സഞ്ജു സാംസൺ

 
Sports

സഞ്ജുവിന്‍റെ അർധസെഞ്ചുറിക്ക് ഇന്ത‍്യയെ രക്ഷിക്കാനായില്ല; നാലാം ടി20യിൽ തോൽവി

നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 247 റൺസ് അടിച്ചെടുത്തു

Aswin AM

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 24 റൺസ് തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 248 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യയ്ക്ക് മറികടക്കാനായില്ല. ഇതോടെ 5 മത്സരങ്ങളടങ്ങുന്ന പരമ്പര 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്കു വേണ്ടി മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കമാണ് ടീമിന് നൽകിയത്. 23 പന്തുകൾ നേരിട്ട താരം 6 ബൗണ്ടറിയും 4 സിക്സും സഹിതം 56 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ പിന്നീട് വന്ന താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.

അഭിഷേക് ശർമയെ (24 പന്തിൽ 29) കാഴ്ചക്കാരനാക്കി നിർത്തി മത്സരത്തിന്‍റെ തുടക്കം മുതൽ സഞ്ജുവാണ് റൺസ് ഉയർത്തിയത്. റോസ്റ്റൺ ചേസ് എറിഞ്ഞ ആദ‍്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ചാണ് സഞ്ജു തുടങ്ങിയത്. രണ്ടാം ഓവറിൽ പേസർ ഷമാർ ജോസഫിനെ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 18 റൺസ് അടിച്ചെടുത്ത് സഞ്ജു മുന്നോട്ട് നീങ്ങി. റോസ്റ്റൺ ചേസിന്‍റെ മൂന്നാം ഓവറിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടക്കം 24 റൺസ് സഞ്ജു നേടി.

പിന്നീട് നാലാം ഓവറിലും സഞ്ജു റൺവേട്ട തുടർന്നതോടെ 60 റൺസായി ടീമിന്. എന്നാൽ കീമോ പോൾ എറിഞ്ഞ പന്തിൽ ഹെറ്റ്മെയറിന് ക‍്യാച്ച് നൽകി താരം മടങ്ങി. 19 പന്തുകളിൽ നിന്നാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസ് കടന്നത്. പിന്നാലെയെത്തിയ ഇഷാൻ കിഷൻ (6) ഒരു ബൗണ്ടറി പറത്തിയെങ്കിലും യോർക്കർ ലെങ്ത്ത് ഡെലിവറിയിൽ ഹെലികോപ്റ്റർ ഷോട്ടിൽ സിക്സർ പറത്താൻ ശ്രമിച്ച് പുറത്തായി. ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കാര‍്യമായ പ്രകടനമൊന്നും പുറത്തെടുക്കാനായില്ല. 11 പന്തിൽ നിന്നും 16 റൺസാണ് താരം ആകെ നേടിയത്.

നിതീഷ് കുമാർ റെഡ്ഡി

അഭിഷേക് ശർമ ഒരുവശത്ത് ഉണ്ടായിരുന്നുവെങ്കിലും ലെഗ് സ്റ്റംപ് ലക്ഷ‍്യമാക്കി വിൻഡീസ് ബൗളർമാർ പന്തെറിഞ്ഞു തുടങ്ങിയതോടെ അഭിഷേക് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനായത്. പിന്നീട് പവർപ്ലേ പൂർത്തിയായപ്പോൾ ഓഫ് സൈഡിൽ ഫീൽഡർമാരെ ഇടുകയും ചെയ്തതോടു കൂടി അഭിഷേക് പ്രതിരോധത്തിലായി.

ഒടുവിൽ 11.3 ഓവറിൽ താരം വിക്കറ്റ് നൽകി മടങ്ങി. നമൻ ധിറിനെ (0) ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് വിട്ടതോടുകൂടി ഇന്ത‍്യ 11.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലേക്കെത്തി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുകൂടിയ തിലക് വർമ (25 പന്തിൽ 43) - നിതീഷ് കുമാർ റെഡ്ഡി (20 പന്തിൽ 41) സഖ‍്യം 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് അൽപ്പം ആത്മവിശ്വാസം നൽകിയെങ്കിലും റൊമാരിയോ ഷെപ്പേർഡ് തിലകിനെ പുറത്താക്കി പ്രതീക്ഷകൾ അവസാനിപ്പിച്ചു. പിന്നീട് നിതീഷിന് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാനായില്ല. കീമോ പോളിന്‍റെ പന്തിൽ സിക്സർ പറത്താൻ ശ്രമിച്ച് പുറത്തായി. അക്ഷർ പട്ടേൽ (3) തിളങ്ങിയില്ല. വിൻഡീസിനു വേണ്ടി കീമോ പോൾ അഞ്ചും ഗുതകേശ് മോത്തി രണ്ടും റൊമാരിയോ ഷെപ്പേർഡ്, ഷമാർ സ്പ്രിങ്ങർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 247 റൺസ് അടിച്ചെടുത്തു. 50 പന്തിൽ നിന്നും 9 സിക്സും 4 ബൗണ്ടറിയും അടക്കം 102 റൺസ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ക‍്യാപ്റ്റൻ‌ ഷായ് ഹോപ്പാണ് ടീമിന്‍റെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഷായ് ഹോപ്പും ജുവൽ ആൻഡ്രുവും നൽകിയത്. ഒന്നാം വിക്കറ്റിൽ 52 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.

4.2 ഓവറിൽ ടീം സ്കോർ 52റൺസിൽ നിൽക്കെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. 16 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും അടക്കം 21 റൺസ് അടിച്ചെടുത്ത ജുവൽ ആൻഡ്രുവിന്‍റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. അക്ഷർ പട്ടേലിനായിരുന്നു വിക്കറ്റ്. മത്സരത്തിന്‍റെ ആദ‍്യ ഓവർ പേസർ മായങ്ക് യാദവ് മികച്ച രീതിയിൽ പന്തെറിഞ്ഞു. മൂന്ന് റൺസ് മാത്രമാണ് ആദ‍്യ ഓവറിൽ താരം വിട്ടുകൊടുത്തത്. എന്നാൽ രണ്ടാം ഓവർ എറിഞ്ഞ അർഷ്ദീപ് സിങ്ങിനെ 18 റൺസാണ് ആൻഡ്രുവും ഹോപ്പും ചേർന്ന് അടിച്ചെടുത്തത്. ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പിന് ഒപ്പം ചേർന്ന് ഷിമ്രോൺ ഹെറ്റ്മെയർ മികച്ച രീതിയിൽ ബാറ്റേന്തി.

ഇതോടെ 20 പന്തിൽ നിന്നും 50 റൺസ് ഇരുവരും സഖ‍്യമുണ്ടാക്കി. 12 പന്തുകൾ മാത്രം ആയുസുണ്ടായിരുന്ന ഹെറ്റ്മെയർ 275 സ്ട്രൈക്ക് റേറ്റിൽ 4 ബൗണ്ടറിയും 2 സിക്സും അടക്കം 33 റൺസ് അടിച്ചെടുത്തിട്ടാണ് കളം വിട്ടത്. പ്രിൻസ് യാദവ് എറിഞ്ഞ പന്തിൽ റിട്ടേൺ ക‍്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഇതോടെ 8.2 ഓവറിൽ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലേക്കെത്തി. പിന്നാലെയെത്തിയ വമ്പൻ അടിക്കാരൻ റൊവ്മാൻ പവലിന് അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.

സെഞ്ചുറി നേടിയ വിൻഡീസ് ക‍്യാപ്റ്റൻ ഷായ് ഹോപ്പ്

17 പന്തുകൾ നേരിട്ട താരം 24 റൺസ് ടീമിന് സംഭാവന നൽകി. അർഷ്ദീപ് എറിഞ്ഞ വൈഡ് യോർക്കറിൽ ഔട്ട്സൈഡ് എഡ്ജ് കൊണ്ട് സഞ്ജു സാംസൺ ക‍്യാച്ചെടുക്കുകയായിരുന്നു. ആദ‍്യ രണ്ട് ഓവറിലും 18 റൺസ് വീതം വിട്ടുകൊടുത്ത അർഷ്ദീപ് ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. പക്ഷേ അഞ്ചാമനായി ഇറങ്ങിയ ഹിറ്റർ ഷെർഫെയ്ൻ റൂഥർഫോർ‌ഡ് ഹോപ്പിനൊപ്പം ചേർന്ന് മത്സരം മുന്നോട്ടുകൊണ്ടുപോയി.

ആദ‍്യം പതുക്കെ കരുതലോടെയാണ് റൂഥർഫോർഡ് നീങ്ങിയതെങ്കിലും പിന്നീട് റൺസ് കണ്ടെത്തി. 26 പന്തുകളിൽ നിന്നും 49 റൺസാണ് താരം നേടിയത്. മറുവശത്ത് അവസാന ഓവർ എറിഞ്ഞ നിതീഷ് കുമാർ റെഡ്ഡിയെ തുടരെ തുടരെ രണ്ടു സിക്സർ പറത്തിയതോടെ ഷായ് ഹോപ്പ് സെഞ്ചുറി തികച്ചു. ഇതോടെ ടീം സ്കോർ 247 റൺസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി പ്രിൻസ് യാദവ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ട് മത്സരങ്ങൾ വിജയിച്ചതിനാൽ ഈ മത്സരം കൂടി വിജയിച്ചാൽ ഇന്ത‍്യയ്ക്ക് പരമ്പര ഉറപ്പിക്കാം.