കെ.എൽ. രാഹുൽ

 
Sports

കെ.എൽ. രാഹുൽ അടക്കം 5 പേർ ഡക്ക്; അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ തകർന്നടിഞ്ഞ് ഇന്ത‍്യ എ ടീം

ടോസ് നഷ‍്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ എ 113 റൺസിന് ഓൾഔട്ടായി

Aswin AM

ലിങ്കൺ: ന‍്യൂസിലൻഡ് എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്ത് ഇന്ത‍്യ എ. ടോസ് നഷ‍്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ എ 113 റൺസിന് ഓൾഔട്ടായി. 44 റൺസ് നേടിയ രഞ്ജി താരം യഷ് റാത്തോഡാണ് ടീമിന്‍റെ ടോപ് സ്കോറർ.

യഷിനു പുറമെ മലയാളി താരം ദേവ്ദത്ത് പടിക്കൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 77 പന്തുകൾ നേരിട്ട താരം 32 റൺസ് നേടി. യശസ്വി ജയ്സ്വാൾ ( 17), കെ.എൽ. രാഹുൽ (0) സായ് സുദർശൻ (0) അടക്കമുള്ള പ്രധാന താരങ്ങൾ അടങ്ങുന്ന ടീമാണ് ന‍്യൂസിലൻഡ് എ ടീമിനെ നേരിട്ടത്.

കെ.എൽ. രാഹുൽ‌, സായ് സുദർശൻ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുകേഷ് ചൗധരി എന്നിങ്ങനെ 5 താരങ്ങളാണ് റൺസൊന്നും കണ്ടെത്താനാകാതെ സംപൂജ‍്യരായി മടങ്ങിയത്. ആകെ ഒരു റൺസ് മാത്രമാണ് ക‍്യാപ്റ്റൻ ധ്രുവ് ജുറലിന് അടിച്ചെടുക്കാനായത്. കിവീസിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ സൈമൺ കീനാണ് ഇന്ത‍്യയെ തകർത്തത്. സൈമണു പുറമെ സാക് ഗിബ്സൺ മൂന്നു വിക്കറ്റ് പിഴുതു. ആകെ ശുഭ്മൻ ഗില്ലും ഋഷഭ് പന്തും മാത്രമാണ് സീനിയർ ടീമിൽ നിന്നും ഇന്ത‍്യ എ ടീമിലില്ലാതിരുന്നത്.

ഇന്ത‍്യ‍യുടെ ഇന്നിങ്സ് 39.3 ഓവർ മാത്രമെ നീണ്ടു നിന്നുള്ളൂ. എന്നാൽ 19.3 ഓവർ വരെ ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെയാണ് ന‍്യൂസിലൻഡ് ബാറ്റ് ചെയ്തത്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് അടിച്ചെടുത്തിട്ടുണ്ട് ന‍്യൂസിലൻഡ്. ഇതോടെ 22 റൺസ് ലീഡായി. അവരുടെ ക‍്യാപ്റ്റൻ റൈസ് മാരിയു 76 റൺസ് നേടി പുറത്തായി. 37 റൺസുമായി കർട്ടിസ് ഹീഫിയാണ് ക്രീസിൽ. റൈസ് മാരിയുവിനു പുറമെ ജെയ്ഡൻ ലെന്നോക്സ് (0), ടിം റോബിൻസൺ (0) എന്നിവരുടെ വിക്കറ്റുകളാണ് ന‍്യൂസിലൻഡ് എ ടീമിനു നഷ്ടമായത്. ഇന്ത‍്യയ്ക്കു വേണ്ടി ആക്വിബ് നബി രണ്ടും മുകേഷ് ചൗധരി ഒരു വിക്കറ്റും വീഴ്ത്തി.