാപ്പു പറയേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി

പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി

'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെങ്കിൽ ആദ‍്യം മാപ്പ് പറയേണ്ടത് മുഖ‍്യമന്ത്രി'; പ്രതികരണവുമായി കെ. സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള: എസ്ഐടി സംഘം സന്നിധാനത്ത്