അർധസെഞ്ചുറി നേടിയ അഭിഷേകിന്‍റെ അഹ്ലാദ പ്രകടനം
ഇന്ദോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ നിശ്ചിത 20 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. 30 പന്തിൽ നിന്നും 6 ബൗണ്ടറിയും 5 സിക്സും അടക്കം 69 റൺസ് അടിച്ചെടുത്ത അഭിഷേക് ശർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. 18 പന്തിൽ നിന്നുമാണ് അഭിഷേക് അർധസെഞ്ചുറി നേടിയത്. അഭിഷേകിനു പുറമെ ഇഷാൻ കിഷന് (18 പന്തിൽ 37) മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാനായത്.
മലയാളി താരം സഞ്ജു സാംസണും (6 പന്തിൽ 3) ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ (2 പന്തിൽ 1) അടക്കമുള്ള താരങ്ങളും നിരാശപ്പെടുത്തി. വിൻഡീസ് പേസർ ഷമാർ ജോസഫ് ലെഗ് സ്റ്റംപിന് എറിഞ്ഞ പന്ത് സഞ്ജു ഫ്ലിക് ഷോട്ടിന് ശ്രമിച്ചെങ്കിലും ഫീൽഡർ കാമിൽ പുരാൻ ക‍്യാച്ച് കൈകളിലൊതുക്കുകയായിരുന്നു. 150 കിലോമീറ്റർ വേഗതയിൽ വന്ന പന്താണ് സഞ്ജു ഫ്ലിക്ക് ഷോട്ടിന് ശ്രമിച്ചത്.
കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ഇത്തവണ അതേ പ്രകടനം പുറത്തെടുക്കാനായില്ല. സഞ്ജു പുറത്തായെങ്കിലും ഇഷാനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അഭിഷേക് 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് റൺസ് ഉയർന്നത്.
വെറും 37 പന്തുകൾ മാത്രമാണ് 100 റൺസ് അടിച്ചെടുക്കാൻ ഇരുവർക്കും വേണ്ടിവന്നത്. പിന്നീട് സ്റ്റെപ്പ് ഔട്ട് കേറി കളിക്കാൻ ശ്രമിച്ച ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
നാലാമനായെത്തിയ ശ്രേയസിനെയും റോസ്റ്റൺ ചേസ് മടക്കി അയച്ചു. തൊട്ടുപിന്നാലെ ഷമാർ സ്പ്രിങ്ങർ എറിഞ്ഞ ബൗൺസറിൽ വലിയ ഷോട്ടിന് ശ്രമിച്ച് അഭിഷേകും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. തിലക് വർമ (28) അൽപ്പം ബൗണ്ടറികൾ പറത്തി ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും റണ്ണൗട്ടായത് തിരിച്ചടിയായി.
കഴിഞ്ഞ രണ്ട് മത്സരങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ അവസരം ലഭിച്ചിട്ടും നമൻ ധിറിന് അത് മുതലാക്കാനായില്ല. ഒരു സിക്സർ അടക്കം 5 പന്തിൽ നിന്നും 10 റൺസെടുത്ത് താരം നിരാശനായി കളം വിട്ടു.
ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21 റൺസും അക്ഷർ പട്ടേൽ 14 പന്തിൽ 20 റൺസും നേടി. അർഷ്ദീപ് സിങ്ങും പ്രിൻസ് യാദവും ചേർന്ന് 24 റൺസ് സംഭാവന നൽകിയതോടെയാണ് ടീം സ്കോർ 223 റൺസിലെത്തിയത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി റോസ്റ്റൺ ചേസും ഷമാർ സ്പ്രിങ്ങറും ഷമാർ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ , കീമോ പോൾ, ഗുതകേശ് മോത്തി എന്നിവർ ഓരോ വിക്കറ്റ് പിഴുതു.