ബംഗളൂരു: ബാങ്കോക്കില്‍ 12ന് ആരംഭിക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സംഘം ഇന്നലെ പുറപ്പെട്ടു. ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി നടക്കുന്ന അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. മൂന്നു ബാച്ചുകളായാണ് 54 അംഗ ഇന്ത്യന്‍ സംഘം പുറപ്പെടുന്നത്.
ഷോട്ട്പുട്ടില്‍ ഏഷ്യന്‍ റെക്കോഡ് താരം തജീന്ദര്‍ പാല് സിങ് ടൂര്‍, മലയാളികളുടെ പ്രിയ ലോങ് ജംപ് താരം എം. ശ്രീശങ്കര്‍, ഹര്‍ഡില്‍സിലെ വിസ്മയതാരം ജ്യോതി യാരാജി, അഞ്ജുബോബി ജോര്‍ജിന്റെയും ബോബി ജോര്‍ജിന്റെയും പ്രിയ ശിഷ്യ ഷൈലി സിങ് തുടങ്ങിയവരാണ് ഇന്ത്യന്‍ നിരയിലെ സുവര്‍ണപ്രതീക്ഷകള്‍.
അതേസമയം, ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലെ അവിനാശ് സാബ്ലെ എന്നിവര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല. ഇരുവരും ലോകചാംപ്യന്‍ഷിപ്പ് ലക്ഷ്യമാക്കി വിദേശത്ത് പരിശീലനത്തിലാണ്. ടീമില്‍ 28 പുരുഷന്മാരും 26 വനിതകളുമാണുള്ളത്. ഫെഡറേഷന് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിനെ അത്ലറ്റിക്സ് ഫെഡഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുത്തത്.
ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ചീഫ് അത്ലറ്റിക്സ് കോച്ച് രാധാകൃഷ്ണന് നായര്‍ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ടൂറിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21.77 മീറ്ററാണ് സീസണില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 2019 പതിപ്പില്‍ 20.22 മീറ്റര്‍ എറിഞ്ഞാണ് തജീന്ദര്‍ സിങ് സ്വര്‍ണം നേടിയത്.
അതിനുശേഷം ടൂര്‍ കൂടുതല്‍ അനുഭവപരിചയം നേടി, നിലവില്‍ കോണ്ടിനെന്റല് ലെവലില്‍ (21.77 മീറ്റര്‍) മുന്‍നിര ഷോട്ട്പുട്ടറാണ്. ''പരിശീലനം പ്രതീക്ഷിച്ച രീതിയിലാണ്. ബാങ്കോക്കില്‍ എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഷോട്ട്പുട്ടിലെ ദേശീയ റെക്കോര്‍ഡ് ഉടമ പറഞ്ഞു. പുരുഷന്മാരുടെ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് എന്നിവയിലും ഇന്ത്യ സ്വര്‍ണം പ്രതതീക്ഷിക്കുന്നുണ്ട്.
രാജ്യാന്തര ജാവലിന്‍ ത്രോ താരം രോഹിത് യാദവ്, ഡി.പി. മനു, മുരളി ശ്രീശങ്കര്‍, ട്രിപ്പിള്‍ ജംപര്‍മാരായ പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരും മെഡല്‍ പ്രതീക്ഷയിലാണ്. മധ്യ, ദീര്‍ഘദൂര ഓട്ടക്കാര്‍ക്കും (800 മീറ്റര്‍, 1500 മീറ്റര്‍, 5000 മീറ്റര്‍) ബാങ്കോക്കില്‍ മെഡല്‍ നേടാനുള്ള നല്ല അവസരമുണ്ട്,'ഡെക്കാത്തലണ്‍ (തേജസ്വിന് ശങ്കര്‍) ഇത്തവണയും മെഡല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. - ''രാധാകൃഷ്ണന് നായര്‍ കൂട്ടിച്ചേര്‍ത്തു. വനിതകളുടെ ട്രാക്ക് റേസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍, 800 മീറ്റര്‍, 5000 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ആന്ധ്രാപ്രദേശിന്റെ അന്താരാഷ്ട്ര 100 മീറ്റര്‍ ഹര്‍ഡില്‍സ് സ്പെഷ്യലിസ്റ്റ് ജ്യോതി യാരാജി ബാങ്കോക്കില്‍ അരങ്ങേറ്റം കുറിക്കും. ഈ സീസണില്‍ രണ്ട് തവണ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13 സെക്കന്‍ഡിന് താഴെയുള്ള പ്രകടനം ജ്യോതി കാഴ്ചവച്ചിരുന്നു. 200 മീറ്റര്‍ ഇനത്തിലും ജ്യോതി മത്സരിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ ജേതാവായ അന്നു റാണി മെഡല്‍ പ്രതീകിഷയാണ്. ദോഹയില്‍ അവര്‍ വെള്ളി നേടിയിരുന്നു.
സ്വപ്ന ബര്മന് (ഹെപ്റ്റാത്തലണ്‍), ഷൈലി സിംഗ്, ആന്‍സി സോജന് (ഇരുവരും ലോംഗ് ജംപ്) എന്നിവരാണ് ബാങ്കോക്കില്‍ മെഡല്‍ നേടാന്‍ നല്ല സാധ്യതയുള്ള മറ്റ് അത്ലറ്റുകള്. തായ്ലന്ഡില് പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയിലും മിക്സഡ് 4-400 മീറ്റര്‍ റിലേയിലും മെഡലുകള്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദോഹയില്‍ നടന്ന 2019 എഡിഷനില്‍ 16 മെഡലുകളും രണ്ട് സ്വര്‍ണവും ഏഴ് വെള്ളിയും തുല്യമായ വെങ്കലവുമായി ഇന്ത്യന്‍ സംഘം മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ബഹ്റൈന്‍, ചൈന, ജപ്പാന്, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതത്. 2021ല്‍ നടക്കകേണ്ട ചാംപ്ന്ഷിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.