ന്യൂസിലൻഡിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരം ധ്രുവ് ജുറെൽ.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് ആധിപത്യം തുടരുന്നു. ധ്രുവ് ജുറെലിന്റെ പോരാട്ടവീര്യം ഇന്ത്യയെ ഫോളോ ഓണിൽ നിന്നു രക്ഷിച്ചെങ്കിലും, മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലൻഡ് 243 റൺസ് മുന്നിലാണ്. ഏഴ് വിക്കറ്റും ശേഷിക്കുന്നു.
നേരത്തെ, 116/6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അൻഷുൽ കാംഭോജിനെ (0) വേഗത്തിൽ നഷ്ടമായി. എന്നാൽ, അവിടെ വച്ച് ജുറെലിനൊപ്പം ചേർന്ന ആകാശ് ദീപ് (52 പന്തിൽ 29), പിന്നീട് ഗുർനീർ ബ്രാർ (46 പന്തിൽ 10) എന്നിവർ ജുറെലിന് പിന്തുണ നൽകി. 170 പന്ത് നേരിട്ട ജുറെൽ 14 ഫോർ ഉൾപ്പെടെ 88 റൺസെടുത്തു. ജസ്പ്രീത് ബുംറ നാല് റൺസെടുത്ത് പുറത്താകാതെ നിന്നു.
ന്യൂസിലൻഡിനു വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റ് നേടിയപ്പോൾ, മാറ്റ് ഹെൻറി, നേഥൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം കിട്ടി.
110 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ന്യൂസിലൻഡിന് ക്യാപ്റ്റൻ ടോം ലാഥമിനെ (8) പെട്ടെന്ന് നഷ്ടമായി. ബുംറയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു കിവി ഓപ്പണർ. ഈ മത്സരത്തിൽ ബുംറയ്ക്ക് കിട്ടുന്ന ആദ്യ വിക്കറ്റാണിത്. പിന്നീട് ഹെൻറി നിക്കോൾസിനെ (22) ബുംറ തന്നെ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഡെവൺ കോൺവെയുടെ (51) ഇന്നിങ്സ്, ബാക്ക്വേഡ് പോയിന്റിൽ ഉജ്വലമായൊരു വൺഹാൻഡഡ് ക്യാച്ചിലൂടെ യശസ്വി ജയ്സ്വാൾ അവസാനിപ്പിച്ചു. വാഷിങ്ടൺ സുന്ദറിനു വിക്കറ്റ്.
മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ രചിൻ രവീന്ദ്രയും (84 പന്തിൽ 46) ഡാരിൽ മിച്ചലും (5) ക്രീസിൽ.