ദേവദത്ത് പടിക്കൽ.

 

File

Sports

ദേവദത്ത് 199; തിരിച്ചടിച്ച് ഇന്ത്യ എ

ചതുർദിന മത്സരത്തിന്‍റെ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 488 റൺസ് എന്ന നിലയിലാണ് ഇന്ത്യ

VK SANJU

ലിങ്കൺ: ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിന്‍റെ അതിശക്തമായ തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ 118 റൺസിന് ഓൾഔട്ടാകുകയും 204 റൺസ് ലീഡ് വഴങ്ങുകയും ചെയ്ത സന്ദർശകർ ഇപ്പോൾ 284 റൺസിന് മുന്നിലാണ്. ചതുർദിന മത്സരത്തിന്‍റെ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 488 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കൽ നേടിയ 199 റൺസാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്. 248 പന്ത് മാത്രമാണ് ദേവദത്ത് നേരിട്ടത്. 184 പന്തിൽ 91 റൺസെടുത്ത സായ് സുദർശൻ ഉറച്ച പിന്തുണ നൽകി. ഇരുവരും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലും അംഗങ്ങളാണ്.

അതേസമയം, സീനിയർ ടീം ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (17, 5) കെ.എൽ. രാഹുലും (0, 4) രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തി.

വിദർഭയുടെ മധ്യനിര ബാറ്റർ യഷ് റാത്തോഡാണ് മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ട യുവതാരം. ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്കിടയിലും 44 റൺസെടുത്ത് പുറത്താകാതെ നിന്ന യഷ്, രണ്ടാം ഇന്നിങ്സിൽ 66 റൺസും നേടി. തൊണ്ണൂറിനടുത്താണ് സ്ട്രൈക്ക് റേറ്റ്.

യഷ് റാത്തോഡ്.

അവസാന ദിവസം നേരത്തെ ഡിക്ലയർ ചെയ്ത് ന്യൂസിലൻഡിനെ വെല്ലുവിളിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. 51 റൺസുമായി വാഷിങ്ടൺ സുന്ദറും റണ്ണൊന്നുമെടുക്കാതെ ആകാശ് ദീപും ക്രീസിലുണ്ട്.