ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയെ വൻ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയ ശ്രീലങ്കൻ ഓൾറൗണ്ടർ സൊണാൽ ദിനുഷ.

 
Sports

ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞ് ശ്രീലങ്ക; ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സ് ലീഡ്

ഇന്ത്യയുടെ 462 റണ്‍സിനെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 284 റണ്‍സിന് പുറത്തായി

Sports Desk

ഗാലെ: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി ശ്രീലങ്ക. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 178 റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ 462 റണ്‍സിനെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 284 റണ്‍സിന് പുറത്തായി. മാനവ് സുതാര്‍ (നാല്), രവീന്ദ്ര ജഡേജ (മൂന്ന്), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് (ഒന്നുവീതം) എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ, ഇന്ത്യയു‌ടെ ഒന്നാം ഇന്നിങ്സ് 462 റൺസിൽ അവസാനിച്ചിരുന്നു. 460/9 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് ആദ്യ ഓവറിൽ തന്നെ പ്രസിദ്ധ് കൃഷ്ണയുടെ (2) വിക്കറ്റ് നഷ്ടമായി. ശ്രീലങ്കയ്ക്കു വേണ്ടി ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ 109 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കന്നി ടെസ്റ്റ് കളിക്കുന്ന ഓഫ് സ്പിന്നർ കേശര നുവന്ത 175 റൺസിന് മൂന്ന് വിക്കറ്റ് നേടിയപ്പോൾ, പേസർ അസിത ഫെർണാണ്ടോയ്ക്കാണ് രണ്ട് വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടം. നിഷാൻ മധുഷ്ക അക്കൗണ്ട് തുറക്കും മുൻപേ മുഹമ്മദ് സിറാജിന്‍റെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ദേവദത്ത് പടിക്കലിനു ക്യാച്ച് നൽകി മടങ്ങി. മറുവശത്ത് പ്രസിദ്ധ് കൃഷ്ണ പതിവുപോലെ താളം കണ്ടെത്താൻ ബുദ്ധിമുട്ടി.

എന്നാൽ, എട്ടാം ഓവറോടെ തന്നെ സ്പിന്നർമാർ നിയന്ത്രണം ഏറ്റെടുത്തു. വെറ്ററൻ ബാറ്റർ ദിനേശ് ചണ്ഡിമലിനെ മാനവ് സുതാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു. ഓപ്പണർ ലാഹിരു ഉദാരയുടെ പോരാട്ടവും (27) സുതാർ തന്നെ അവസാനിപ്പിച്ചു.

ലങ്കയുടെ വിശ്വസ്തനായ കാമിന്ദു മെൻഡിസിനെ (14) കുൽദീപ് യാദവും ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയെ (21) രവീന്ദ്ര ജഡേജയും തിരിച്ചയച്ചതോടെ ലങ്കൻ ബാറ്റിങ് നിരയുടെ പകുതിയും കൂടാരം കയറി.

ശ്രീലങ്കൻ വിക്കറ്റ് ആഘോഷിക്കുന്ന മാനവ് സുതാറും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും.

അവിടെനിന്നാണ് സൊണാൽ ദിനുഷ - നിരോഷൻ ഡിക്ക്‌വെല്ല കൂട്ടുകെട്ടിന്‍റെ തുടക്കം. നാലാം ടെസ്റ്റ് കളിക്കുന്ന ദിനുഷയ്ക്ക് 33-ാം വയസിൽ ടീമിൽ തിരിച്ചെത്തിയ ഡിക്ക്‌വെല്ല മികച്ച പങ്കാളിയായി. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 146 റൺസ് പിറന്നു.

115 പന്തിൽ 80 റൺസെടുത്ത ഡിക്ക്‌വെല്ലയെ ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ച പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ കേശര നുവാന്തയുടെ രൂപത്തിൽ രവീന്ദ്ര ജഡേജ തന്‍റെ 350-ാം ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കി. എന്നാൽ, മറുവശത്ത് ഉറച്ചുനിന്ന ദിനുഷ അധികം വൈകാതെ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി.