പി.ടി. ഉഷ
ന്യൂഡൽഹി: ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയുടെയും ഇന്ത്യൻ ഐസ് ഹോക്കി അസോസിയേഷൻ (ഐഎച്ച്എഐ) സെക്രട്ടറി ജനറൽ ഹർജീന്ദർ സിങ്ങിന്റെയും നാമനിർദേശങ്ങൾ അംഗീകരിച്ചു. ഇരുവരെയും ഉൾപ്പെടുത്തിയതിനെതിരേ ഉയർന്ന എതിർപ്പുകൾ തള്ളിയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നാമനിർദേശങ്ങൾ അംഗീകരിച്ചത്.
ദേശീയ കായിക ഫെഡറേഷനിലെ അംഗമല്ലാത്തതിനാൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇതിഹാസമായ പി.ടി. ഉഷയ്ക്ക് ഐഒഎ ജനറൽ ബോഡിയിൽ ഐഎച്ച്എഐയെ പ്രതിനിധീകരിക്കാൻ അർഹതയില്ലെന്നായിരുന്നു ഫെഡറേഷനിലെ ഒരു വിഭാഗത്തിന്റെ വാദം. നവംബർ 13ന് സമർപ്പിച്ച എതിർപ്പുകളിൽ ഉഷയുടെയും ഹർജീന്ദർ സിങ്ങിന്റെയും അംഗത്വ യോഗ്യതയാണ് ചോദ്യം ചെയ്തത്. ഇരുവരെയും ഐഎച്ച്എഐ അംഗങ്ങളായാണ് താൽക്കാലിക ഇലക്റ്ററൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
തുടർന്ന് ഐഎച്ച്എഐയുടെ വിശദീകരണം തേടിയ ഇലക്റ്ററൽ ഓഫീസർ നവംബർ 14ന് സംഘടനാ പ്രതിനിധികൾക്ക് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. ഹർജീന്ദർ സിങ്ങും ശ്രീനിവാസ് കോട്നിയും ഹിയറിങ്ങിൽ പങ്കെടുത്തു. ഉഷയും നിലവിലെ സെക്രട്ടറി ജനറലും സംഘടനയിലെ സജീവ അംഗങ്ങളാണെന്ന് ഇവർ സ്ഥിരീകരിച്ചു. എതിർപ്പുകൾക്ക് മറുപടിയായി വിശദമായ സത്യവാങ്മൂലവും രേഖകളും സമർപ്പിക്കുകയും ചെയ്തു.
ഒരു പ്രത്യേക കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിക്ക് അതത് ദേശീയ കായിക ഫെഡറേഷനിൽ മാത്രമാണോ അംഗത്വമെടുക്കാനാകുക, അതോ മറ്റൊരു ദേശീയ കായിക ഫെഡറേഷനിലും അംഗത്വമെടുക്കാമോ എന്ന കാര്യത്തിൽ ഐഒഎയോടും വിശദീകരണം തേടിയിരുന്നു. മറ്റൊരു ദേശീയ കായിക ഫെഡറേഷനിൽ അംഗമായിരിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളെ അയോഗ്യനാക്കാനാകില്ലെന്ന് ഐഒഎ വ്യക്തമാക്കി.
എതിർപ്പുകളും ബന്ധപ്പെട്ടവരുടെ വിശദീകരണങ്ങളും പരിശോധിച്ച ശേഷമാണ് ഇലക്റ്ററൽ ഓഫീസർ അവ തള്ളുകയും ഉഷയുടെയും ഹർജീന്ദറിന്റെയും നാമനിർദേശങ്ങൾ അംഗീകരിക്കുകയും ചെയ്തത്. അന്തിമ ഇലക്റ്ററൽ പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും.
ഐഒഎയിലെ നാല് വനിതാ സ്പോർട്സ്പേഴ്സൺസ് ഓഫ് മെറിറ്റ് (എസ്ഒഎം) സ്ഥാനങ്ങളിലൊന്നിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഉഷയുടെ തിരിച്ചുവരവിന് ഐഎച്ച്എഐ മുഖേനെ വഴിയൊരുങ്ങിയത്. വ്യാഴാഴ്ച ഐഎച്ച്എഐയുടെ രണ്ട് പ്രതിനിധികളിൽ ഒരാളായി ഉഷയെ ജനറൽ ബോഡിയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു.