ഇന്ത്യ അണ്ടർ-19 ഓപ്പണർ ലക്ഷ്യ റായ്ചന്ദാനി.
File
രാജ്‌കോട്ട്: ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ അണ്ടർ-19 താരങ്ങളുടെ കുതിപ്പ്. ഓപ്പണർ ലക്ഷ്യ റായ്ചന്ദാനി 256 പന്തിൽ പുറത്താകാതെ നേടിയ 210 റൺസിന്‍റെ കരുത്തിൽ, കളി അവസാനിക്കുമ്പോൾ ആതിഥേയർ എട്ടു വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 217 റൺസിനെക്കാൾ 213 റൺസിന്‍റെ ലീഡ്.
ഒൻപതാം വിക്കറ്റിൽ റായ്ചന്ദാനിയും പത്താം നമ്പർ ബാറ്റർ മോഹിത് ഉൽവയും ചേർന്ന് പുറത്താകാതെ കൂട്ടിച്ചേർത്ത 137 റൺസാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. 56 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 58 റൺസുമായി ഉൽവ പുറത്താകാതെ നിൽക്കുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ എട്ടു റൺസെന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക്, 14-ാം ഓവറിനുള്ളിൽ രണ്ടു വിക്കറ്റ് നഷ്ടമായി. പേസർ കേസി ബാർട്ടനും ലെഗ് സ്പിന്നർ സ്പെൻസർ ഗ്രീനുമാണ് ഓസ്ട്രേലിയക്ക് വേണ്ടി പ്രഹരമേൽപ്പിച്ചത്. പക്ഷേ, ക്യാപ്റ്റൻ യശ്‌വർധൻ ചൗഹാൻ ക്രീസിലെത്തിയതോടെ കഥ മാറി. റായ്ചന്ദാനിക്കൊപ്പം 124 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി ചൗഹാൻ ടീമിനെ കരകയറ്റി.
69 പന്തിൽ റായ്ചന്ദാനി അർധസെഞ്ച്വറി തികച്ചപ്പോൾ, മറുവശത്ത് ചൗഹാൻ ക്ഷമയോടെ കളിച്ചു. ഒരു ഘട്ടത്തിൽ 40 പന്തിൽ 14 റൺസ് മാത്രമുണ്ടായിരുന്ന ക്യാപ്റ്റൻ, പിന്നീട് വേഗം കൂട്ടി 81 പന്തിൽ 54 റൺസെടുത്താണ് മടങ്ങിയത്.
ചൗഹാൻ പുറത്തായതിനു പിന്നാലെ 16 ഓവറിനുള്ളിൽ ഇന്ത്യക്ക് നാലു വിക്കറ്റ് കൂടി നഷ്ടമായി. ബാർട്ടനും ഗ്രീനുമായിരുന്നു ഇവിടെയും അപകടകാരികൾ. എന്നാൽ, അപ്പോഴേക്കും ഇന്ത്യ ലീഡ് പിടിച്ചെടുത്തിരുന്നു. ഒരറ്റത്ത് റായ്ചന്ദാനി ഉറച്ചുനിന്നു. ഏഴാം വിക്കറ്റിൽ അയാൻ അക്രമിനൊപ്പം 51 റൺസ് കൂടി ചേർത്തു.
ഇടങ്കൈയൻ സ്പിന്നർ കോണർ ഗ്രെഗറി, അക്രമിനെയും ഇഷാൻ ഓമിനെയും പുറത്താക്കി ഇന്ത്യയുടെ കുതിപ്പിന് തടയിട്ടു. പക്ഷേ, റായ്ചന്ദാനിയും ഉൽവയും ചേർന്ന് തിരിച്ചടിച്ചതോടെ, കളി ഓസ്ട്രേലിയയുടെ കൈയിൽനിന്ന് വഴുതിപ്പോയി.
കളി അവസാനിക്കാറായ ഘട്ടത്തിൽ ഒരു ബൗണ്ടറിയിലൂടെയാണ് റായ്ചന്ദാനി ഇരട്ട സെഞ്ച്വറി തികച്ചത്. ഏഴു ബൗളർമാരെ പരീക്ഷിച്ചിട്ടും ഓസ്ട്രേലിയക്ക് ഈ ഓപ്പണറെ വീഴ്ത്താനായില്ല. മൂന്നാം ദിനം ലീഡ് എത്രത്തോളം ഉയർത്തുമെന്നതാണ് ഇനി കാണേണ്ടത്. ഇന്നിങ്സ് വിജയമാകും ഇന്ത്യ ഇനി ലക്ഷ്യമിടുക.