ഹോങ്കോങ് സിക്സസിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; യുഎഇയ്ക്കെതിരേയും തോൽവി
ഹോങ്കോങ്: പാക്കിസ്ഥാനു പിന്നാലെ ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ യുഎഇക്കെതിരേയും ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ നിശ്ചിത 6 ഓവറിൽ ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം യുഎഇ 4.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.
14 പന്തിൽ 6 സിക്സും 3 ബൗണ്ടറിയും അടക്കം 52 റൺസെടുത്ത ക്യാപ്റ്റൻ ഖാലിദ് ഷാ, 12 പന്തിൽ 39 റൺസെടുത്ത അൻഷ് ഠണ്ടൻ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ മികവിലാണ് യുഎഇ വിജയിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി രണ്ട് ഓവർ പന്തെറിഞ്ഞ ടി. നടരാജൻ 43 റൺസും നിതീഷ് റാണ ഒരോവറിൽ 24 റൺസും ശശാങ്ക് സിങ് ഒരോവറിൽ 17 റൺസും ക്രുണാൾ പാണ്ഡ്യ രണ്ട് പന്തിൽ 12 റൺസും വിട്ടുകൊടുത്തു. ആർക്കും വിക്കറ്റ് വീഴ്ത്താനും സാധിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടി 14 പന്തിൽ 38 റൺസെടുത്ത ടി. നടരാജനാണ് തിളങ്ങിയത്. 1.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. നിതീഷ് റാണ (6), രാഹുൽ തെവാട്ടിയ (1), ശശാങ്ക് സിങ് (1) എന്നിവർ ക്ഷണത്തിൽ മടങ്ങി. രാഹുൽ ത്രിപാഠി 7 പന്തിൽ 24 റൺസെടുത്ത് മിന്നൽ പ്രകടനം നടത്തിയപ്പോൾ ക്യാപ്റ്റൻ ക്രുണാൾ പാണ്ഡ്യ 8 പന്തിൽ 15 റൺസെടുത്ത് തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനം നടത്തി.