സെഞ്ചുറി നേടിയ വെസ്റ്റിൻഡീസ് ഓപ്പണർ ജോൺ ക്യാംബെലിന്‍റെ ആഘോഷം.
ഗോഹട്ടി: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ. മൂന്ന് വിൻഡീസ് ബാറ്റർമാരാണ് മത്സരത്തിൽ സെഞ്ചുറി നേടിയത്. ഇന്ത്യൻ ബൗളിങ് നിരയുടെ ദൗർബല്യങ്ങൾ മുഴുവൻ തുറന്നു കാട്ടുന്നതായിരുന്നു വിൻഡീസിന്‍റെ ബാറ്റിങ്. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡീസ് നേടിയത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ജസ്റ്റിൻ ഗ്രീവ്സിനു പരുക്കേറ്റതിനാൽ കീസി കാർട്ടിയാണ് പകരം ഓപ്പണറായത്. 9 റൺസെടുത്ത കാർട്ടിയെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഉജ്വലമായ ക്യാച്ചിലൂടെ നമൻ ധീർ പുറത്താക്കി. എന്നാൽ, തുടർന്നങ്ങോട്ട് വിൻഡീസ് ബാറ്റർമാരുടെ അഴിഞ്ഞാട്ടമായിരുന്നു.
ഓപ്പണർ ജോൺ ക്യാംബെലിന് വൺഡൗണായെത്തിയ ക്യാപ്റ്റൻ ഷായ് ഹോപ്പ് ഉറച്ച പിന്തുണ നൽകി. 29 പന്തിൽ അർധ സെഞ്ചുറിയും 65 പന്തിൽ സെഞ്ചുറിയും തികച്ച ക്യാംബെൽ 68 പന്തിൽ 101 റൺസെടുത്ത് പുറത്താകുമ്പോൾ ഒമ്പത് ഫോറും അഞ്ച് സിക്സും നേടിക്കഴിഞ്ഞിരുന്നു. ഗുർനൂർ ബ്രാറിന്‍റെ പന്തിൽ നമൻ ധീർ തന്നെ ക്യാച്ചെടുത്താണ് ക്യാംബെൽ പുറത്തായത്.
എന്നാൽ, അവിടംകൊണ്ടും ഇന്ത്യക്ക് ആശ്വസിക്കാനായില്ല. ക്യാപ്റ്റനൊപ്പം ചേർന്ന ആമിർ ജാംഗൂ തകർത്തടിച്ചു. ബൗളർമാരോട് ഹോപ്പ് അൽപ്പം കരുണ കാട്ടിയെങ്കിലും 94 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 104 റൺസെടുത്തു. ജാംഗു ആകട്ടെ 70 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. 38-ാം ഓവറിൽ തന്നെ ടീം സ്കോർ 300 റൺസും പിന്നിട്ടു.
ആദ്യ മത്സരം തോറ്റ ടീമിൽ വെസ്റ്റിൻഡീസ് നാല് മാറ്റങ്ങളാണ് വരുത്തിയത്. ഇന്ത്യ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കു പകരം അക്വിബ് നബിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. തുടക്കത്തിൽ മികച്ച സ്വിങ് കണ്ടെത്താൻ സാധിച്ചെങ്കിലും വേഗത്തിലെ പോരായ്മ കാരണം നബിയെ അനായാസം നേരിടാൻ കരീബിയൻ ബാറ്റർമാർക്കു സാധിച്ചു. 8.5 ഓവറിൽ 84 റൺസാണ് നബി വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.
ഗുർനൂർ ബ്രാർ രണ്ട് വിക്കറ്റ് നേടിയെങ്കിലും പത്തോവറിൽ 96 റൺസ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ അഞ്ചോവർ മാത്രമാണെറിഞ്ഞത്. 45 റൺസിന് ഒരു വിക്കറ്റ് കിട്ടി. രവീന്ദ്ര ജഡേജ 75 റൺസിനും കുൽദീപ് യാദവ് 65 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തിലും സീനിയർ പേസ് ബൗളർ മുഹമ്മദ് സിറാജിന് അവസരം നൽകിയില്ല.