ദേവ്ദത്ത് പടിക്കൽ

 
Sports

മഴ വില്ലനായി; ഇന്ത‍്യ എ- ന‍്യൂസിലൻഡ് എ മൂന്നാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരം സമനിലയിൽ

മത്സരത്തിന്‍റെ നാലാം ദിനം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് സമനിലയിലെത്തിയത്

Aswin AM

ലിങ്കൺ: ന‍്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത‍്യ എ ടീമിന്‍റെ മൂന്നാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിന്‍റെ നാലാം ദിനം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് സമനിലയിലെത്തിയത്. ഇതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്ക് ന‍്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കാനുള്ള അവസരം നഷ്ടമായി. കഴിഞ്ഞ ദിവസവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 464 റൺസ് അടിച്ചെടുത്തിരുന്നു. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ (102), സായ് സുദർശൻ (88), ക‍്യാപ്റ്റന്‍ ധ്രുവ് ജുറൽ (71), തിലക് വർമ (81), വാഷിങ്ടൺ സുന്ദർ (50) എന്നിവരുടെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കോർ ഉയർന്നത്.

ഈ മത്സരത്തിലാകെ 6 ഓവറുകൾ മാത്രമാണ് ബുംറ പന്തെറിഞ്ഞത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 11 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. അതേസമയം, ജഡേജ 71 പന്തുകൾ നേരിട്ട് 25 റൺസ് നേടി. ഒരു മണിക്കൂറും ഇരുപത് മിനിറ്റും താരം ക്രീസിൽ പിടിച്ചുനിന്നു. എന്നാൽ ജഡേജയ്ക്ക് മത്സരത്തിൽ പന്തെറിയാൻ അവസരം ലഭിച്ചില്ല. ബുറയ്ക്കും ജഡേജയ്ക്കും വളരെയധികം നിർണായകമായിരുന്നു മൂന്നാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരം.

പാക്കിസ്ഥാനെതിരായ ഏഷ‍്യൻ ഗെയിംസ് ഫൈനലിലാണ് ബുംറ അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. പിന്നീട് ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിക്കുകയായിരുന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച കിവീസ് രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലായിരുന്നു. പേസർ പ്രസിദ്ധ് കൃഷ്ണയാണ് രണ്ട് വിക്കറ്റുകളും പിഴുതത്. അതേസമയം, തുടർച്ചയായി രണ്ട് സെഞ്ചുറികൾ‌ നേടിയ ജയ്സ്വാൾ, പരമ്പരയിൽ 199 റൺസ് അടിച്ച് തകർപ്പൻ പ്രകടനം പുറത്തെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കൽ, എന്നിവർ മിന്നും ഫോമിലാണ്.