ഹാർദിക് പാണ്ഡ‍്യ

 
Sports

ഹാർദിക് പാണ്ഡ‍്യയുടെ തിരിച്ചുവരവ് വൈകും; 2027 ഐപിഎൽ വരെ കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരേ വരുന്ന ഡിസംബറിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയും ജനുവരിയിൽ സിംബാബ്‌വെയ്ക്കെതിരേ നടക്കാനിരിക്കുന്ന മത്സരവും താരത്തിന് നഷ്ടമായേക്കും

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയുടെ തിരിച്ചുവരവ് വൈകിയേക്കും. 2027 ഐപിഎൽ സീസൺ വരെ താരം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ‌. പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ മാധ‍്യമപ്രവർത്തകൻ അഭിഷേക് ത്രിപാതിയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരേ വരുന്ന ഡിസംബറിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയും ജനുവരിയിൽ സിംബാബ്‌വെയ്ക്കെതിരേ നടക്കാനിരിക്കുന്ന മത്സരവും താരത്തിന് നഷ്ടമായേക്കും. പരുക്കിനെത്തുടർന്ന് ഹാർദിക് കായികക്ഷമത വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2027ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത‍്യയുടെ പദ്ധതികൾക്ക് വലിയ തിരിച്ചടിയാണിത്. താരത്തിന്‍റെ പരുക്കിനെ ചൊല്ലി ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രഥമ പരിഗണന എപ്പോഴും ഹാർദിക്കിന് തന്നെയാണ്.

അഫ്ഗാനിസ്ഥാനെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ ഹാർദിക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ വച്ച് വീണ്ടും ആരോഗ‍്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ തിരിച്ചുവരവ് നടന്നില്ല. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും താരത്തിന് നഷ്ടമായി. ഓസ്ട്രേലിയക്കെതിരേയുള്ള ഇന്ത‍്യ ടീമിലേക്ക് ഹാർദിക്കിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്കിനെത്തുടർന്ന് അവസരം നഷ്ടപ്പെട്ടു. ഹാർദിക്കിന്‍റെ തിരിച്ചുവരവ് വൈകുന്നതിനാൽ നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, നമൻ ധിർ, സൂര‍്യാംശ് ഷെഡ്ഗെ എന്നീ ഓൾറൗണ്ടർമാരെയായിരിക്കും ടീം മാനേജ്മെന്‍റ് പരിഗണിക്കുക.