മാർക്കോ യാൻസൻ

 
Sports

അന്ന് വിരാട് കോലിയെ വിറപ്പിച്ച നെറ്റ് ബൗളർ, ഇന്ന് വേൾഡ് ക്ലാസ് ഓൾറൗണ്ടർ

ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലെ നമ്പർ വൺ ബൗളറും ഓൾറൗണ്ടറുമാണ് ദക്ഷിണാഫ്രിക്കയുടെ സ്വന്തം മാർക്കോ യാൻസൻ

Aswin AM
In cricket, you don't just play the game, you build a legacy with every ball you bowl.
Dale Steyn

അശ്വിൻ എ.എം.

വർഷം 2018, ഇന്ത‍്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് തയാറെടുക്കുന്ന കാലം. 150 കിലോമീറ്റർ വേഗതയിൽ തീ തുപ്പുന്ന ഡെയ്‌ൽ സ്റ്റെയിനും മോർണി മോർക്കലും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ നേരിടാൻ ഇന്ത‍്യ നെറ്റ്സിൽ പരിശീലനത്തിനായി രണ്ടു സഹോദരങ്ങളെ പന്തെറിയാൻ വിളിക്കുന്നു.

അതിലൊരാൾക്ക് അന്ന് 17 വയസ് മാത്രമായിരുന്നു പ്രായം. ലോകോത്തര ബൗളർമാർക്കെതിരേ പന്തെറിയാൻ അവസരം ലഭിച്ചതിന്‍റെ ആവേശത്തിലായിരുന്നു ആ കൗമാരക്കാരൻ. വിരാട് കോലിക്കെതിരേ ഔട്ട്സൈഡ് ഓഫ് സ്റ്റംപ് ലൈനിൽ മൂന്ന് വട്ടം പന്ത് ബീറ്റണായതോടെ ആ ചെറുപ്പക്കാരനെ കോലി അടുത്തേക്ക് വിളിച്ചു. ''നിനക്ക് നല്ല കഴിവുണ്ട് കഠിനാധ്വാനം ചെയ്യണം''. കോലിയുടെ ഉപദേശം അതേപടി പകർത്തിയ അയാൾ പടിപടിയായി ഉയർന്നു. ഇന്ന് 8 വർഷം പിന്നിടുമ്പോൾ ആ കൗമാരക്കാരൻ ടെസ്റ്റ് ക്രിക്കറ്റിലെ നമ്പർ വൺ ബൗളറും ഓൾറൗണ്ടറുമാണ്. ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന്‍റെ കുന്തമുന. അതേ, മാർക്കോ യാൻസൻ.

വലത് വശത്ത് നിന്ന് രണ്ടാമത് മാർക്കോ യാൻസൻ, ഇടത് വശത്ത് സഹോദരൻ ദുവാൻ യാൻസൻ എന്നിവർ വിരാട് കോലിക്കൊപ്പം

അടുത്തിടെ നടന്ന ഓസ്ട്രേലിയൻ പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയതോടെ ഡെയിൽ സ്റ്റെയിൻ എക്സിൽ ഇപ്രകാരം കുറിച്ചു. 'Marco Jansen is currently the best cricketer in the world'. അദ്ദേഹം പറഞ്ഞതിനോട് 100 ശതമാനം നീതി പുലർത്തുന്ന പ്രകടനമായിരുന്നു അക്ഷരാർഥത്തിൽ ആ 26കാരനിൽ നിന്നും കാണാൻ സാധിച്ചത്.

ബൗളിങ്ങിൽ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജസ്പ്രീത് ബുംറയും ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ‍്യയും കാമറൂൺ ഗ്രീനും അടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും സ്റ്റെയിൻ ഇങ്ങനെ മാർക്കോ യാൻസന്‍റെ പേരു പറഞ്ഞത്? 6 വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിൽ ബാറ്റിങ് നിര തകർന്നു നിൽക്കുമ്പോഴായിരുന്നു രക്ഷകനായി മാർക്കോ ക്രീസിൽ അവതരിച്ചത്. 100 പന്തിൽ നിന്ന് അടിച്ചെടുത്തത് 85 റൺസ്. ബൗളിങ്ങിൽ 33 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് സ്വന്തമാക്കി നിർ‌ണായക പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

പോയ വർഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2021ലെ ഐപിഎൽ താരലേലത്തിൽ മുംബൈ ഇന്ത‍്യൻസ് 20 ലക്ഷം രൂപയ്ക്ക് യാൻസനെ വിളിച്ചെടുത്തതോടെയാണ് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേയായിരുന്നു ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം. ഓസീസ് താരം ഗ്ലെൻ മാക്സ്‌വെല്ലിനെ ഗ‍്യാലറിയിലേക്ക് പറഞ്ഞയച്ചുകൊണ്ട് യാൻസൻ വരവറിയിച്ചു. ഏത് സാഹചര‍്യത്തിലും പന്തെറിയാൻ പറ്റുന്ന താരമെന്നായിരുന്നു അന്ന് ടീമിന്‍റെ ക‍്യാപ്റ്റനായ രോഹിത് ശർമ യാൻസനെ വിശേഷിപ്പിച്ചത്.

പതിയെ പതിയെ താരത്തിന്‍റെ ആത്മവിശ്വാസം വർധിച്ചു. വൈകാതെ അയാളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്ക ഇന്ത‍്യയ്ക്കെതിരേ യാൻസനെ പ്രയോഗിക്കാൻ തീരുമാനിച്ചു. 2021ൽ സെഞ്ചൂറിയനിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ യാൻസൻ ആദ‍്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവച്ചു. പിച്ചിന്‍റെ സാഹചര‍്യം മനസിലാക്കി അസാമാന‍്യ പ്രകടനം പുറത്തെടുക്കാൻ കെൽപ്പുള്ള ഗംഭീര ബാറ്റിങ് നിരയുമായാണ് അന്ന് ഇന്ത‍്യ പര‍്യടനത്തിനെത്തിയത്.

അനായാസം യോർക്കറുകളും വ‍്യത‍്യസ്തമായ ബൗളിങ് ആംഗിളിൽ നിന്ന് അതിവേഗതയിൽ ബൗൺസറും എറിയാനുള്ള യാൻസന്‍റെ കഴിവ് മറ്റുബൗളർമാരിൽ നിന്നു വ‍്യത‍്യസ്തനാക്കി. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ 19 വിക്കറ്റുകൾ സ്വന്തമാക്കി യാൻസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ സാന്നിധ‍്യം അറിയിച്ചു. പിന്നീട് ഇംഗ്ലണ്ടിനെതിരേ ഓവലിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും സഹതാരം കാഗിസോ റബാഡയുടെ 14 വിക്കറ്റ് നേട്ടത്തിനു മുന്നിൽ യാൻസന്‍റെ പ്രകടനം മങ്ങിപ്പോയി.

ഒടുവിൽ 2000ത്തിനു ശേഷം ദക്ഷിണാഫ്രിക്ക ഇന്ത‍്യയിൽ നേടിയ ആദ‍്യ ടെസ്റ്റ് പരമ്പര വിജയത്തിൽ നിർണായക പങ്കാണ് മാർക്കോ യാൻസൻ വഹിച്ചത്. രണ്ട് ടെസ്റ്റുകളിൽ നിന്നായി 10ൽ താഴെ ബൗളിങ് ശരാശരിയിൽ 12 വിക്കറ്റ്. ഗോഹട്ടി ടെസ്റ്റിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പ്രോട്ടീസിനെ ഒമ്പതാമനായി ഇറങ്ങി 489 എന്ന സ്കോറിലേക്ക് എത്തിച്ച തീപ്പൊരി പ്രകടനം. അതൊരു സാധാരണ ബാറ്റിങ് പ്രകടനം മാത്രമായിരുന്നില്ല. ലാൻസ് ക്ലൂസനറിനും ജാക്വസ് കാലിസിനും ശേഷം ദ‍ക്ഷിണാഫ്രിക്കൻ നിരയിൽ ഒരു ക്ലാസ് ഓൾറൗണ്ടറുടെ പിറവിയായിരുന്നു.

മത്സരത്തിന്‍റെ ഗതി നിർണയിക്കാൻ പറ്റുന്ന താരമായി മാർക്കോ മാറിയെന്നതിന്‍റെ തെളിവാണിത്. നെറ്റ് ബൗളറായി തുടങ്ങി മാച്ച് വിന്നറായി വളരുമ്പോൾ അത് വെറുമൊരു വളർച്ചയല്ല. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഒരു കൗമാരക്കാരൻ സ്വന്തം സ്വപ്നങ്ങളെ കൂട്ടുപിടിച്ച് യാഥാർഥ്യമാക്കിയതിന്‍റെ നേർക്കാഴ്ചയാണ്. ആ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ലോകക്രിക്കറ്റിലെ തങ്ക ലിപികളിൽ മാർക്കോ യാൻസൻ എന്ന പേര് ഇനിയും ഒരുപാട് ചരിത്രങ്ങൾ രചിക്കും.