മത്സരത്തിൽ നിന്നും

 
Sports

സഞ്ജു അടക്കമുള്ളവർ നിരാശപ്പെടുത്തി; കിവീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത‍്യയ്‌ക്ക് ആദ‍്യ തോൽവി

വിജയലക്ഷ‍്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ

Aswin AM

ഓക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ‌ ഇന്ത‍്യയ്ക്ക് തോൽവി. നിശ്ചിത 20 ഓവറിൽ ന‍്യൂസിലൻഡ് അടിച്ചെടുത്ത 260 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യയ്ക്ക് മറികടക്കാനായില്ല. വിജയലക്ഷ‍്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഇതോടെ 87 റൺസിന് മത്സരം കിവീസ് വിജയിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയം അറിഞ്ഞ ന‍്യൂസിലൻഡ് ഈ പരമ്പരയിൽ ആദ‍്യമാണ് വിജയിക്കുന്നത്. നിലവിൽ 3-1എന്ന നിലയിൽ ഇന്ത‍്യയാണ് പരമ്പരയിൽ മുന്നിൽ.

ഇന്ത‍്യയ്ക്കു വേണ്ടി 35 റൺസ് മാത്രം നേടിയ തിലക് വർമയാണ് ടോപ്സ്കോറർ. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ (27), ശ്രേയസ് അയ്യർ (11), നിതീഷ് കുമാർ റെഡ്ഡി (21), നമൻ‌ ധിർ ( 28) എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തു. ന‍്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മിച്ചൽ സാന്‍റ്നർ, മാത‍്യു ഫിഷർ എന്നിവർ രണ്ടും ആദം മിൽനെ ഒരു വിക്കറ്റും വീഴ്ത്തി. ചേസിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് അത്ര ശുഭകരമായ തുടക്കമല്ല ലഭിച്ചത്.

ജേക്കബ് ഡഫിയെറിഞ്ഞ ആദ‍്യ പന്തിൽ മലയാളി താരം സഞ്ജു സാംസൺ ബൗണ്ടറി അടിച്ചെങ്കിലും രണ്ടാം പന്തിൽ ഔട്ടായത് തിരിച്ചടിയായി. പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയ ഇഷാൻ കിഷനാണ് മൂന്നാമനായി ക്രീസിലെത്തിയത്. ആദ‍്യ രണ്ട് പന്ത് പ്രതിരോധിച്ചെങ്കിലും മൂന്നാം പന്ത് ഡഫിക്ക് റിട്ടേൺ ക‍്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗണ്ടറി അടിച്ചതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 8 റൺസെന്ന നിലയിലെത്തി ഇന്ത‍്യ.

മറുവശത്ത് ബാറ്റേന്തിയ അഭിഷേക് തുടക്കത്തിൽ കരുതലോടെ നീങ്ങിയെങ്കിലും പിന്നീട് ന‍്യൂസിലൻഡ് ബൗളർമാർക്കെതിരേ റൺസ് കണ്ടെത്തി. ബൗണ്ടറി അടിച്ച് ശ്രേയസും പിന്തുണച്ചതോടെ 4 ഓവർ പൂർത്തിയായപ്പോൾ ഇന്ത‍്യയ്ക്ക് 39 റൺസായി. എന്നാൽ അഭിഷേകിനെ പുറത്താക്കി മാത‍്യു ഫിഷർ പ്രഹരമേൽപ്പിച്ചു. അടുത്ത ഓവറിൽ ആദം മിൽനെ ശ്രേയസ് അയ്യരെ ക്ലീൻ ബൗൾഡാക്കിയതോടെ ടീം പ്രതിരോധത്തിലായി.

ആറാമനായെത്തിയ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി മിന്നൽ പ്രകടനം തന്നെ കാഴ്ചവച്ചുവെങ്കിലും കൂടുതൽ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സാന്‍റ്നറിനായിരുന്നു വിക്കറ്റ്. അക്ഷർ പട്ടേലിനെയും സാന്‍റ്നർ പുറത്താക്കി ഇന്ത‍്യയെ 89-6 എന്ന നിലയിലേക്ക് തള്ളിയിട്ടു. അവിടെ നിന്ന് തിലക് വർമയും മറുവശത്ത് നമൻ ധിറും ചേർന്ന് പ്രത‍്യാക്രമണം നടത്തിയെങ്കിലും ഏറ്റില്ല.

തിലക് വർമ സിംഗിളുകളെടുത്ത് കരുതലോടെ നീങ്ങിയപ്പോൾ നമൻ ധിർ ആക്രമണോത്സുകമായി ബാറ്റേന്തി. എന്നാൽ 11.2 ഓവറിൽ അവസാനിച്ചു നമന്‍റെ ബാറ്റിങ്. ജേക്കബ് ഡഫിയെറിഞ്ഞ പന്തിൽ നേഥൻ സ്മിത്തിന് ക‍്യാച്ച് നൽകിയാണ് നമൻ ധിർ പുറത്തായത്. തിലക് വർമയ്ക്ക് പിന്നീട് ഒറ്റയാൾ പോരാട്ടം നടത്താൻ സാധിക്കാതെ വന്നതും പിന്തുണയ്ക്കാൻ ആരുമില്ലാതായതും ഇന്ത‍്യ‍‌യെ തോൽവിയിലേക്ക് നയിച്ചു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ കിവീസ് 259 റൺസ് അടിച്ചെടുത്തു. 49 പന്തിൽ 6 ബൗണ്ടറിയും 10 സിക്സും അടക്കം 107 റൺസടിച്ച് കൂട്ടിയ ഗ്ലെൻ ഫിലിപ്പ്സാണ് ടീമിന്‍റെ ടോപ്സ്കോറർ. ഗ്ലെൻ ഫിലിപ്പ്സിനു പുറമെ മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസും ഓപ്പണിങ് ബാറ്റർ ഫിൻ അലൻ 17 പന്തിൽ 31 റൺസും നേടി മിന്നൽ പ്രകടനം പുറത്തെടുത്തു.

ഇന്ത‍്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഒരു വിക്കറ്റ് പിഴുതു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവറിൽ‌ തന്നെ ടിം സെയ്ഫെർട്ടിനെ (3) പേസർ മായങ്ക് യാദവ് പുറത്താക്കി. രണ്ടാം ഓവർ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 9 റൺസ് മാത്രം വഴങ്ങി മനോഹരമായി പന്തെറിഞ്ഞു.

പക്ഷേ മൂന്നാം ഓവറിൽ മൂന്നാമനായെത്തിയ ഡാരിൽ മിച്ചൽ 2 സിക്സും 2 ബൗണ്ടറിയും അടക്കം 20 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ ടീം സ്കോർ 34ൽ‌ നിൽക്കെ മായങ്ക് 143 കിലോമീറ്റർ വേഗതയിൽ യോർക്കർ എറിഞ്ഞ് എൽബിഡബ‍്യുവിൽ മിച്ചലിനെ പുറത്താക്കിയത് ടീമിന് ആശ്വാസമായി.

പവർപ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലായിരുന്നു ന‍്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്പ്സ് ഫിൻ അലനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം സ്കോർ ഉയർന്നു. പ്രിൻസ് യാദവ് എറിഞ്ഞ ആദ‍്യ പന്തിൽ ബൗണ്ടറി പറത്തിയാണ് ഗ്ലെൻ ഫിലിപ്പ്സ് ആക്രമണോത്സുക ബാറ്റിങ്ങിന് തുടക്കമിട്ടത്. മറുവശത്ത് ഫിൻ അലൻ ഓൾ‌റൗണ്ടർ അക്ഷർ പട്ടേലിന്‍റെ ഓവറിൽ ഒരു ഫോറും തുടർ‌ച്ചയായി രണ്ട് സിക്സും അടിച്ചെടുത്തെങ്കിലും അതിനു പിന്നാലെ തന്നെ അഭിഷേക് ശർമയ്ക്ക് ക‍്യാച്ച് നൽകി താരം കളം വിട്ടു.

മധ‍്യനിര ബാറ്റർ ബെവോൺ ജേക്കബസ് ക്രീസിലെത്തിയെങ്കിലും തിളങ്ങാനായില്ല. 7 പന്തിൽ നിന്നും ആകെ 7 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ‍്യം. ഇതോടെ 10.4 ഓവറിൽ കിവീസിന് നാലുവിക്കറ്റ് നഷ്ടമായെങ്കിലും 112 റൺസുണ്ടായിരുന്നു. അവിടെ നിന്ന് മൈക്കൽ‌ ബ്രേസ്‌വെൽ‌ ഗ്ലെൻ ഫിലിപ്പ്സിനൊപ്പം കൂടി ഇന്ത‍്യൻ ബൗളർമാരെ തല്ലിചതയ്ക്കുന്ന കാഴ്ചയായിരുന്നു ഓക്‌ലൻഡ് സ്റ്റേഡിയത്തിൽ കണ്ടത്.

മറുവശത്ത് നിതീഷ് കുമാർ റെഡ്ഡിയെ ഗ്ലെൻ ഫിലിപ്പ്സ് അടുപ്പിച്ച് മൂന്നു സിക്സുകൾ അടിച്ചു. തൊട്ടുപിന്നാലെ റൺസ് നിയന്ത്രിക്കാൻ ശ്രേയസ് മായങ്കിനെ പന്തേൽപ്പിച്ചെങ്കിലും ആ ഓവറിൽ 2 സിക്സുകൾ അനായാസം ന‍്യൂസിലൻഡ് ബാറ്റർമാർ അടിച്ചെടുത്തു. ഒടുവിൽ പ്രിൻസ് യാദവ് ബ്രേസ്‌വെല്ലിനെ എൽബിഡബ‍്യുവാക്കി പറഞ്ഞയച്ചു. ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർക്ക് (5) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഗ്ലെൻ ഫിലിപ്പ്സ് അവസാന ഓവറിൽ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായതോടെ ന‍്യൂസിലൻഡ് 259 റൺസിലെത്തുകയായിരുന്നു. അതേസമയം, ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത‍്യ ന‍്യൂസിലൻഡിനെതിരേ ഇറങ്ങിയിരിക്കുന്നത്. ഭുവനേശ്വർ കുമാറിനു പകരം മായങ്ക് യാദവും വൈഭവ് സൂര‍്യവംശിക്കു പകരം ഇഷാൻ കിഷാനുമാണ് പ്ലെയിങ് ഇലവനിലുള്ളത്.വൈഭവ് സൂര‍്യവംശിക്കു പകരം ഇഷാൻ കിഷാനുമാണ് പ്ലെയിങ് ഇലവനിലുള്ളത്.