PT Usha 
Sports

ഐഒഎ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് പി.ടി. ഉഷ; അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

എസ്ഒഎം തെരഞ്ഞെടുപ്പിലാണ് പി.ടി. ഉഷയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു

Namitha Mohanan

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള (ഐഒഎ) എസ്ഒഎം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി പി.ടി. ഉഷ. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചു.

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പുലർത്തിയില്ലെന്നും നടപടികളിൽ പൂർണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ കത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ ആവശ്യം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ സ്പോർട്സ് പേഴ്സൺസ് ഒഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎംഎസ്) തെരഞ്ഞെടുപ്പിലാണ് പി.ടി. ഉഷയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. അസോസിയേഷനിലെ നാലു സ്ഥാനങ്ങളിലേക്കായി നടന്ന വോട്ടെടുപ്പിൽ ആറു മുൻതാരങ്ങളാണ് മത്സരിച്ചിരുന്നത്.

സൈന നെഹ്‌വാൾ, റാണി റാംപാൽ, അഞ്ജു ബോബി ജോർജ് , ഡോള ബാനർജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിൽ അസോസിയേഷൻ അധ്യക്ഷയായ പി.ടി. ഉഷയും അനിത പോൾ ദുരൈയുമാണ് പരാജയപ്പെട്ട മത്സരാർഥികൾ. ഓൺലൈനായാണ് വോട്ടിങ് നടത്തിയത്. വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ അസോസിയേഷൻ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനുള്ള യോഗ്യത പി.ടി. ഉഷയ്ക്ക് നഷ്ടപ്പെട്ടു.