യശസ്വി ജയ്സ്വാൾ

 
Sports

അക്കൗണ്ട് തുറക്കാതെ ജയ്സ്വാൾ, കൂട്ടത്തകർച്ചയിലേക്ക് വീണ് ഇന്ത‍്യ; രണ്ടാം ടെസ്റ്റിൽ‌ കിവീസിനെതിരേ ഫോളോ ഓൺ ഭീഷണി

രണ്ടാം ദിനം പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ് ഇന്ത‍്യ

Aswin AM

ക്രൈസ്റ്റ്ചർച്ച്: ന‍്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ് ഇന്ത‍്യ. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലാണ് ക്രീസിൽ.

ന‍്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 356 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. മത്സരത്തിന്‍റെ ആദ‍്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ യശസി ജയ്സ്വാളിന്‍റെ (0) വിക്കറ്റ് നഷ്ടമായി. ഇതോടെ സെന രാജ‍്യങ്ങളിൽ ഡക്കായി പുറത്താകുന്ന ആദ‍്യ ഇന്ത‍്യൻ ടെസ്റ്റ് ഓപ്പണർ എന്ന നാണക്കേടിന്‍റെ റെക്കോഡ് താരത്തിന്‍റെ പേരിലായി. മാറ്റ് ഹെൻറി എറിഞ്ഞ പന്തിൽ ബൗൾഡാകുകയായിരുന്നു താരം.

പിന്നാലെയെത്തിയ മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കൽ കെ.എൽ. രാഹുലിനൊപ്പം രണ്ടാം വിക്കറ്റിൽ 33 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷം കളംവിട്ടു. 21 റൺസായിരുന്നു ദേവ്ദത്തിന്‍റെ സമ്പാദ‍്യം. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ( 17), ഋഷഭ് പന്ത് (23) എന്നിവർക്ക് തിളങ്ങാനായില്ല.

ഇതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലെത്തി ടീം. രാഹുലും (25) ന‍്യൂസിലൻഡ് ബൗളർമാർക്ക് പിടികൊടുത്തതോടെ ഇന്ത‍്യ കൂട്ടത്തകർച്ച നേരിട്ടു. ഒറ്റയ്ക്ക് പിടിച്ചു നിന്ന് മത്സരം പതുക്കെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഷിങ്ടൺ സുന്ദറിന് (10) അടിതെറ്റി. നേഥൻ സ്മിത്തിനായിരുന്നു വിക്കറ്റ്.

41 റൺസ് കൂടി വേണം ഇന്ത‍്യയ്ക്ക് ഫോളോ ഓൺ ഭീഷണി ഒഴിവാക്കാൻ. നാലുവിക്കറ്റുകളാണ് ശേഷിക്കുന്നത്. കിവീസിനു വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമിസണും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നേഥൻ സ്മിത്ത്, മാറ്റ് ഹെൻറി എന്നിവർ ഓരോ വിക്കറ്റ് പിഴുതു.

അതേസമയം, 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ന‍്യൂസിലൻഡ് 356 റൺസിന് ഓൾഔട്ടായിരുന്നു. 89 റൺസെടുത്ത ടോം ബ്ലണ്ടലാണ് ടോപ് സ്കോറർ. ഗ്ലെൻ ഫിലിപ്പ്സിന്‍റെ വിക്കറ്റാണ് ടീമിന് ആദ‍്യം നഷ്ടമായത്. അൻഷുൽ കാംബോജ് എറിഞ്ഞ പന്തിൽ ഋഷഭ് പന്തിന് ക‍്യാച്ച് നൽ‌കിയാണ് താരം മടങ്ങിയത്. പിന്നീട് നേഥൻ സ്മിത്ത് ടോം ബ്ലണ്ടലിനൊപ്പം അൽപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 26 റൺസെടുത്ത് പുറത്തായി.

ആകാശ് ദീപിനായിരുന്നു വിക്കറ്റ്. കൈൽ ജാമിസൺ (19), മാറ്റ് ഹെൻറി (19) എന്നിവർക്ക് തിളങ്ങാനായില്ല. ഇതോടെ ന‍്യൂസിലൻഡ് ബാറ്റിങ് 356 റൺസിൽ അവസാനിച്ചു. ഇന്ത‍്യയ്ക്കു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് കിവീസിനെ തകർത്തത്. ആകാശ് ദീപിനു പുറമെ അൻഷുൽ കാംബോജും അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാറും രണ്ടും, വാഷിങ്ടൺ സുന്ദർ ഒരുവിക്കറ്റും വീഴ്ത്തി. 26 ഓവർ പന്തെറിഞ്ഞിട്ടും ജസ്പ്രീത് ബുംറ വിക്കറ്റ് വീഴ്ത്താതെ നിരാശപ്പെടുത്തി.