മത്സരത്തിൽ നിന്നും

 
Sports

സഞ്ജുവിന്‍റെ അർധസെഞ്ചുറി പാഴായി; ഇന്ത‍്യയ്‌ക്കെതിരേ 250 റൺസ് ചേസ് ചെയ്ത് വിൻഡീസ്

നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ അടിച്ചെടുത്ത 250 റൺസ് വിജയലക്ഷ‍്യം വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു

Sports Desk

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത‍്യയ്ക്ക് തോൽവി. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ അടിച്ചെടുത്ത 250 റൺസ് വിജയലക്ഷ‍്യം വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ വിൻഡീസ് (1-1) ഒപ്പമെത്തി.

വെസ്റ്റ് ഇൻഡീസിനു വേണ്ടി 45 പന്തിൽ നിന്നും 9 സിക്സും 6 ബൗണ്ടറിയും അടക്കം 102 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഷായ് ഹോപ്പും 37 പന്തിൽ 7 സിക്സും 7 ബൗണ്ടറിയും അടക്കം 84 റൺസ് അടിച്ചെടുത്ത ഷെർഫെയ്ൻ റൂഥർഫോർഡുമാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്.

ഇരുവർക്കും പുറമെ റൊമാരിയോ ഷെപ്പേർഡ് 13 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്നതോടെ ടീം വിജയലക്ഷ‍്യം അനായാസം മറികടന്നു. ഇന്ത‍്യയ്ക്കു വേണ്ടി പേസർ മായങ്ക് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ വെസ്റ്റ് ഇൻഡീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മായങ്ക് യാദവ് എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീണു. ഓപ്പണർ കാമിൽ പുരാനും (4) ഷിമ്രോൺ ഹെറ്റ്മെയറുമാണ് (0) പുറത്തായത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഷായ് ഹോപ്പ്- റൊവ്മാൻ പവൽ സഖ‍്യം 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന് ആശ്വാസമായി.

പക്ഷേ പവർപ്ലേ പൂർത്തിയാകുന്നതിന് മുന്നെ തന്നെ മായങ്ക് യാദവ് റൊവ്മാൻ പവലിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലേക്കെത്തി വിൻ‌ഡീസ്. പിന്നീട് എത്തിയ റൂഥർഫോർഡിനെ ഇന്ത‍്യൻ ബൗളർമാർക്ക് പിടിച്ചുകെട്ടാനായില്ല.

ഷായ് ഹോപ്പ് ആക്രമണോത്സുക പുറത്തെടുത്ത് ഒരുവശത്ത് ശക്തമായി നീങ്ങിയപ്പോൾ മറുവശത്ത് നിന്നും മികച്ച പിന്തുണയാണ് റൂഥർഫോർഡ് നൽകിയത്. അക്ഷർ പട്ടേലിനെയും കുൽദീപ് യാദവിനെയും ഇരുവരും കണക്കിന് തല്ലി. ഇതിനിടെ റൂഥർഫോർഡിന്‍റെ ക‍്യാച്ച് കൈവിട്ടതും ഇന്ത‍്യയ്ക്ക് തിരിച്ചടിയായി. ഒടുവിൽ‌ 14.1 ഓവറിലാണ് റൂഥർഫോർഡ് പുറത്താകുന്നത്.

ഇതോടെ മത്സരം തിരിച്ചുപിടിക്കാമെന്ന് ഇന്ത‍്യ കരുതിയെങ്കിലും റൊമാരിയോ ഷെപ്പേർഡിന്‍റെ പദ്ധതി മറ്റൊന്നായിരുന്നു. അക്ഷർ പട്ടേലിന്‍റെയും കുൽദീപ് യാദവിന്‍റെയും ഓവറുകളിൽ സിക്സർ പറത്തി താരം റൺസ് കണ്ടെത്തി. അക്ഷർ പട്ടേൽ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സർ പറത്തി ഷായ് ഹോപ്പ് മത്സരം ഫിനിഷ് ചെയ്തു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ മലയാളി താരം സഞ്ജു സാംസണിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലാണ് കൂറ്റൻ സ്കോർ അടിച്ചെടുത്തത്. ഓപ്പണിങ്ങിറങ്ങിയ സഞ്ജു 41 പന്തിൽ 9 ബൗണ്ടറിയും 4 സിക്സും അടക്കം 82 റൺസാണ് അടിച്ചെടുത്തത്. സഞ്ജുവിനു പുറമെ ഇഷാൻ കിഷൻ ( 43), ശ്രേയസ് അയ്യർ (40 നോട്ടൗട്ട്), തിലക് വർമ (44 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. വിൻഡീസിനു വേണ്ടി റോസ്റ്റൺ ചേസ് മൂന്നും ഷമാർ സ്പ്രിങ്ങർ രണ്ടു വിക്കറ്റും വീഴ്ത്തി.

സഞ്ജു സാംസൺ