ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പുരുഷ വിഭാഗം സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഉജ്വല വിജയം സ്വന്തമാക്കി. ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.
ഇന്ത്യക്കു വേണ്ടി വരുണ്‍ കുമാര്‍ നാലും ലളിത് കുമാര്‍ ഉപാദ്ധ്യായ, മന്‍ദീപ് സിങ് എന്നിവര്‍ മൂന്ന് ഗോള്‍ വീതവും നേടി.
സുഖ്ജീത് (2), അഭിഷേക്, അമിത് രോഹിദാസ്, ഷംസേര്‍ സിങ്, സഞ്ജയ് എന്നിവര്‍ ഓരോ ഗോളും നേടി.ആദ്യ ക്വാര്‍ട്ടറില്‍ 2-0ന് മുന്നിലെത്തിയ ഇന്ത്യ രണ്ടാം ക്വാര്‍ട്ടറില്‍ അഞ്ച് തവണ കൂടി ഉസ്ബക്ക് വല ചലിപ്പിച്ചു.
ഇതോടെ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 7-0ന് മുന്നില്‍. മൂന്നാം ക്വാര്‍ട്ടറില്‍ വീണ്ടും അഞ്ചെണ്ണം അടിച്ച ഭാരതം അവസാന ക്വാര്‍ട്ടറില്‍ നാലെണ്ണം കൂടി അടിച്ചു.
നാളെ നടക്കുന്ന രണ്ടാം കളിയില്‍ സിംഗപ്പൂരാണ് ഭാരതത്തിന്‍റെ എതിരാളികള്‍.പൂളിലെ മറ്റൊരു മത്സരത്തില്‍ ജപ്പാനും മികച്ച വിജയം സ്വന്തമാക്കി. രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു.പൂള്‍ ബിയില്‍ മലേഷ്യ 9-0ന് തായ്‌ലന്‍ഡിനെയും ദക്ഷിണ കൊറിയ 10-0ന് ഇന്തോനേഷ്യയെയും ചൈന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2ന് ഒമാനെയും പരാജയപ്പെടുത്തി ആദ്യ വിജയം സ്വന്തമാക്കി.