നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്.

 

File

Sports

നിതീഷിനെ വളർത്തണോ, സിറാജിനെ വിളിക്കണോ: രണ്ടാം ഏകദിനത്തിലെ ചോദ്യം!

നിതീഷ് കുമാർ റെഡ്ഡി പരാജയപ്പെട്ടതോടെ, ഗോഹട്ടി ഏകദിനത്തിൽ മുഹമ്മദ് സിറാജിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഇന്ത്യൻ ടീം മാനെജ്മെന്‍റിനു മുന്നിൽ ശക്തമാണ്

VK SANJU

ഗോഹട്ടി ബാർസപാറ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 30-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനത്തിൽ, ആദ്യ മത്സരത്തിൽ മുഹമ്മദ് സിറാജിനെ ഒഴിവാക്കി പരീക്ഷിച്ച നിതീഷ് കുമാർ റെഡ്ഡിയുടെ പരാജയമാണ് പ്രധാന ചർച്ച. റെഡ്ഡിയുടെ ചെലവേറിയ ഓവറിനെ മുതലെടുത്ത് ജസ്റ്റിൻ ഗ്രീവ്സ് സെഞ്ച്വറി നേടി വിൻഡീസിനെ 295/7-ലെത്തിച്ചിരുന്നു. വിരാട് കോലി (74 പന്തിൽ സെഞ്ച്വറി, 15,000 അന്താരാഷ്ട്ര റൺസ്), ശുഭ്മാൻ ഗിൽ എന്നിവരുടെ സെഞ്ച്വറികളിൽ ഇന്ത്യ ആദ്യ മത്സരം ജയിച്ചിരുന്നു. പരമ്പര ജീവനോടെ നിലനിർത്താൻ വെസ്റ്റ് ഇൻഡീസിന് ഈ മത്സരം നിർണായകമാണ്.

ഗോഹട്ടി: ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ കരുത്ത് ബാറ്റിങ് തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ, ബൗളിങ് വിഭവശേഷി പരിമിതമായിരിക്കുമ്പോഴും മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയുള്ള പരീക്ഷണം ഇന്ത്യൻ തിങ്ക് ടാങ്ക് തുടരുകയാണ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഈ പരീക്ഷണം ഏറെക്കുറെ പാളുകയും ചെയ്തു. നിർണായക സമയത്ത് സുപ്രധാന വിക്കറ്റുകൾ വീഴ്ത്താൻ കുൽദീപ് യാദവിനും സാധിച്ചതുകൊണ്ട് പിടിച്ചുനിന്നു എന്നുമാത്രം.

ബുധനാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നിൽ ഇന്ത്യൻ ടീം മാനേജ്മെന്‍റിന് പേസ് ബൗളിങ് നിരയുടെ സെലക്ഷൻ തലവേദനയാണ്. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ, പരിചയസമ്പന്നനായ സിറാജിനെ മാറ്റിനിർത്തി, പുതിയ പന്തുമായി നിതീഷ് കുമാർ റെഡ്ഡിയെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചത് വലിയ ചർച്ചയായിരുന്നു. അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഒരു റിഹേഴ്സൽ എന്ന നിലയിലായിരുന്നു ഈ പരീക്ഷണം.

പരുക്കിൽനിന്ന് തിരിച്ചെത്തിയ റെഡ്ഡിക്ക്, താളവും കൃത്യതയും കണ്ടെത്താൻ കഴിഞ്ഞില്ല. ഓവർസ്റ്റെപ് ചെയ്തും, ഓവർ പിച്ച് ചെയ്തും, ബാറ്റർമാരുടെ ഹിറ്റിങ് സോണിലേക്ക് ധാരാളം പന്തുകൾ എറിഞ്ഞും, ലെഗ് സൈഡിലേക്ക് വഴിതെറ്റിയുമെല്ലാം റെഡ്ഡി ഒരു ഓവറിൽനിന്ന് 18 റൺസ് വഴങ്ങി. ഇതിന്‍റെ ഫലമായി, വെസ്റ്റ് ഇൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സിന് ഈസിയായി ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചു. 108 പന്തിൽ 101 റൺസ് നേടി തന്‍റെ കന്നി ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയ ഗ്രീവ്സ്, സന്ദർശകരെ 295/7 എന്ന മികച്ച സ്കോറിലും എത്തിച്ചു.

ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും പരുക്കേറ്റതും ജസ്പ്രീത് ബുംറ ഏഷ്യൻ ഗെയിംസ് കളിക്കുന്ന ടീമിൽ ഉൾപ്പെട്ടതിനാലും, അടുത്ത ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ഓപ്ഷനുകൾ വിലയിരുത്താനുള്ള അവസരമായാണ് ഈ പരമ്പര കണക്കാക്കപ്പെടുന്നത്. ബൗളിങ് കോച്ച് മോൺ മോർക്കലിന്‍റെ പൂർണ പിന്തുണയുള്ള നിതീഷ് റെഡ്ഡി പക്ഷേ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ മോശമാക്കിയില്ലെങ്കിലും, ഏകദിന ക്രിക്കറ്റിൽ പത്തോവർ തികയ്ക്കാനുള്ള ശേഷി അദ്ദേഹം ഇനിയും തെളിയിക്കേണ്ടിരിക്കുന്നു.

"അയാളെ വളർത്തിക്കൊണ്ടുവരാനും, ഓൾറൗണ്ടർ സ്ഥാനത്തിനായി മത്സരിക്കാൻ പ്രാപ്തനാക്കാനും കഴിഞ്ഞാൽ അത് ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാകും. അതിനുള്ള കഴിവും പ്രതിഭയും അയാൾക്കുണ്ട്," മോർക്കൽ പറഞ്ഞിരുന്നു.

രണ്ടാം ഏകദിനത്തിൽ റെഡ്ഡിയെ ബൗളിങ്ങിൽ തുടർന്നും "വളർത്തിക്കൊണ്ടുവരണോ", അതോ കൂടുതൽ വിശ്വാസ്യതയുള്ള സിറാജിനെ തിരികെ കൊണ്ടുവരണോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്‍റിനു മുന്നിലുള്ള ചോദ്യം. എന്നാൽ, ഓൾറൗണ്ടറായ റെഡ്ഡിയെ മാറ്റുന്നത് ടീമിന്‍റെ സന്തുലനത്തെ ബാധിക്കും. അതിനാൽ, യുവതാരം ഗുർനൂർ ബ്രാറിനു പകരം സിറാജിനെ ടീമിലെത്തിക്കുകയാണ് സുരക്ഷിതമായ മാർഗം. ജമ്മു കശ്മീരിൽനിന്നുള്ള പേസർ അക്വിബ് നബിക്ക് അരങ്ങേറ്റം ഒരുക്കുന്നതും മോശം തീരുമാനമാകില്ല.

വിശാലമായ പരീക്ഷണത്തിന്‍റെ ഭാഗമായി, ബാറ്റിങ് ഓൾറൗണ്ടർ നമൻ ധീറിനും അരങ്ങേറ്റം നൽകി. അഞ്ച് ഓവറിൽ 33 റൺസ് വഴങ്ങിയ ധീറിന്, ഷേർ-ഇ-പഞ്ചാബ് ടി20 ലീഗിലെ തന്‍റെ മികച്ച ബാറ്റിങ് ഫോം പ്രകടിപ്പിക്കാൻ അവസരം ലഭിച്ചില്ല. എന്നാൽ, ദേശീയ ടീമിലെത്താൻ മാത്രം എന്തു പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റിൽ നമൻ ധീർ കാഴ്ചവച്ചതെന്ന കാര്യത്തിൽ സംശയം തുടരുന്നു.

ബൗളിങ് നിരയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലും, ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് ഓർഡർ വലിയ ആശ്വാസമായിരുന്നു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ചെയ്സ് മാസ്റ്റർമാരിൽ ഒരാൾ എന്ന തന്‍റെ പ്രശസ്തി വീണ്ടും അടയാളപ്പെടുത്തി വിരാട് കോലി പൂർണ നിയന്ത്രണത്തോടെ ബാറ്റ് ചെയ്തു. 74 പന്തിൽ സെഞ്ച്വറി തികച്ച കോലി, സചിൻ ടെണ്ടുൽക്കറിനു ശേഷം 15,000 അന്താരാഷ്ട്ര റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നാഴികക്കല്ലും പിന്നിട്ടു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചുറി നേടിയ മത്സരത്തിൽ രോഹിത് ശർമ അർധ സെഞ്ചുറി നേടിയില്ലെങ്കിലും മൂന്ന് സിക്സറുകളുമായി തന്‍റെ ക്ലാസ് ഒരിക്കൽക്കൂടി തെളിയിച്ചിരുന്നു.

വെസ്റ്റ് ഇൻഡീസിനെ സംബന്ധിച്ച്, ബുധനാഴ്ചത്തെ മത്സരം പരമ്പരയിൽ സജീവമായി നിലനിൽക്കാനുള്ള അവസരമാണ്. 2002-നു ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ഏകദിന പരമ്പര പോലും ജയിച്ചിട്ടില്ലാത്ത വെസ്റ്റ് ഇൻഡീസിന്‍റെ ദീർഘകാല കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് കോച്ച് ഡാരൻ സാമിയുടെ പ്രതീക്ഷ. എന്നാൽ, ഈ പരമ്പരയ്ക്കപ്പുറമുള്ള വലിയ വെല്ലുവിളിയാണ് വിൻഡീസിനെ കാത്തിരിക്കുന്നത്- രണ്ടു തവണ ലോക ജേതാക്കളായ ഈ ടീം, അടുത്ത ലോകകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയിട്ടില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ യോഗ്യതാ റൗണ്ടിൽ അവർ മത്സരിക്കേണ്ടി വരും.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

"സതീശൻ വിമാനയാത്രയെ കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്