ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ

 
Sports

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, ഒന്നാമിന്നിങ്സിൽ ആർക്കും ലീഡില്ല

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറായ 387 റൺസിൽ തന്നെ ഓൾഔട്ടായി.

ലോർഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആർക്കും ലീഡില്ല. ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ നേടിയ 387 റൺസ് തന്നെ ഇന്ത്യയും നേടി ഓൾഔട്ടായി. രണ്ടാമിന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റൺസ് എന്ന നിലയിൽ. ഓപ്പണർമാരായ സാക്ക് ക്രോളിയും (2) ബെൻ ഡക്കറ്റും (0) ക്രീസിൽ.

145/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്കു വേണ്ടി ഓപ്പണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു.‌ ലഞ്ചിനു പിരിയുന്നതിനു തൊട്ടു മുൻപ് ഋഷഭ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 112 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 74 റൺസെടുത്ത ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേരിട്ടുള്ള ത്രോയിലൂടെയാണ് പുറത്താക്കിയത്.

ലഞ്ചിനു പിന്നാലെ രാഹുൽ തന്‍റെ പത്താം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 176 പന്തിൽ 13 ഫോർ ഉൾപ്പെടെയാണ് രാഹുൽ മൂന്നക്ക സ്കോറിലെത്തിയത്. എന്നാൽ, തൊട്ടടുത്ത പന്തിൽ തന്നെ രാഹുൽ പുറത്തായി. ഷോയിബ് ബഷീറിന്‍റെ പന്തിൽ സ്ലിപ്പിൽ ഹാരി ബ്രൂക്കിനു ക്യാച്ച് നൽകുകയായിരുന്നു.

ഋഷഭ് പന്ത് പുറത്തായ ശേഷം രവീന്ദ്ര ജഡേജയാണ് ബാറ്റിങ്ങിനിറങ്ങിയത്. രാഹുലിനു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും എത്തി. ഇരുവരും ചേർന്ന് 72 റൺസിന്‍റെ കൂട്ടുകെട്ട് കൂടി സൃഷ്ടിച്ചു. നിതീഷ് 30 റൺസും ജഡേജ 72 റൺസും നേടി. വാഷിങ്ടൺ സുന്ദർ 23 റൺസെടുത്തു. ആകാസ് ദീപ് (7), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (0) എന്നിവർക്ക് ബാറ്റിങ്ങിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല.

ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർക്കും ബെൻ സ്റ്റോക്സിനും രണ്ട് വിക്കറ്റ് വീതം. ബ്രൈഡൻ കാർസും ഷോയിബ് ബഷീറും ഓരോ വിക്കറ്റും സ്വന്തമാക്കി.

നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനകളുടെ ജഡം ഒഴുകി‍യെത്തി; ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കം

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ