യശ്‌വർധൻ ചൗഹാൻ
File
രാജ്കോട്ടിൽ നടന്ന ഒന്നാം യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ-19നെതിരേ ഇന്ത്യ അണ്ടർ-19 ഇന്നിങ്സിനും 48 റൺസിനും വിജയിച്ചു. ലക്ഷ്യ റായ്ചന്ദാനി 240 റൺസ് നേടിയ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 494 റൺസ് കുറിച്ചു, മോഹിത് ഉൽവ 92 റൺസ് സംഭാവന ചെയ്തു. മറുപടിയായി ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 217ഉം (ബ്ലേക്ക് കാറ്റിൽ 102) രണ്ടാം ഇന്നിങ്സിൽ 229ഉം (കാറ്റിൽ 123) റൺസിന് പുറത്തായി. ഇഷാൻ ഓം (9 വിക്കറ്റ്), യശ്‌വർധൻ ചൗഹാൻ (8 വിക്കറ്റ്) എന്നിവരുടെ സ്പിൻ ബൗളിങ്ങായിരുന്നു ഇന്ത്യയുടെ വിജയത്തിനു പിന്നിൽ.
രാജ്കോട്ട്: ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിൽ ഇന്ത്യ അണ്ടർ-19ന് ഇന്നിങ്സ് വിജയം. ലക്ഷ്യ റായ്ചന്ദാനിയുടെ 240 റൺസും, മോഹിത് ഉൽവ, ഇഷാൻ ഓം, യശ്‌വർധൻ ചൗഹാൻ എന്നിവരുടെ മികച്ച ബൗളിങ്ങും ചേർന്നാണ് ആധികാരിക വിജയത്തിന് വഴിയൊരുക്കിയത്. ഇന്നിങ്സിനും 48 റൺസിനുമാണ് ഇന്ത്യയുടെ ജയം.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിയായി 494 റൺസ് കുറിച്ച ഇന്ത്യക്കു മുന്നിൽ, രണ്ടാം ഇന്നിങ്സിൽ സന്ദർശകർക്ക് 229 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഓമും യശ്‌വർധനും ചേർന്ന് പത്തു വിക്കറ്റും പങ്കിട്ടെടുത്തു. ബ്ലേക്ക് കാറ്റിൽ മത്സരത്തിലെ തന്‍റെ രണ്ടാം സെഞ്ച്വറി തികച്ച് 123 റൺസ് നേടിയെങ്കിലും, ബാക്കി ബാറ്റിങ് നിര പതറി. മൂന്നു ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം ഉറപ്പിച്ചു.
തലേന്നത്തെ സ്കോറായ 210 റൺസിൽനിന്ന് 30 റൺസ് കൂടി കൂട്ടിച്ചേർത്താണ് റായ്ചന്ദാനി പുറത്തായത്- ദിവസത്തിലെ ആദ്യ വിക്കറ്റ്. ഒൻപതാം വിക്കറ്റിൽ ഉൽവയുമായി ചേർന്ന് 180 റൺസിന്‍റെ കൂട്ടുകെട്ടും ഉയർത്തി. 84 പന്തിൽ പത്ത് ഫോറും നാല് സിക്സും ഉൾപ്പെടെ 92 റൺസാണ് ഉൽവ നേടിയത്.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയക്ക് എളുപ്പമായിരുന്നില്ല തുടക്കം. ഇടങ്കൈ സ്പിന്നർ ഓം ഒരു ഓവറിൽ തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തി, ഓസ്ട്രേലിയയെ 17/3 എന്ന നിലയിലാക്കി. തുടർന്ന് ഓപ്പണർ നീൽ പട്ടേലിനൊപ്പം ചേർന്ന കാറ്റിൽ, 60 റൺസിന്‍റെ കൂട്ടുകെട്ടിലൂടെ ഇന്നിങ്സിന് സ്ഥിരത നൽകി. 41 റൺസെടുത്ത പട്ടേലിനെ ബൗൾഡാക്കി യശ്‌വർധൻ ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു.
26-ാം ഓവറിൽ യശ്‌വർധന്‍റെ ഇരട്ട പ്രഹരം ഓസ്ട്രേലിയയുടെ പ്രതീക്ഷകൾക്ക് കൂടുതൽ ക്ഷതമേൽപ്പിച്ചു. ഇതോടെ സ്കോർ 87/6. എട്ട്റൺസെടുത്ത കേസി ബാർട്ടനെ പുറത്താക്കി യശ്‌വർധൻ തന്‍റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.
എന്നാൽ, മറുവശത്ത് കാര്യമായ പിന്തുണയില്ലാതെയും കാറ്റിൽ വേഗത്തിൽ റൺസ് കൂട്ടിക്കൊണ്ടിരുന്നു. 16 ഫോറും നാല് സിക്സും ഉൾപ്പെടെ 114 പന്തിൽ 123 റൺസ് നേടി ഓസ്ട്രേലിയയെ 200 കടത്തിയ കാറ്റിലിനെ, 58-ാം ഓവറിൽ യശ്‌വർധൻ പുറത്താക്കി. മത്സരത്തിലെ തന്‍റെ ഒൻപതാം വിക്കറ്റ് സ്വന്തമാക്കി ഓം ഒരു വിക്കറ്റ് കൂടി വീഴ്ത്തിയപ്പോൾ, അവസാന ബാറ്ററെയും പുറത്താക്കി യശ്‌വർധൻ ഇന്നിങ്സിൽ ആറും ആകെ എട്ടും വിക്കറ്റുകളുമായി മത്സരം അവസാനിപ്പിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ യശ്‌വർധൻ നേരത്തെ അർധ സെഞ്ചുറിയും നേടിയിരുന്നു.