ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിന്‍റെ 9-ാം മിനിറ്റിൽ തന്നെ യുഎസ്എക്കെതിരേ ബെൽജിയം ലീഡ് നേടി.

 
FIFA World Cup

ട്രംപ് ഓർഡറിട്ടാൽ കളി ജയിക്കില്ല; യുഎസ്എയെ നാണം കെടുത്തി ബെൽജിയം ക്വാർട്ടറിൽ

ഫൊലാരിൻ ബലോഗുന്റെ സസ്പെൻഷൻ നീക്കാൻ ഫിഫയിൽ സമ്മർദം ചെലുത്തിയെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിനിടെ ബെൽജിയത്തിന്റെ 4-1 ജയം ആതിഥേയരെ ലോകകപ്പിൽ നാണംകെടുത്തി

VK SANJU

സ്റ്റാർ സ്ട്രൈക്കർ ഫൊലാരിൻ ബലോഗുന്‍റെ സസ്പെൻഷൻ മരവിപ്പിക്കാൻ താൻ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയോട് ആവശ്യപ്പെട്ടു എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്. പതിവ് തള്ളായാലും സത്യമായാലും കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ബലോഗുൻ ബെൽജിയത്തിനെതിരായ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിൽ യുഎസിന്‍റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷേ, ബെൽലജിയത്തിന്‍റെ ഫുട്ബോൾ മികവിനു മുന്നിൽ ആതിഥേയരുടെ തിണ്ണമിടുക്ക് വിലപ്പോയില്ല. ഒന്നിനെതിരേ നാല് ഗോളിനു നാണം കെട്ട് ലോകവേദിയിൽ നിന്ന് യുഎസിന്‍റെ പടിയിറക്കം. പോർച്ചുഗലിനെ കരയിച്ചുവിട്ട സ്പെയിനാണ് ക്വാർട്ടറിൽ ബെൽജിയത്തിന്‍റെ അടുത്ത എതിരാളികൾ.

ഫിഫയെ ഭീഷണിപ്പെടുത്തി കളി ജയിക്കാമെന്നു കരുതിയ അമെരിക്കൻ തന്ത്രങ്ങൾക്ക് ബെൽജിയത്തിന്‍റെ ചാർലസ് ഡി കെറ്റെലെയർ നൽകിയത് ഇരട്ട പ്രഹരം. ഇതോടെ കാനഡയ്ക്കും മെക്സിക്കോയ്ക്കും പിന്നാലെ മൂന്നാമത്തെ ആതിഥേയ രാജ്യവും സ്വന്തം നാട്ടുകാരെ സാക്ഷിനിർത്തി ലോകകപ്പ് വേദിയിൽ നിന്ന് പെട്ടിമടക്കി.

ട്രംപ് ഓർഡറിട്ടാൽ ഫിഫയുടെ മുട്ടുവിറയ്ക്കുമെങ്കിലും ഞങ്ങൾ ഭയക്കില്ലെന്ന പ്രഖ്യാപനവുമായി മത്സരത്തിന്‍റെ 9-ാം മിനിറ്റിൽ തന്നെ ബെൽജിയം അടി തുടങ്ങി. ലിയാൻഡ്രോ ട്രോസാർഡിന്‍റെ മനോഹരമായ പാസ്സിൽ നിന്നു റസ്കിൻ നൽകിയ അസിസ്റ്റിലൂടെ ഡി കെറ്റെലെയർ യുഎസ്എയുടെ വല കുലുക്കി ആദ്യ വെടിപൊട്ടിച്ചു.

31-ാം മിനിറ്റിലായിരുന്നു യുഎസ് ആരാധകർക്ക് ആശ്വസിക്കാൻ വക കിട്ടിയ ഏക മുഹൂർത്തം. കഴിഞ്ഞ കളിയുടെ ആവർത്തനമെന്നോണം മാലിക് ടിൽമാൻ എടുത്ത ഫ്രീക്കിക്ക് ബെൽജിയം ഗോളി തിബോ കോർട്ടോയെ മറികടന്ന് വലയിൽ കയറിയപ്പോൾ മാലപ്പടക്കം ഓർഡർ ചെയ്യാൻ വൈറ്റ് ഹൗസിൽ നിന്ന് അടുത്ത ഫോൺ കോൾ പോയി.

പക്ഷേ, അമെരിക്കൻ അഹന്തയുടെ ആയുസ് 116 സെക്കൻഡ് മാത്രമായിരുന്നു. രണ്ട് മിനിറ്റ് തികയും മുൻപേ ട്രോസാർഡിന്‍റെ ക്രോസിൽ തലവെച്ച് ഡി കെറ്റെലെയർ തന്‍റെ ഇരട്ട ഗോൾ തികച്ചു, ബെൽജിയത്തിന്‍റെ ലീഡും തിരിച്ചുപിടിച്ചു. ഇത് കണ്ട് ദേഷ്യം സഹിക്കാനാവാതെ യുഎസ് കോച്ച് പൊച്ചെറ്റിനോ ടച്ച് ലൈനിലിരുന്ന വാട്ടർ ബോട്ടിലുകൾ തൊഴിച്ചുതെറിപ്പിക്കുന്നത് ക്യാമറയിൽ പതിഞ്ഞു. 'മിസ് യൂ ട്രംപ്' എന്നു പറഞ്ഞ് യുഎസ് ആരാധകർ കണ്ണീരൊപ്പി.

ഇനിയൊന്ന് ഫോണെടുത്ത് ഡയൽ ചെയ്യാൻ ട്രംപിനു പോലും നാണക്കേട് തോന്നും വിധം രണ്ടാം പകുതിയിൽ യുഎസ് ഗോളി മാറ്റ് ഫ്രീസ് ബെൽജിയത്തിന് മൂന്നാം ഗോൾ ഫ്രീയായി കൊടുത്തു. 57-ാം മിനിറ്റ്, ലോങ് ബോൾ ക്ലിയർ ചെയ്യാൻ കണ്ണും മൂക്കുമില്ലാതെ ബോക്സിന് പുറത്തേക്കു വച്ചുപിടിച്ച ഗോളി ഫ്രീസ് പന്തിലേക്ക് ആഞ്ഞു തൊഴിച്ചു. കൊണ്ടത് വെറും നിലത്ത്, ഗോളി ഫ്രീസ് ശരിക്കും ഫ്രീസായ നിമഷം! പന്ത് നേരെ കെറ്റെലെയറുടെ കാലിൽ. പാസ് സ്വീകരിച്ച് ഹാൻസ് വനാകെൻ ഒഴിഞ്ഞുകിടന്ന അമെരിക്കൻ നിസാരമായി പന്ത് ഉരുട്ടിവിട്ടു.

ട്രംപ് ഫോൺ വിളിച്ച് രക്ഷപെടുത്തിയെന്നു പറയപ്പെടുന്ന ബലോഗുൻ കളിക്കളത്തിൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ബെൽജിയത്തിന്‍റെ വന്മതിൽ തിബോ കോർട്ടോ പിന്നീടൊരിക്കലും പതറിയില്ല. പതിവുപോലെ അവസാന മിനിറ്റുകളിൽ പകരക്കാരനായെത്തിയ സൂപ്പർ താരം റൊമേലു ലുക്കാക്കു ഇഞ്ചുറി ടൈമിൽ (93') അമെരിക്കയുടെ മുറിവുകളിൽ ഉപ്പു തേച്ചുകൊണ്ട് ബെൽജിയത്തിന്‍റെ നാലാം ഗോളും നേടി. വൈറ്റ് ഹൗസിൽ നിന്നൊരു കൂർക്കം വലിയുടെ പ്രതിധ്വനി മുഴങ്ങി. ഇനി മത്സര ഫലം മാറ്റാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കാൻ ട്രംപിന് നിയമോപദേശം തേടാം...!

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 ജാമ്യാപേക്ഷകളിൽ വിധി ചൊവ്വാഴ്ച

സുകുമാരക്കുറുപ്പ് എവിടെ? ഉത്തരം കണ്ടെത്താൻ ക്രൈംബ്രാഞ്ച്, കേസ് വീണ്ടും പരിശോധിച്ചു

സിംബാവെയ്ക്ക് എതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണിന് ഇടമില്ല, വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം

പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

ഓപ്പറേഷൻ തൂഫാൻ; ഡോക്റ്റര്‍മാരുടെ കുറിപ്പടിയില്ലാതെ ഇനി മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് കിട്ടില്ല