ഗ്രൗണ്ടിൽ പ്രാണി ശല്യം; വനിതാ ക്രിക്കറ്റ് ലോകകപ്പ് തടസപ്പെട്ടു
കൊളംബോ: പ്രാണി ശല്യം മൂലം വനിതാ ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരം തടസപ്പെട്ടു. ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് അപ്രതീക്ഷിതമായ പ്രശ്നം കളിക്കാർക്ക് വിലങ്ങു തടിയായത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽമാച്ച് തുടങ്ങി അധികം വൈകാതെ തന്നെ ഈച്ച ശല്യം രൂക്ഷമായിരുന്ന. ഇതേത്തുടർന്ന് കളി 15 മിനിറ്റ് നേരത്തേക്ക് താത്കാലികമായി നിർത്തിവച്ചു.
ഇരുപത്തെട്ടാം ഓവറിനിടെയാണ് ഈച്ചകൾ പ്രശ്നമാക്കിയത്. കളി അപ്രതീക്ഷിതമായി നിർത്തിയതോടെ പാക് സബ്സ്റ്റിറ്റ്യൂട്ടുകൾ താരങ്ങൾക്ക് പരുക്കു പറ്റിയതാകുമെന്ന് കരുതി സ്പ്രേയുമായി ഓടിയെത്തി. പരുക്കുണ്ടാകുന്ന സമയത്ത് ഉപയോഗിക്കുന്ന സ്പ്രേ അടിച്ച് പ്രാണികളെ തുരത്താൻ പാക് ക്യാപ്റ്റൻ ഫാത്തിമ സന ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് കളി ആരംഭിച്ചെങ്കിലും ഈച്ചശല്യം തുടർന്നതോടെ വീണ്ടും നിർത്തി വച്ചു.
ഈച്ചകളെ ഗ്രൗണ്ടിൽ നിന്നകറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. ഇരു ടീമിലെയും അംഗങ്ങളെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയതിനു ശേഷമാണ് ഗ്രൗണ്ടിൽ ഈച്ചയെ അകറ്റുന്നതിനുള്ള മരുന്ന് തളിക്കുന്നത്. കളി താത്കാലികമായി നിർത്തി വച്ചുവെങ്കിലും ഓവറുകൾ കുറച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.