പ്രസിദ്ധ് കൃഷ്ണ

 
Sports

ഇന്ത‍്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ തിരിച്ചുവരവ് വൈകിയേക്കും; ന‍്യൂസിലൻഡ് പരമ്പര കളിക്കുമോ?

നിലവിൽ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻ‌സിൽ കഴിയുന്ന താരം മൂന്നാഴ്ചയോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർ‌ട്ടുകൾ

Aswin AM

ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത‍്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ തിരിച്ചുവരവ് വൈകിയേക്കും. നിലവിൽ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻ‌സിൽ കഴിയുന്ന താരത്തിന് മൂന്നാഴ്ചയോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നും നാലാം ആഴ്ച മുതൽ പന്തെറിയാൻ സാധിച്ചേക്കുമെന്നുമാണ് പ്രമുഖ‍ ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

നവംബർ നാലിന് ന‍്യൂസിലൻഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ പ്രസിദ്ധ് കൃഷ്ണ കളിക്കുന്ന കാര‍്യം സംശയത്തിലാണ്. എന്നാൽ കിവീസിനെതിരേ നവംബർ 19ന് നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരം തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.

കർണാടക രഞ്ജി ട്രോഫി ടീമിലും പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആന്ധ്രാപ്രദേശിനെതിരേ നടക്കുന്ന ആദ‍്യ മത്സരം താരത്തിന് നഷ്ടമാകും. ഗോഹട്ടിയിൽ നടന്ന ഏകദിന മത്സരത്തിനിടെ പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണ 5 ഓവർ മാത്രമാണ് പന്തെറിഞ്ഞത്. മത്സരത്തിന്‍റെ 31ാം ഓവറിൽ കളം വിടുകയും ചെയ്തു.

ഇന്ത‍്യൻ പിച്ചുകളിൽ ഒരുപാട് റൺസ് വഴങ്ങുന്നുണ്ടെങ്കിലും ബൗളർമാർക്ക് സ്വാധീനമുള്ള പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് പ്രസിദ്ധ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പര‍യിൽ മറ്റു ബൗളർമാർ ഒരുപാട് റൺ‌സ് വഴങ്ങിയപ്പോൾ 5.86 ബൗളിങ് എക്കണോമിയിൽ 5 വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി 30 ഏകദിന മത്സരങ്ങൾ കളിച്ച താരം ഇതിനോടകം 53 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.