വിരാട് കോലി

 
Sports

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നിങ്സിനിടെ 59 റൺസ് പിന്നിട്ടതോടെയാണ് ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ബാറ്ററായി കോലി മാറിയത്

Aswin AM

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസിനാണ് ഇന്ത്യയുടെ ആധികാരിക ജയം.

രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 35 പന്തിൽ 32 റൺസെടുത്ത് പുറത്തായി. തുടർന്ന് ഗില്ലിനൊപ്പം വിരാട് കോലി ചേർന്ന് ഇന്ത്യയുടെ ചേസിന് വേഗം കൂട്ടി. 88 പന്തിൽ 139 റൺസ് നേടിയ കോലി പുറത്താകാതെ നിന്നു. മത്സരത്തിനിടെ കോലി മറ്റൊരു ചരിത്രനേട്ടത്തിനും ഉടമയായി. ഇന്നിങ്സിനിടെ 59 റൺസ് പിന്നിട്ടതോടെ ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ബാറ്ററായി കോലി മാറി. സച്ചിൻ ടെൻഡുൽക്കറാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ മറ്റൊരു താരം. 315-ാം ഏകദിനത്തിലാണ് കോലി 15,000 റൺസ് തികച്ചത്.

ശുഭ്മൻ ഗില്ലും മത്സരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. കോലിക്ക് പുറമെ ഗില്ലും സെഞ്ചുറി നേടി. 108 പന്തിൽ 110 റൺസ് എടുത്താണ് ഗിൽ പുറത്തായത്. നാലാമനായി ഇറങ്ങിയ റിതുരാജ് ഗെയ്ക്‌വാദ് 19 പന്തിൽ 13 റൺസ് (നോട്ടൗട്ട്) നേടി.

2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമിടുന്ന പരമ്പരയിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവിനും തിരുവനന്തപുരം മത്സരം സാക്ഷിയായി.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. അടുത്ത മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലാണ്. ഒക്റ്റോബർ മൂന്നിന് ചണ്ഡിഗഢീലാണ് അവസാന മത്സരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് അടിച്ചെടുത്തു. 108 പന്തിൽ 12 ബൗണ്ടറി അടക്കം 101 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്‌സാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. ഗ്രീവ്‌സിനു പുറമെ ജോൺ ക‍്യാംമ്പെൽ‌ (62), ആമിർ ജങ്കു (43 പന്തിൽ 58 നോട്ടൗട്ട്) മാത്രമാണ് തിളങ്ങിയത്.

വിക്കറ്റ് വീഴ്ത്തിയ ശേഷം സഹതാരങ്ങൾക്കൊപ്പം ആഘോഷ പ്രകടനം നടത്തുന്ന പ്രസിദ്ധ് കൃഷ്ണ

ക‍്യാപ്റ്റൻ ഷായ് ഹോപ്പ് (12) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത‍്യയ്ക്കു വേണ്ടി കുൽദീപ് യാദവ് നാലും പ്രസിദ്ധ് കൃഷ്ണ രണ്ടും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത വിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ജസ്റ്റിൻ ഗ്രീവ്സും ജോൺ ക‍്യാംമ്പെല്ലും നൽ‌കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു. ഇരുപതാം ഓവറിലാണ് കുൽദീപ് യാദവ് ആദ‍്യ വിക്കറ്റെടുത്ത് കൂട്ടുകെട്ട് പൊളിച്ചത്. ജോൺ ക‍്യാംമ്പെല്ലാണ് ആദ‍്യം പുറത്തായത്.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് വേണ്ടി പേസർ പ്രസിദ്ധ് കൃഷ്ണയാണ് ബൗളിങ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ‍്യ ഓവർ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് ഭംഗിയായി പന്തെറിഞ്ഞെങ്കിലും രണ്ടാം ഓവർ പതിവിന് വിപരീതമായി മീഡിയം പേസർ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്നത് വിൻഡീസ് ബാറ്റർമാർ മുതലാക്കി. 4 ബൗണ്ടറിയാണ് നിതീഷിനെ ജസ്റ്റിൻ ഗ്രീവ്സ് രണ്ടാം ഓവറിൽ അടിച്ചത്.

ഇതോടെ ടോപ് ഗിയറിൽ കുതിച്ച ഗ്രീവ്സിനെ പിടിച്ചുകെട്ടാനായില്ല. മറുവശത്ത് ജോൺ ക‍്യാംമ്പെല്ലിനെ കാഴ്ചക്കാരനാക്കി നിർത്തി ഓരോ ഓവറിലും ബൗണ്ടറി വീതം പറത്തി താരം സ്കോർബോർഡ് ഉയർത്തി. ഗുർനൂർ ബ്രാറും പന്തെറിഞ്ഞെങ്കിലും മറ്റൊന്നായിരുന്നില്ല ഫലം. ആദ‍്യ ഓവറിൽ തന്നെ 10 റൺസ് താരം വിട്ടുകൊടുത്തു.

പിന്നീട് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഏഴാം ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ചെടുത്ത് ജസ്റ്റിൻ ഗ്രീവ്സ് ആക്രമണം തുടർന്നു. കൂട്ടുകെട്ട് പൊളിക്കാൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ രവീന്ദ്ര ജഡേജയെ കൊണ്ടുവന്നെങ്കിലും 16 റൺസാണ് വിൻഡീസ് ബാറ്റർമാർ അടിച്ചെടുത്തത്. ജോൺ അടുപ്പിച്ച് രണ്ട് സിക്സും ജസ്റ്റിൻ ഒരു ബൗണ്ടറിയും പറത്തിയായിരുന്നു ജഡേജയെ നേരിട്ടത്.

മൂന്നാമനായി ക്രീസിലെത്തിയ കീസി കാർട്ടിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ പന്തിൽ ശുഭ്മൻ ഗില്ലിന് ക‍്യാച്ച് നൽകി താരം മടങ്ങി. പിന്നാലെയെത്തിയ ക‍്യാപ്റ്റൻ ഷായ് ഹോപ്പിന് ഇന്ത‍്യൻ ബൗളർമാരെ പ്രതിരോധിക്കാനായില്ല. കുൽദീപ് എറിഞ്ഞ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി കളിക്കാൻ ശ്രമിച്ചതാണ് താരത്തിന് തിരിച്ചടിയായത്.

തൊട്ടടുത്ത് തന്നെ ജുവൽ ആൻഡുവിനെയും(0) കുൽദീപ് തന്നെ മടക്കി അയച്ചതോടെ വിൻഡീസ് പ്രതിരോധത്തിലായി. എന്നാൽ ആറാം വിക്കറ്റിൽ ആമിർ ജങ്കുവും റോസ്റ്റൺ ചേസും (24) ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ട് ടീമിന് തുണയായി. ഇതോടെ വിൻഡീസ് 250 റൺസ് പിന്നിട്ടു. പിന്നീട് റോസ്റ്റൺ‌ ചേസിനെ പ്രസിദ്ധും മാത‍്യു ഫോർഡെയെ (7) നിതീഷ് കുമാർ റെഡ്ഡിയും പുറത്താക്കിയപ്പോൾ ഗുതകേശ് മോട്ടി 4 റൺസുമായി വിക്കറ്റ് കളയാതെ പിടിച്ചു നിന്നു.