ക്രിസ് ലിൻ

 
Sports

കൊക്കെയ്‌ൻ ഉപയോഗിച്ചതായി കണ്ടെത്തി; മുൻ ഐപിഎൽ താരത്തിന് വിലക്ക്

ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസിൽ നോർത്താംപ്ടൺഷെയറിനായി കളിക്കുന്നതിനിടെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി

Aswin AM

മെൽ‌ബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസിൽ നോർത്താംപ്ടൺഷെയറിനായി കളിക്കുന്നതിനിടെ ഉത്തേജക മരുന്ന് പരിശോധനയിൽ താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

താരത്തിന്‍റെ മൂത്ര സാംപിൾ ഫ്രാൻസിലുള്ള ഉത്തേജക മരുന്ന് പരിശോധന ലാബിലേക്ക് അയച്ചു. ജൂലൈ 15ന് വൈകീട്ടും ജൂലൈ 16ന് പുലർച്ചെയും താൻ കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ക്രിസ് ലിൻ സമ്മതിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് മാസത്തേക്കായിരുന്നു താരത്തെ വിലക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പുനരധിവാസ പരിപാടിയിൽ പങ്കെടുത്തതിനാൽ വിലക്ക് ഒരുമാസമായി കുറയ്ക്കുകയായിരുന്നു.

ഓസ്ട്രേലിയക്കു വേണ്ടി 4 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും ക്രിസ് ലിൻ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത‍്യൻസ്, ഡെക്കാൻ ചാർജേഴ്സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഐപിഎല്ലിലെ ആക്രമണോത്സുക ഓപ്പണിങ് ബാറ്റർമാരിൽ ഒരാളായിരുന്നു ക്രിസ് ലിൻ. 42 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 10 അർധസെഞ്ചുറികൾ അടക്കം 1329 റൺസ് നേടിയിട്ടുണ്ട് താരം. അതേസമയം, അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയൻ‌ ലീഗായ ബിഗ്ബാഷിൽ മെൽബൺ റെനഗേഡ്സിനൊപ്പം താരം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.