ഇഷാൻ‌ കിഷൻ

 
Sports

ചിന്നസ്വാമിയിൽ ബാറ്റിങ് വെടിക്കെട്ടുമായി ഇഷാൻ കിഷനും നമൻ ധിറും; വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചു

7.4 ഓവർ പിന്നിട്ടപ്പോൾ ഇന്ത‍്യ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് അടിച്ചെടുത്തിട്ടുണ്ട്

Aswin AM

ബെംഗളൂരു: ഏറെ വർഷങ്ങൾക്ക് ശേഷം ഭുവനേശ്വർ കുമാർ ഇന്ത‍്യൻ ടീമിലേക്ക് തിരിച്ചെത്തിയ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. മഴ മൂലം 9 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 7.4 ഓവർ ഇന്ത‍്യ ബാറ്റ് ചെയ്തെങ്കിലും വീണ്ടും മഴ എത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഭുവനേശ്വർ‌ നീല കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകർ നിരാശയിലായി.

വെസ്റ്റ് ഇൻഡീസിനെതിരേ 7.4 ഓവർ പിന്നിട്ടപ്പോൾ ഇന്ത‍്യ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്കു വേണ്ടി ഇഷാൻ കിഷനാണ് തിളങ്ങിയത്.

10 പന്തുകൾ നേരിട്ട താരം 3 ബൗണ്ടറിയും രണ്ട് സിക്സും അടക്കം 30 റൺസ് അടിച്ചെടുത്ത് പുറത്തായി. ഇഷാനു പിന്നാലെ മലയാളി താരം സഞ്ജു സാംസൺ 7 പന്തിൽ 16 റൺസ് നേടി മടങ്ങി. വെടിക്കെട്ട് താരം അഭിഷേക് ശർമ ( 4 പന്തിൽ 6 റൺസ്) നിരാശപ്പെടുത്തി.

നമൻ ധിർ

മത്സരത്തിന്‍റെ തുടക്കത്തിൽ‌ സഞ്ജുവാണ് സ്ട്രൈക്ക് ചെയ്തതെങ്കിലും ആദ‍്യ സിക്സർ അഭിഷേകിന്‍റെ ബാറ്റിൽ നിന്നായിരുന്നു. കീമോ പോൾ ആദ‍്യ ഓവറിൽ എറിഞ്ഞ ഇൻസ്വിങ്ങർ ലെഗ് സൈഡിൽ ഫ്ലിക് ചെയ്താണ് താരം റൺസ് കണ്ടെത്തിയത്. എന്നാൽ തൊട്ടടുത്ത പന്ത് ലെഗ് സൈഡിൽ ഫീൽഡറെ നിർത്തി ലെഗ് സ്റ്റംപ് ലക്ഷമാക്കി ഗുഡ്‌ലെങ്ത്ത് ഡെലിവറിയെറിഞ്ഞപ്പോൾ അഭിഷേക് ക‍്യാച്ച് നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും വിൻഡീസ് ബൗളർമാർ ലെഗ് സ്റ്റംപ് കെണിയിലാണ് അഭിഷേകിനെ പൂട്ടിയത്. ഇത്തവണ അത് വീണ്ടും ആവർത്തിച്ചു.

എന്നാൽ പിന്നാലെ ക്രീസിലെത്തിയ ഇഷാൻ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയത് ടീമിന് ആത്മവിശ്വാസം നൽകി. അതേ ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെ രണ്ട് ബൗണ്ടറിയും ഒരു സിക്സും കൂടെ ഇഷാൻ അടിച്ചെടുത്തതോടെ 2 ഓവർ പൂർത്തിയായതോടെ ഇന്ത‍്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലേക്കെത്തി. മൂന്നാം ഓവറിൽ ഷമാർ ജോസഫ് എറിഞ്ഞ ഓഫ് കട്ടർ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് ഇഷാൻ പുറത്തായത്.

വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ സഞ്ജുവിനെതിരേ ഷമാർ ബൗൺസർ പ്രയോഗിച്ചെങ്കിലും അപ്പർകട്ടിലൂടെ താരം സിക്സർ പറത്തിയാണ് മറുപടി നൽകിയത്. നാലാമനായെത്തിയ ശ്രേയസ് അയ്യർ ( 14 പന്തിൽ 22) അൽപ്പ നേരം പിടിച്ചു നിന്നെങ്കിലും റൺസെടുത്ത് കളം വിട്ടു. പിന്നീട് നേരിട്ട ആദ‍്യ പന്തിൽ സിക്സർ അടിച്ച് നമൻ ധിർ വരവറിയിച്ചു. രണ്ടാം പന്ത് ഓഫ് കട്ടർ എറിഞ്ഞെങ്കിലും നമൻ ബൗണ്ടറി നേടി. മൂന്നാം പന്തും മറ്റൊന്നായിരുന്നില്ല സ്ഥിതി. 61 മീറ്റർ സിക്സറായിരുന്നു താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. മറുവശത്ത് ഫോമിലേക്കെത്താൻ കഴിയാതെ നിന്ന തിലക് വർമ (6 പന്തിൽ 7) നമന് സ്ട്രൈക്ക് നൽകിയതോടെ എട്ടാം ഓവറിലും സിക്സർ പറന്നു. ഷമാർ സ്പ്രിങ്ങർ എറിഞ്ഞ വൈഡ് യോർക്കർ ലെങ്ത്ത് ഡെലിവറിയിൽ തിലക് വർമ ബൗൾഡായി. ഇതോടെ വീണ്ടും മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു.