ഓസ്ട്രേലിയ എ വനിതാ ടീമിനെതിരേ ഇന്ത്യ എ താരം മിന്നു മണിയുടെ മിന്നുന്ന ഷോട്ട്.

 
Sports

ഇടിമിന്നലായി മിന്നു മണി; ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ എ വനിതകൾ

56 പന്തിൽ 88 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം മിന്നു മണി 363 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചു. അനൗദ്യോഗിക ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ എ വനിതാ ടീം സ്വന്തമാക്കി.

VK SANJU

മൊഹാലി: ഓസ്ട്രേലിയ എ വനിതാ ക്രിക്കറ്റ് ടീം 363 റൺസ് എന്ന വിജയലക്ഷ്യം മുന്നോട്ടുവയ്ക്കുമ്പോൾ കടുത്ത ഇന്ത്യൻ ആരാധകർ പോലും ഇന്ത്യ എ ടീമിന്‍റെ പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പക്ഷേ, പത്ത് പന്തും നാല് വിക്കറ്റും ശേഷിക്കെ ഇന്ത്യൻ വനിതകൾ ആ ഹിമാലയൻ ലക്ഷ്യം എത്തിപ്പിടിക്കുമ്പോൾ അപരാജിതയായി ഒരു മലയാളി പെൺകുട്ടി ക്രീസിലുണ്ടായിരുന്നു- മിന്നു മണി. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങി 55 പന്തിൽ 88 റൺസെടുത്ത് പുറത്താകാതെ നിന്ന വയനാട്ടുകാരിയുടെ ബാറ്റിൽ നിന്ന് 12 ഫോറും മൂന്നു സിക്സും പറന്നു.

119 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റും 210 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്നിങ്സിലാണ് 27 വയസുകാരിയുടെ അവിസ്മരണീയ പ്രകടനം. ഓപ്പണർ തനിഷ് സിങ് (58 പന്തിൽ 60), ക്യാപ്റ്റൻ അനുഷ്ക ശർമ (42 പന്തിൽ 58), യുവതാരം നിക്കി പ്രസാദ് (71 പന്തിൽ 76) എന്നിവരുടെ അർധ സെഞ്ചുറികളും നിർണായകമായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 362 റൺസ് എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഇന്ത്യ എ 48.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 364 റൺസിലെത്തി.

ഷാർലി നോട്ട് (70 പന്തിൽ 109), കോർട്ട്നി വെബ് (92 പന്തിൽ 95) എന്നിവരുടെ പ്രകടനമാണ് ഓസ്ട്രേലിയയെ വലിയ സ്കോറിലേക്കു നയിച്ചത്. 48 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യുവ സ്പിന്നർ വൈഷ്ണവി ശർമയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. നിക്കി പ്രസാദും നാല് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പത്തോവറിൽ 84 റൺസ് വിട്ടുകൊടുത്തു. പത്തോവർ ക്വോട്ട പൂർത്തിയാക്കിയ മിന്നു മണി 56 റൺസ് വഴങ്ങി, വിക്കറ്റില്ല.

മറുപടി ബാറ്റിങ്ങിൽ തനിഷ സിങ്ങും വൃന്ദ ദിനേശും (31 പന്തിൽ 34) ചേർന്ന് മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ, പരിചയസമ്പന്നയായ വിക്കറ്റ് കീപ്പർ ബാറ്റർ ഉമ ഛേത്രിയും (2) മധ്യനിരയിലെ വിശ്വസ്ത തേജാൽ ഹസാബ്നിസും (2) നിരാശപ്പെടുത്തിയത് തിരിച്ചടിയായി.

ഇതിനു ശേഷമായിരുന്നു അണ്ടർ-19 ടീമിൽ നിന്ന് എ ടീമിലേക്കു വന്ന അനുഷ്കയെയും നിക്കിയെയും കൂട്ടുപിടിച്ച് മിന്നു മണിയുടെ പ്രത്യാക്രമണം. നിക്കിയുമൊത്ത് 117 റൺസും, അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ജിന്‍റിമണി കലിതയുമൊത്ത് 47 റൺസും മിന്നു മണി കൂട്ടിച്ചേർത്തു.

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്