ജപ്പാൻ ക‍്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിങ്ങും ഇന്ത‍്യൻ ക‍്യാപ്റ്റൻ ശ്രേയസ് അയ്യരും
സനോ: നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജപ്പാനെതിരേ സനോ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഏക ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 2 റൺസ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് തുടക്കത്തിലെ തന്നെ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു.
നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 5 ഓവറായി വെട്ടച്ചുരുക്കിയ മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് മാത്രമാണ് ടി20യിൽ നമ്പർ വൺ ടീമായ ഇന്ത‍്യയ്ക്ക് അടിച്ചെടുക്കാനായത്. 12 പന്തിൽ നിന്നും 1 ബൗണ്ടറി അടക്കം 16 റൺസടിച്ച ക‍്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടീമിന്‍റെ ടോപ് സ്കോറർ.
മലയാളി താരം സഞ്ജു സാംസൺ 7 പന്തിൽ 9 റൺസെടുത്ത് പുറത്തായപ്പോൾ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്കെതിരേ ഡോട് ബോളെറിഞ്ഞാണ് ജപ്പാൻ ബൗളർമാർ തുടക്കമിട്ടത്. പിന്നാലെ സഞ്ജു ബൗണ്ടറി അടിച്ചത് ആശ്വാസമായി. തുടർന്ന് സഞ്ജു സിംഗിളെടുത്ത് സട്രൈക്ക് മാറി.
എന്നാൽ ആദ‍്യ ഓവറിലെ അവസാന പന്തിൽ തന്നെ അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ സഞ്ജുവും മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. പിന്നാലെയെത്തിയ ഇഷാൻ കിഷനും കാര‍്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ല. 6 പന്തിൽ നിന്നും 3 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം.
ജപ്പാൻ ടീം
മത്സരത്തിൽ നിന്നും
ഒടുവിൽ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ സമ്മാനിച്ച 16 റൺസിന്‍റെ കരുത്തിലാണ് ഇന്ത‍്യയ്ക്ക് 32 റൺസെങ്കിലും അടിച്ചെടുക്കാനായത്. അവസാന ഓവറിൽ ശ്രേയസിന്‍റെ വിക്കറ്റും ടീമിന് നഷ്ടമായപ്പോൾ തിലക് വർമ (1), ശിവം ദുബെ (0) എന്നിവർ വിക്കറ്റ് കളയാതെ പിടിച്ചുനിന്നു.
മത്സരത്തിലുടനീളം സ്പിന്നർമാർ ആധിപത‍്യം പുലർത്തുന്ന കാഴ്ചയാണ് കാണാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് അടിച്ചെടുത്തു. ക‍്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിങ്ങാണ്(12 ) ജപ്പാന്‍റെ ടോപ് സ്കോറർ. ക‍്യാപ്റ്റനു പുറമെ ബെഞ്ചമിൻ ഇറ്റോ-ഡേവിസ് 8 പന്തിൽ 9 റൺസെടുത്തു. അക്ഷർ പട്ടേലെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത‍്യ വിജയം നേടിയത്.