ഏഷ്യൻ ഗെയിസം വനിതാ വിഭാഗം ക്രിക്കറ്റ് ഫൈനലിൽ ശ്രീലക്കക്കെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ്.

 
Sports

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ശ്രീലങ്കക്കെതിരേ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാർ നൽകിയത് തകർപ്പൻ തുടക്കം. റിച്ച ഘോഷിന്‍റെ ഉജ്വല ഫിനിഷ്.

Sports Desk

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിന്‍റെ ഫൈനലിൽ ശ്രീലങ്കക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. ട്വന്‍റി20 ഫോർമാറ്റിലാണ് മത്സരം.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇൻഫോം ഓപ്പണർമാർ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥനയും ചേർന്ന് ടീമിന് മികച്ച തുടക്കവും നൽകി. ആറോവർ പവർ പ്ലേ പിന്നിടുമ്പോൾ തന്നെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 67 റൺസ് എത്തിയിരുന്നു. പത്തോവറിൽ ഒരു വിക്കറ്റിന് 99 റൺസിലുമെത്തി.

ഏഷ്യൻ ഗെയിംസിലെ വനിതാ വിഭാഗം ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്കെതിരേ ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്തുന്ന ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന.

പതിവിന് വിപരീതമായി ഷഫാലിയെക്കാൾ ആക്രമണോത്സുകത പുറത്തെടുത്ത സ്മൃതിയാണ് ആദ്യം അർധ സെഞ്ചുറി തികച്ചത്. 30 പന്തിൽ 50 എത്തുമ്പോൾ തന്നെ സ്മൃതി അഞ്ച് സിക്സർ നേടിക്കഴിഞ്ഞിരുന്നു. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന്‍റെ ആദ്യ ഓവറിൽ നേടിയ മൂന്നു സിക്സറും ഇതിൽ ഉൾപ്പെടുന്നു.

പത്താം ഓവറിലെ അവസാന പന്തിൽ ഷഫാലിയുടെ രൂപത്തിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അപ്പോൾ ടീം സ്കോർ 99 റൺസിലെത്തിയിരുന്നു. 29 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസാണ് യുവതാരം നേടിയത്. തുടർന്ന് ഹർമൻപ്രീത് മൂന്നാം നമ്പറിലേക്ക് സ്വയം പ്രൊമോട്ട് ചെയ്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. 17 പന്തിൽ 19 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

സ്മൃതിയുടെ രൂപത്തിലായിരുന്നു മൂന്നാം വിക്കറ്റ്. 45 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും സഹിതം 79 റൺസെടുത്താണ് സ്മൃതി പുറത്തായത്. എന്നാൽ, ഇത് ഇന്ത്യൻ സ്കോറിങ്ങിനെ ബാധിച്ചില്ല. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയത് വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ബാറ്റിങ് ആഘോഷമാക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഭാരതി ഫൂൽമാലിയെ (7 പന്തിൽ 7 നോട്ടൗട്ട്) സാക്ഷി നിർത്തി ആഞ്ഞടിച്ച റിച്ച, 22 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്നു. ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ട തട്ടുപൊളിപ്പൻ ഇന്നിങ്സ്.

മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ബംഗ്ലാദേശിനെ 31 റൺസിനു തോൽപ്പിച്ച പാക്കിസ്ഥാൻ വെങ്കലം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് എടുത്തത്. ബംഗ്ലാദേശിന്‍റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരം'; കെപിസിസിക്ക് കേരള കോൺഗ്രസിന്‍റെ പരാതി