ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ജയം പൂർത്തിയാകുന്നതിനു മുൻപ് പുറത്തായ വിരാട് കോലിയും നിരാശ.

 
Sports

ഓക്ക്‌ലൻഡിൽ മഴയെ തോൽപ്പിച്ച് ഇന്ത്യ; തിളങ്ങി പേസർമാരും കോലിയും

മഴ തടസപ്പെടുത്തിയ ഓക്ക്‌ലൻഡ് ഏകദിനത്തിൽ ഡിഎൽഎസ് പ്രകാരം ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം; കോലി 74, ന്യൂസിലൻഡ് 185ന് പുറത്ത്

Sports Desk

ഓക്ക്‌ലൻഡിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിനത്തിൽ, ന്യൂസിലൻഡ് 185 റൺസിന് പുറത്തായി (സീഫേർട്ട് 38; അർഷ്ദീപ് സിങ് 4-70, ഗുർനൂർ ബ്രാർ 3-44). മഴ രണ്ടു തവണ കളി തടസപ്പെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് 32 ഓവറായി ചുരുക്കിയപ്പോൾ, 51 പന്തിൽ 74 റൺസ് നേടിയ വിരാട് കോലിയുടെയും 37 റൺസെടുത്ത ശുഭ്മൻ ഗില്ലിന്‍റെയും മികവിൽ ഇന്ത്യ 143/5 എന്ന സ്കോറിൽ ഡിഎൽഎസ് രീതി പ്രകാരം അഞ്ചു വിക്കറ്റിന് ജയിച്ചു. സിറാജിനു പകരം ടീമിലെത്തിയ അൻഷുൽ കാംഭോജ് 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മികച്ച ബൗളിങ് കാഴ്ചവച്ചു.

ഓക്ക്‌ലൻഡ്: നാലു ദിവസംകൊണ്ട് എന്തെല്ലാം മാറാം! കഴിഞ്ഞ വെള്ളിയാഴ്ച ഈഡൻ പാർക്കിൽ ടി20 അന്താരാഷ്ട്ര മത്സരത്തിൽ 259 റൺസ് അടിച്ചുകൂട്ടിയ ന്യൂസിലൻഡ്, ബുധനാഴ്ച ഏകദിനത്തിൽ ഇന്ത്യൻ പേസർമാരുടെ കരുത്തിനു മുന്നിൽ 185 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്ത ഇന്ത്യക്ക് മഴ നിയമ പ്രകാരം ജയം.

ബാറ്റർമാരെ ഒരു ദയയുമില്ലാതെ ചോദ്യം ചെയ്ത ഇന്ത്യൻ പേസർമാർക്ക്, മികച്ച ഫീൽഡിങ്ങിന്‍റെയും ക്യാപ്റ്റൻസിയുടെയും പിന്തുണയും ലഭിച്ചു. പന്തിലും ഫീൽഡിലും കാണിച്ച ഈ ആക്രമണോത്സുകത, മഴ ഇടയ്ക്കിടെ തടസപ്പെടുത്തിയ ചെയ്സിങ്ങിൽ ജയം ഉറപ്പിക്കാൻ വിരാട് കോലിക്കും ശുഭ്മൻ ഗില്ലിനും സമയം നേടിക്കൊടുത്തു.

മികവ് തെളിയിച്ച് കാംഭോജ്

മുഹമ്മദ് സിറാജിനെ മറികടന്ന് ടീമിലെത്തിയ അൻഷുൽ കാംഭോജ് രണ്ടു വിക്കറ്റ് മാത്രമേ വീഴ്ത്തിയുള്ളൂവെങ്കിലും, ബൗളർമാരിൽ ഏറ്റവും മികച്ചുനിന്നത് അദ്ദേഹമായിരുന്നു. ഇന്നിങ്സിലെ 33-ാം ഓവറായ തന്‍റെ അവസാന ഓവർ വരെ സീം മൂവ്മെന്‍റ് കണ്ടെത്തിയ കാംഭോജ്, രണ്ടു സ്പെല്ലുകളിലായി എറിഞ്ഞ 10 ഓവറിൽ വെറും 22 റൺസാണ് വഴങ്ങിയത്. അച്ചടക്കമുള്ള ബൗളിങ്ങിലൂടെ മറുവശത്ത് പന്തെറിയാനെത്തിയ ബൗളർമാരെ അദ്ദേഹം വിക്കറ്റ് നേടാൻ സഹായിച്ചു. ഇതിന്‍റെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടിയത് പഞ്ചാബ് പെയറായ അർഷ്ദീപ് സിങ്ങിനും ഗുർനൂർ ബ്രാറിനും. അർഷ്‌ദീപ് പത്തോവറിൽ 70 റൺസ് വഴങ്ങിയെങ്കിലും നാല് വിക്ക്റ്റ് വീഴ്ത്തി. പതിനൊന്നാം നമ്പർ ബാറ്റർ ബ്ലെയർ ടിക്നർ മൂന്നു സിക്സുകൾ പറത്തിയതാണ് അർഷ്‌ദീപിന്‍റെ ബൗളിങ് അനാലിസിസ് നശിപ്പിച്ചു കളഞ്ഞത്. ബ്രാർ 9.2 ഓവറിൽ 44 റൺസിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

തന്ത്രങ്ങളും ഫീൽഡിങ്ങും

ഇന്ത്യയുടെ തന്ത്രങ്ങളും ഫീൽഡിങ്ങും ബൗളിങ്ങിന് മികച്ച പൂരകമായി. 29-ാം ഓവറിൽ കാംഭോജ് എഡ്ജ് സൃഷ്ടിച്ചപ്പോൾ സെക്കൻഡ് സ്ലിപ്പ് നിലയുറപ്പിച്ചിരുന്നു. 38-ാം ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോലി വലത്തേക്കു താഴ്ന്നു ചാടി ഒറ്റക്കൈയിൽ അവിശ്വസനീയ ക്യാച്ചെടുത്തു. 39 വയസുള്ള രോഹിത് ശർമ, ഡാരിൽ മിച്ചലിനെ ഡൈവിങ്ങിലൂടെ റണ്ണൗട്ടാക്കി.

ആക്രമണോത്സുകമായ ഫീൽഡ് സെറ്റ് ചെയ്തതിനു പുറമെ, ഗിൽ തന്‍റെ സ്ട്രൈക്ക് ബൗളർമാരെ കൃത്യമായി റൊട്ടേറ്റും ചെയ്തും. ഗുർനൂർ അവസാന വിക്കറ്റ് വീഴ്ത്തുമ്പോൾ, ഇന്ത്യ തങ്ങളുടെ മൂന്ന് സ്ട്രൈക്ക് ബൗളർമാരുടെ ക്വോട്ട 41-ാം ഓവറിൽ തന്നെ പൂർത്തിയാക്കിയിരുന്നു.

മഴ വഴിമാറ്റിയ കളി

പ്രവചനാതീതമായ ഓക്ക്‌ലൻഡ് കാലാവസ്ഥയിൽ ന്യൂസിലൻഡിനെ നേരത്തേ പുറത്താക്കിയത് ഇന്ത്യയ്ക്ക് നിർണായകമായി. മത്സരത്തിനിടെ രണ്ടു തവണയാണ് മഴ പെയ്തത്. ഇന്ത്യയുടെ ഇന്നിങ്സ് 32 ഓവറായി ചുരുക്കി. ന്യൂസിലൻഡ് 50 ഓവറും ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഇന്ത്യക്ക് വിജയലക്ഷ്യം കൂടുമായിരുന്നു.

നിസാര വിജയലക്ഷ്യത്തിലേക്ക് ചുവടുവച്ച ഇന്ത്യക്ക് വെറ്ററൻ ഓപ്പണർ രോഹിത് ശർമയെ (0) പെട്ടെന്നു തന്നെ നഷ്ടമായി. പക്ഷേ, 51 പന്തിൽ 74 റൺസ് നേടിയ വിരാട് കോലിക്കു മുന്നിൽ ന്യൂസിലൻഡ് ബൗളിങ് നിര ക്ലബ് ക്ലാസ് മാത്രമായി മാറി. പുൾ ഷോട്ടുകളും ഓൺ ദ അപ് ഡ്രൈവുകളും നിറഞ്ഞ കോലിയുടെ ഇന്നിങ്സ്, പത്തോവറോളം ശേഷിക്കെ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു.

56 പന്തിൽ 37 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മോശമാക്കിയില്ല. ശ്രേയസ് അയ്യർ (15), അക്ഷർ പട്ടേൽ (0) എന്നിവരുടെ വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. കെ.എൽ. രാഹുലും (3) നമൻ ധീറും (5) പുറത്താകാതെ നിന്നു. കിവീസിനു വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, കൈൽ ജാമീസണും നേഥന്‍ സ്മിത്തിനും ഓരോ വിക്കറ്റ്.